സഭയ്ക്ക് സമാധാനത്തിന്റെ പുതുയുഗം വാഗ്ദാനം ചെയ്ത വിശുദ്ധ സില്‍വെസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പ

സഭയ്ക്ക് സമാധാനത്തിന്റെ പുതുയുഗം വാഗ്ദാനം ചെയ്ത വിശുദ്ധ സില്‍വെസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പ

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 31

റോമില്‍ ജനിച്ച സില്‍വെസ്റ്റര്‍ 314 ജനുവരി 31 ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. കിരീടം ധരിക്കുന്ന ആദ്യത്തെ മാര്‍പാപ്പായാണ് സില്‍വസ്റ്റര്‍ ഒന്നാമന്‍.

അദ്ദേഹം നിഖ്യായില്‍ ആദ്യത്തെ കോണ്‍സ്റ്റന്റയിന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ സൂനഹദോസ് വിളിച്ചുകൂട്ടി. ഇവിടെ വച്ചാണ് 'വിശ്വാസ പ്രമാണം' ആദ്യഭാഗം പ്രസിദ്ധീകരിച്ചത്. കര്‍ത്താവിന്റെ ഉയര്‍പ്പിന്റെ ഓര്‍മ്മയ്ക്കായി ഞായറാഴ്ച അവധി ദിവസമായി ആചരിക്കുന്നതിനും വ്യവസ്ഥ ചെയ്തു. വിശുദ്ധ കുരിശിലെ ആണി ഉപയോഗിച്ച് ഇരുമ്പു കിരീടം നിര്‍മ്മിച്ചത് സില്‍വസ്റ്റര്‍ ഒന്നാമന്‍ പാപ്പയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഇരുപത്തൊന്ന് വര്‍ഷവും 11 മാസവും അദ്ദേഹം തിരുസഭയെ നയിച്ചു. സഭയില്‍ അച്ചടക്കം കൊണ്ടു വരികയും നാസ്തികത്വത്തിനെതിരേയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്ത പാപ്പ നിഖ്യാ സമിതിയില്‍ പങ്കെടുക്കുകയും ആദ്യത്തെ എക്യുമെനിക്കല്‍ സമിതിയില്‍ തന്റെ പ്രതിനിധികളെ അയക്കുകയും ചെയ്തു.

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി സഭാ സംരക്ഷകനാകുന്ന സന്ദര്‍ഭവും ഈ കാലത്തുണ്ടായി. ക്രിസ്തു മതത്തില്‍ ഐക്യവും പുതുജീവനും പകര്‍ന്നത് അദ്ദേഹമാണ്. അദ്ദേഹം ഒരു ക്രിസ്ത്യാനിയെപ്പോലെ വര്‍ത്തിച്ചു. എന്നാല്‍ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. മരണാസന്നനായപ്പോഴാണ് എവുസേബിയൂസ് മെത്രാന്‍ 337 ല്‍ അദ്ദേഹത്തിന് ജ്ഞാനസ്നാനം നല്‍കിയത്.

സില്‍വെസ്റ്റര്‍ ഒന്നാമന്റെ ഭരണ കാലത്താണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ റോമില്‍ പ്രശസ്തമായ പല ദേവാലയങ്ങളും സ്ഥാപിതമായത്. ബസലിക്കയും അതിന്റെ ജ്ഞാനസ്‌നാന പീഠവും, സെസോറിയന്‍ കൊട്ടാരത്തിലെ ബസലിക്ക (Santa Croce) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയം തുടങ്ങിയവ ഇതില്‍പ്പെടുന്നു.

ആര്യനിസത്തിന്റെ ഉപജ്ഞാതാവ് അലക്സാണ്‍ഡ്രിയായിലെ ആരിയൂസ് എന്ന പുരോഹിതനായിരുന്നു. പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള പാരമ്പര്യ വിശ്വാസത്തെ അദ്ദേഹം എതിര്‍ത്തു. അദ്ദേഹത്തിന്റെ വാദം, 'പുത്രന്‍ പിതാവിന് വിധേയനും പിതാവിന്റെ സത്തയില്‍ നിന്നും വ്യത്യസ്തനും കുറഞ്ഞവനുമാണ് എന്നായിരുന്നു. ആരിയൂസിന്റെ വാക്ധോരണിയില്‍ ആകൃഷ്ടരായ അനേകം വൈദികരും പല മെത്രാന്മാരും ഈ പഠനങ്ങള്‍ ശരിയാണെന്നു വാദിച്ചു.

