പാശ്ചാത്യ ഉത്സവം വേണ്ട; ചൈനയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്കിയ ഉത്തരവ് പുറത്ത്

പാശ്ചാത്യ ഉത്സവം വേണ്ട; ചൈനയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്കിയ ഉത്തരവ് പുറത്ത്

ബീജിങ്: ക്രിസ്മസ് ആഘോഷിക്കരുതെന്ന് ജനങ്ങളോട് ഉത്തരവിട്ട് ചൈനീസ് പ്രവിശ്യ ഭരണകൂടം. ചൈനയിലെ സ്വയം ഭരണപ്രദേശത്ത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രഹസ്യ സര്‍ക്കുലറിലാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. അതേസമയം, ഇക്കാര്യം ചൈനീസ് ഭരണകൂടം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. ചൈനയിലെ മറ്റിടങ്ങളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളെ ഇത് ബാധിച്ചിട്ടില്ല.

ഡിസംബര്‍ 20-ന് ഗ്വാങ്സി ഷുവാങ് സ്വയംഭരണ മേഖലയിലെ നഗരത്തിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രഹസ്യ രേഖയാണ് പുറത്തുവന്നത്. 'പരമ്പരാഗത ചൈനീസ് സംസ്‌കാരം പ്രചരിപ്പിക്കുക, പാശ്ചാത്യ ഉത്സവങ്ങള്‍ നിരോധിക്കുക' എന്ന തലക്കെട്ടിലുള്ള രേഖയാണ് പ്രചരിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം ക്രിസ്മസ് ആഘോഷം നിയന്ത്രിക്കണമെന്ന് ചൈന ഔദ്യോഗികമായി പറഞ്ഞിരുന്നു. അതിനിടെയാണ്, ചൈനീസ് സംസ്‌കാരത്തെ തകര്‍ക്കുന്നുവെന്ന കാരണം പറഞ്ഞ് ക്രിസ്മസ് ആഘോഷം നിയന്ത്രിക്കണമെന്ന രഹസ്യ ഉത്തരവ് പുറത്തുവന്നത്.

പാശ്ചാത്യരാജ്യങ്ങളും പാശ്ചാത്യ കമ്പനികളുമാണ് പാശ്ചാത്യമായ ഇത്തരം ആഘോഷങ്ങള്‍ പ്രചരിപ്പിക്കുന്നത്. തങ്ങളുടെ മൂല്യങ്ങളും ജീവിതരീതികളും ചൈനയില്‍ പ്രചരിപ്പിക്കാന്‍ ചില രാജ്യങ്ങള്‍ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നു. ഇത് നമ്മുടെ യുവാക്കളെ ആകര്‍ഷിക്കുന്നു. ചിലര്‍ ബിസിനസിന് വേണ്ടിയും ഇത് തുടരുന്നു. ഇത് നമ്മുടെ പരമ്പരാഗത സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. ക്രിസ്മസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ വകുപ്പ് വിലക്കിയിട്ടുണ്ട്.

ആരെങ്കിലും ക്രിസ്മസ് പരിപാടികള്‍ സംഘടിപ്പിച്ചാല്‍ അധികാരികളെ അറിയിക്കുന്നതിനും പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുമായി സ്‌പെഷ്യല്‍ ഓഫീസറെയും വകുപ്പ് നിയോഗിച്ചിട്ടുണ്ട്. പള്ളികളില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആഘോഷങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് രേഖയില്‍ പറയുന്നു. പാശ്ചാത്യ സംസ്‌കാരം, ഉത്സവങ്ങള്‍ എന്നിവ ആഘോഷിക്കുന്നത് കര്‍ശനമായി തടയാന്‍ ശ്രമമുണ്ടാകുമെന്നും മനുഷ്യാവകാശങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മാസികയായ ബിറ്റര്‍ വിന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.