വൃക്കദാനം ചെയ്തിട്ട് മൂന്നു മാസം. ഒന്നരമാസത്തിനു ശേഷം ഡോക്ടറെ കാണാൻ ആശുപത്രിയിലെത്തി. സർജറി നടത്തിയ ഡോക്ടർ കൃഷ്ണമൂർത്തി രക്ത റിപ്പോർട്ടുകൾ പരിശോധിച്ച് ആശ്രമത്തിലേക്ക് മടങ്ങാൻ അനുമതി നൽകി. അദ്ദേഹത്തോട് ഞാൻ പറഞ്ഞു:"എങ്ങനെ അങ്ങയോട് നന്ദി പറയണമെന്നറിഞ്ഞുകൂടാ. മണിക്കൂറുകൾ നീണ്ടു നിന്ന സർജറി ഒത്തിരി ക്ഷമയോടെ നിറവേറ്റിയതിന് ദൈവം സാറിനെ അനുഗ്രഹിക്കട്ടെ. സാറിനെ എന്നും ദിവ്യബലിയിൽ ഓർത്ത് പ്രാർത്ഥിക്കുന്നുണ്ട് ...." "പ്രാർത്ഥന മാത്രം മതി അച്ചാ.അത് ധാരാളം ആവശ്യമുണ്ട്. അച്ചനെയും ദൈവം അനുഗ്രഹിക്കട്ടെ." ഇത്രയും പറഞ്ഞ് അദ്ദേഹം കരങ്ങൾ കൂപ്പി എന്റെ മുമ്പിൽ എഴുന്നേറ്റു നിന്നു.
സമാനമായ അനുഭവമാണ് അവിടുത്തെ വൃക്കരോഗ വിദഗ്ദരായ ഡോക്ടർ ബിനു ഉപേന്ദ്രയിൽ നിന്നും ഡോക്ടർ പൊന്നൂസിൽ നിന്നും ഉണ്ടായത്. അവരും എഴുന്നേറ്റ് നിന്ന് കരങ്ങൾ കൂപ്പിയപ്പോൾ ......അവർക്കുമുമ്പിൽ എന്റെയും കരങ്ങൾ കൂപ്പപ്പെട്ടു. ഞാൻ സ്വയം ചെറുതായി! നമ്മൾ വലിയവരായി കാണുന്ന വ്യക്തികൾ നമ്മെ ആദരിക്കുമ്പോൾ സ്വർഗ്ഗം ഭൂമിയിൽ അവതരിക്കുകയാണ്
ചെയ്യുന്നത്. സത്യത്തിൽ ഒരാളെ വലിയവനാക്കുന്നത് അയാളുടെ പദവിയോ സ്ഥാനമാനങ്ങളോ അല്ല മറിച്ച്, തന്നേക്കാൾ താഴ്ന്നവരോട് അയാൾ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ്.
ഇവിടെയാണ് ജോർദ്ദാൻ നദിയിലെ ക്രിസ്തുവിന്റെ മാമ്മോദീസ ധ്യാനവിഷയമാകുന്നത്. തനിക്ക് വഴിയൊരുക്കാൻ വന്ന സ്നാപകനു മുമ്പിൽ ക്രിസ്തു ശിരസു നമിക്കുമ്പോൾ സ്വർഗ്ഗം തുറക്കപ്പെടുന്നു. പരിശുദ്ധാത്മാവ് മാടപ്രാവിൻ രൂപത്തിൽ ആവസിക്കുന്നു. വാനമേഘങ്ങളിൽ ദൈവസ്വരം മുഴങ്ങുന്നു: "നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" (മര്‍ക്കോസ് 1 : 11).
എപ്പോഴെല്ലാം ഒരുവൻ സ്വയം എളിമപ്പെടുന്നുവോ അപ്പോഴൊക്കെ സ്വർഗ്ഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് ആവസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സ്വയം എളിമപ്പെട്ട് സ്വർഗ്ഗം തുറക്കുന്നവരാകാൻ നമുക്ക് പരിശ്രമിക്കാം.
ദനഹാതിരുന്നാൾ മംഗളങ്ങൾ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26