ഒമിക്രോണ്‍ ഉള്‍പ്പെടെ ഏത് വകഭേദത്തെയും തുരത്തുന്ന ആന്റിബോഡി കണ്ടെത്തിയതായി ഗവേഷക സംഘം

 ഒമിക്രോണ്‍ ഉള്‍പ്പെടെ ഏത് വകഭേദത്തെയും തുരത്തുന്ന ആന്റിബോഡി കണ്ടെത്തിയതായി ഗവേഷക സംഘം


വാഷിംഗ്ടണ്‍ : ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ കോവിഡ് വകഭേദങ്ങളേയും നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ആന്റിബോഡി കണ്ടെത്തിയതായി അവകാശപ്പെട്ട് ഗവേഷക സംഘം. വൈറസിന് മ്യൂട്ടേഷന്‍ സംഭവിക്കുമ്പോഴും മാറ്റമില്ലാതെ നിലനില്‍ക്കുന്ന സ്പൈക്ക് പ്രോട്ടീനില്‍ ചേക്കേറി പ്രവര്‍ത്തിക്കാനാകുന്നതിനാലാണ് ഈ ആന്റിബോഡികള്‍ക്ക് ഏത് വകഭേദത്തെയും ചെറുക്കാനാകുന്നതെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌പൈക്ക് പ്രോട്ടീനിലെ ഈ 'വിശാലമായ ന്യൂട്രലൈസിംഗ്' ആന്റിബോഡികളുടെ ഗുണദോഷങ്ങള്‍ വ്യതിരിക്തമാകുന്നതിലൂടെ, ഒമിക്രോണിനു പിന്നാലെ ഭാവിയില്‍ ഉയര്‍ന്നുവന്നേക്കാവുന്ന മറ്റ് വകഭേദങ്ങള്‍ക്കെതിരെയും ഫലപ്രദമാകുന്ന വാക്‌സിനുകളും ആന്റിബോഡി ചികിത്സകളും രൂപകല്‍പ്പന ചെയ്യാന്‍ കഴിയുമെന്ന് ഹോവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടിയുള്ള ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന സിയാറ്റിലിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ബയോകെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറായ ഡേവിഡ് വീസ്ലര്‍ പറഞ്ഞു.സ്പൈക്ക് പ്രോട്ടീനിലെ സംരക്ഷിത ഇടങ്ങള്‍ കണ്ടെത്തി ആന്റിബോഡിയെ പ്രതിഷ്ഠിക്കുകയെന്ന ദൗത്യത്തിലൂന്നിയുള്ള തുടര്‍ ഗവേഷണം പുരോഗമിക്കുന്നു.

സ്വിറ്റ്സര്‍ലന്‍ഡിലെ വിര്‍ ബയോടെക്നോളജിയിലെ ഹുമാബ്സ് ബയോമെഡ് എസ്എയുടെ ഡേവിഡ് കോര്‍ട്ടിയുമായി ചേര്‍ന്നാണ്് വീസ്ലര്‍ ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പഠനത്തിന്റെ കണ്ടെത്തലുകള്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. എലിസബെറ്റ കാമറോണി, ക്രിസ്റ്റ്യന്‍ സലിബ (ഹുമാബ്‌സ്), ജോണ്‍ ഇ. ബോവന്‍ (യുഡബ്ല്യു ബയോകെമിസ്ട്രി), ലോറ റോസന്‍ (വീര്‍) എന്നിവരാണ് പഠന പ്രബന്ധത്തിന്റെ പ്രധാന രചയിതാക്കള്‍.

മുന്‍പ് രോഗം ബാധിച്ചവരിലുള്ള ആന്റിബോഡികള്‍ക്ക് ഒമിക്രോണ്‍ വൈറസിനെ ചെറുക്കാനുള്ള കഴിവില്ലെന്ന് പഠനത്തില്‍ പറയുന്നു. സിനോഫോം , സ്പുട്നിക് വി, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിനുകളെടുത്തവരുടെ സ്ഥിതിയും ഇതുതന്നെ. അതേസമയം,
മൊഡേണ, ഫൈസര്‍, അസ്ട്രാസെനക വാക്സിന്‍ രണ്ട് ഡോസുകള്‍ സ്വീകരിച്ചവരില്‍ 20-40 വരെ പ്രതിരോധ ഫലപ്രാപ്തി കണ്ടുവരുന്നുണ്ട്. ഈ വാക്സിനുകളുടെ മൂന്നാം ഡോസ് എടുത്തവരില്‍ ഒമിക്രോണ്‍ വൈറസിനെതിരെ കുറച്ചു കൂടി ഫലപ്രാപ്തി കണ്ടു വരുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.