ദൈവശാസ്ത്ര പരമായ ഈ വാദ കോലാഹലങ്ങള്‍ സഭയില്‍ രണ്ടു ചേരികളെ സൃഷ്ടിച്ചു. ഇതില്‍ അസ്വസ്ഥനായ ചക്രവര്‍ത്തി, സഭാ സംരക്ഷകന്‍ എന്ന സ്ഥാനം സ്വയം ഏറ്റെടുത്തുകൊണ്ട് സഭയിലെ ആദ്യത്തെ സാര്‍വ്വത്രിക സൂനഹദോസ് 325 ല്‍ നിഖ്യായില്‍ വിളിച്ചുകൂട്ടി. 314 മെത്രാന്മാര്‍ ഇതില്‍ പങ്കെടുത്തു.

'സഭയില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകളെ ഞാന്‍ യുദ്ധത്തേക്കാള്‍ ഭയപ്പെടുന്നു. ഭീതിദായകവും വേദനാജനകവുമാണത്' എന്നാണ് കൗണ്‍സിലില്‍ സംബന്ധിക്കാനെത്തിയ മെത്രാന്മാരോട് മാര്‍പാപ്പാ അറിയിച്ചത് തിരുസഭയ്ക്ക് സമാധാനത്തിന്റെ ഒരു പുതിയ യുഗം ഈ അദ്ദേഹം വാഗ്ദാനം ചെയ്തു.

സഭയില്‍ ഐക്യം പുനസ്ഥാപിക്കുവാന്‍ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു. 325 ല്‍ സമ്മേളിച്ച നിഖ്യാ സൂനഹദോസ് മെയ് ഒന്നു മുതല്‍ ഓഗസ്റ്റ് വരെ നീണ്ടു. ഈ സൂനഹദോസ് നല്‍കിയ മഹത്തായ സംഭാവനയാണ് വിശ്വാസ പ്രമാണവും ആര്യനിസത്തെ ശപിച്ചുകൊണ്ടുള്ള പ്രഖ്യാപനവും.

കൗണ്‍സില്‍ സമ്മേളിച്ച് പതിനൊന്നു വര്‍ഷം കഴിഞ്ഞ് സില്‍വെസ്റ്റര്‍ ഒന്നാമന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. റോമന്‍ സംഗീത സ്്കൂള്‍ ഇദ്ദേഹമാണ് സ്ഥാപിച്ചത്. വിശുദ്ധ പ്രിസില്ലയുടെ കല്ലറക്ക് മുകളില്‍ അദ്ദേഹം ഒരു സെമിത്തേരി പള്ളി പണിതിരുന്നു. 335 ഡിസംബര്‍ 31 ന് മരണമടയുമ്പോള്‍ വിശുദ്ധ സില്‍വെസ്റ്റര്‍ ഒന്നാമനെ ഈ പള്ളിയിലാണ് അടക്കം ചെയ്തത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. രക്തസാക്ഷിയായ ഹെര്‍മെസ്

2. ബെല്‍ജിയത്തിലെ വാലെമ്പര്‍ട്ട്

3. സ്പാനിഷ് പെണ്‍കുട്ടിയായ സെന്‍സിലെ കൊളുമ്പാ

4. അന്തിയോക്യയില്‍ നിന്ന് റോമയില്‍ താമസമാക്കിയ ബാര്‍ബേഷ്യല്‍

5. റോമന്‍ വനിതയായ മേലാനിയാ ജൂനിയറും അവളുടെ ഭര്‍ത്താവ് പിനിയനും

6.റോമന്‍ രക്തസാക്ഷികളായ ദെണാത്താ, പൗളിനാ, റുസ്റ്റിക്കാ, നോമിനാന്താ, സെറോത്തിനാ, ഹിലാരിയാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.