ജോണ്‍ നോയിമന്‍: വടക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യ വിശുദ്ധന്‍

ജോണ്‍ നോയിമന്‍: വടക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യ വിശുദ്ധന്‍

അനുദിന വിശുദ്ധര്‍ - ജനുവരി 05

റോമന്‍ കത്തോലിക്കാ സഭാംഗവും വടക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യ വിശുദ്ധനുമാണ് ജോണ്‍ നോയിമന്‍. 1811 മാര്‍ച്ച് 28 ന് ബൊഹേമിയയിലെ പ്രചാറ്റിറ്റ്‌സ് ഗ്രാമത്തിലുള്ള ഒരു കാലുറ നെയ്ത്തുകാരന്റെ ആറു മക്കളില്‍ ഒരാളായാണ് ജോണ്‍ നോയിമന്റെ ജനനം.

സ്വന്തം നാട്ടില്‍ തന്നെ സെമിനാരിയില്‍ ചേര്‍ന്ന് വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെങ്കിലും ആവശ്യത്തിനു മാത്രം വൈദികര്‍ രൂപതയിലുണ്ടെന്ന കാരണത്താല്‍ അവിടുത്തെ മെത്രാന്‍ അദ്ദേഹത്തിന് പട്ടം നല്‍കിയില്ല.1835 ല്‍ ജോണ്‍ ന്യൂയോര്‍ക്കിലെത്തി. ഒരു ഡോളറാണ് അപ്പോള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത്. കരുണാനിധിയായ ഒരു വൈദികന്‍ ജോണിനെ സഹായിച്ചു.

അദ്ദേഹം ജോണിനെ ന്യൂയോര്‍ക്ക് മെത്രാപ്പോലീത്തായുടെ അടുക്കലേക്ക് കൊണ്ടുപോവുകയും വേണ്ട പരിശോധനകള്‍ നടത്തിയ ശേഷം മെത്രാന്‍ അദ്ദേഹത്തെ പുരോഹിതനായി അഭിഷേകം ചെയ്യുകയും ചെയ്തു. നയാഗ്രാ പ്രദേശങ്ങളില്‍ ഫാദര്‍ ജോണ്‍ ത്യാഗപൂര്‍വ്വം സേവനം ചെയ്തു. അവിടെ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും കാല്‍നടയായി വളരെയേറെ യാത്ര ചെയ്ത് തന്റെ അജഗണങ്ങളെ അദ്ദേഹം സന്ദര്‍ശിച്ചു.

1852 ല്‍ ഫാദര്‍ ജോണിനെ ഫിലാഡള്‍ഫിയ മെത്രാനാക്കി. മെത്രാനായതിനുശേഷം കത്തോലിക്കാ സ്‌കൂളുകളും വേദോപദേശ ക്ലാസുകളും അദ്ദേഹം ക്രമപ്പെടുത്തി. നാല്‍പതുമണി ആരാധന ആദ്യമായി അദ്ദേഹം അമേരിക്കയില്‍ ആരംഭിച്ചു.

ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കായി അമേരിക്കയിലെ ആദ്യത്തെ ദേവാലയം നിര്‍മ്മിച്ചതും അദ്ദേഹമാണ്. വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയിലെ ഗ്ലെന്‍ റിഡിള്‍ സന്യാസിനീ വിഭാഗത്തിന്റെ സ്ഥാപകനും വിശുദ്ധ ജോണ്‍ നോയിമനാണ്.

രോഗികളോട് താല്‍പര്യവും ദരിദ്രരോട് അനുകമ്പയും പാപികളോട് സ്‌നേഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ക്ലേശകരമായ ജോലികളാല്‍ ക്ഷീണിതനായി ഫിലാഡെല്‍ഫിയായിലെ റോഡില്‍ക്കൂടി നടക്കുമ്പോള്‍ 1860 ജനുവരി അഞ്ചിന് ജോണ്‍ നോയിമന്‍ പെട്ടെന്ന് ബോധം കെട്ടു വീഴുകയും വഴിയില്‍ വച്ചു തന്നെ മരണമടയുകയും ചെയ്തു.

ഫിലാഡെല്‍ഫിയായിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലെ താഴത്തേ പള്ളിയുടെ അള്‍ത്താരയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. 1963 ഒക്ടോബര്‍ 13 ന് പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും 1977 ജൂണ്‍ 19 ന് വിശുദ്ധനായും പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഐറിഷ് മഠാധിപയായ ചേരാ

2. ബ്രിട്ടനിലെ കോണ്‍ വോയോണ്‍

3. റോമന്‍ വനിതയായ എമീലിയാനാ

4. അപ്പോളിനാരിസു സിന്‍ക്ക്‌ലെത്തിക്കാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26