വി. യൗസേപ്പിതാവ് പിതൃത്വത്തിന്റെ മഹനീയ മാതൃക; വളര്‍ത്തുമൃഗങ്ങളെ മക്കള്‍ക്കു പകരം വയ്ക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പ

വി. യൗസേപ്പിതാവ്  പിതൃത്വത്തിന്റെ മഹനീയ മാതൃക;  വളര്‍ത്തുമൃഗങ്ങളെ മക്കള്‍ക്കു പകരം വയ്ക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവ് പിതൃത്വത്തിന്റെ മഹനീയ മാതൃകയാണ് കാട്ടിത്തന്നതെന്നു ഫ്രാന്‍സിസ് പാപ്പ. ജീവശാസ്ത്രപരമായിട്ടല്ല മറിച്ച് യേശുവിന്റെ വളര്‍ത്തു പിതാവായാണ് വിശുദ്ധ യൗസേപ്പിനെ ബൈബിളില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ദത്തെടുക്കല്‍ സ്‌നേഹത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പരമോന്നത മാതൃകയാണു കാട്ടുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്ക് പകരം വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താന്‍ തീരുമാനിക്കുന്ന ദമ്പതികളുടെ പ്രവൃത്തിയില്‍ ഫ്രാന്‍സിസ് പാപ്പ ആശങ്ക പ്രകടിപ്പിച്ചു. പുതുവത്സരത്തിലെ ആദ്യ ബുധനാഴ്ച ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുദര്‍ശന പരിപാടിയില്‍ യേശുവിന്റെ പിതാവായ വിശുദ്ധ ജോസഫിനെപ്പറ്റി സംസാരിക്കുമ്പോഴാണ് മാര്‍പാപ്പ മാതാപിതാക്കളെപ്പറ്റി ആശങ്കപ്പെട്ടത്.

യേശുവിനെ സ്‌നേഹത്തിന്റെ പരമോന്നതിയിലേക്കു വളര്‍ത്തിയ ജോസഫിന്റെ തീരുമാനത്തെ പുകഴ്ത്തിയ അദ്ദേഹം വി ജോസഫിനെ എല്ലാവരും മാതൃകയാക്കണമെന്നും ആവശ്യപ്പെട്ടു. ജീവശാസ്ത്രപരമായി മക്കളില്ലാത്ത ദമ്പതികള്‍ അനാഥരായ കുട്ടികളെ ദത്തെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഒരു കുട്ടിയെ ലോകത്തിലേക്ക് കൊണ്ടുവന്നതിലൂടെയല്ല ഒരു മനുഷ്യന്‍ പിതാവാകുന്നത്. മറിച്ച് ആ കുട്ടിയെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെയാണ്. ഒരു മനുഷ്യന്‍ മറ്റൊരാളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴെല്ലാം, അയാള്‍ ആ വ്യക്തിക്ക് പിതാവായി മാറുന്നു.

'മക്കള്‍ വേണ്ടെന്നു വയ്ക്കുന്ന ദമ്പതികളെ നാം കണ്ടിട്ടുണ്ട്. ഒരു കുട്ടി മാത്രമുള്ളവരും കുട്ടികളില്ലാത്തവരും ഉണ്ട്. ചില ദമ്പതികള്‍ക്കു കുട്ടികളില്ലാത്തത് അവര്‍ വേണ്ടെന്നു വെച്ചിട്ടാണ്; അല്ലെങ്കില്‍ ഒരു കുട്ടി മാത്രം മതിയെന്ന് അവര്‍ തീരുമാനിക്കുന്നു. എന്നാല്‍ അവര്‍ക്കൊക്കെ രണ്ട് പട്ടികളും രണ്ട് പൂച്ചകളുമുണ്ട്. അതെ, പട്ടികളും പൂച്ചകളും മക്കളുടെ സ്ഥാനം കൈയ്യടക്കുകയാണ്. ഇത് കേള്‍ക്കുന്നയാളുകളെ ചിരിപ്പിച്ചേക്കാം. എന്നാലും ഇതൊരു യാഥാര്‍ത്ഥ്യമാണ്-മാര്‍പാപ്പ പറഞ്ഞു.

'മക്കള്‍ വേണ്ടെന്നു സ്വയം തീരുമാനിക്കുന്ന ദമ്പതികള്‍ മനുഷ്യരാശിയെയും സംസ്‌കാരത്തെയും തകര്‍ക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പ ആശങ്കപ്പെട്ടു. അമ്മയോ അച്ഛനോ ആകേണ്ടതില്ല എന്ന തീരുമാനം നമ്മളെ തന്നെ ചെറുതാക്കുകയാണ്. അതു നമ്മുടെ ഉള്ളിലെ മനുഷ്യത്വം നശിപ്പിക്കും. കാരണം ഇത് മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും സമ്പന്നതയാണ് ഇല്ലാതാക്കുന്നത്. കുട്ടികളില്ലാതെ വരുന്നതോടെ നമ്മുടെ മാതൃരാജ്യം ബുദ്ധിമുട്ടിലാകുയും ചെയ്യും-മാര്‍പാപ്പ പറഞ്ഞു.

ദത്തെടുക്കാന്‍ ആരെങ്കിലും വരുമെന്നു കരുതി എത്രയോ കുട്ടികളാണു കാത്തുനില്‍ക്കുന്നത്. എത്ര ദമ്പതികള്‍ അച്ഛനും അമ്മയും ആകാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ജൈവപരമായ കാരണങ്ങളാല്‍ അതിന് കഴിയുന്നില്ല. അവര്‍ ആരോരും ഇല്ലാത്തവര്‍ക്കായി തങ്ങളുടെ വാത്സല്യം പങ്കിടണം. ദത്തെടുക്കലിലൂടെയാണെങ്കിലും അല്ലെങ്കിലും കുട്ടികളെ വളര്‍ത്തുന്നത് പ്രയാസമുള്ള കാര്യമാണെന്നും എന്നാല്‍ കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തെക്കാള്‍ ഏറെ മെച്ചമാണ് ഇതെന്നും പാപ്പ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26