മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗങ്ങളില്‍ ജൈവ നൈതികത, വധശിക്ഷ നിര്‍ത്തലാക്കല്‍, ചെറുകിട ബിസിനസ് സംരംഭങ്ങള്‍...

മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗങ്ങളില്‍ ജൈവ നൈതികത, വധശിക്ഷ നിര്‍ത്തലാക്കല്‍, ചെറുകിട ബിസിനസ് സംരംഭങ്ങള്‍...

2022-ലെ ഓരോ മാസത്തേക്കും ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍കൂട്ടി നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. പൊന്തിഫിക്കല്‍ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി 2020 നവംബര്‍ 17-ന് മാര്‍പാപ്പ ഔദ്യോഗികമായി സ്ഥാപിച്ച വേള്‍ഡ് വൈഡ്  പ്രെയര്‍ നെറ്റ് വര്‍ക്കിനെയാണ് ഇതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

മാനവികതയെയും സഭാ ദൗത്യത്തെയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുതകുന്ന പ്രാര്‍ത്ഥനയിലും പ്രവര്‍ത്തനത്തിലും കത്തോലിക്കരെ ഭാഗഭാക്കാക്കുകയാണ് വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക് ലക്ഷ്യമിടുന്നത്. ഇതിനായി മുഴുവന്‍ സഭയുടെയും പിന്തുണ മാര്‍പാപ്പ തേടുന്നു പ്രാര്‍ത്ഥനാ നിയോഗങ്ങളിലേക്ക്. ലോകത്തോടുള്ള അനുകമ്പയുടെ ഈ ദൗത്യം ആലേഖനം ചെയ്തിരിക്കുന്നത് യേശുഹൃദയത്തിന്റെ ചലനാത്മകതയിലാണ്.
മുമ്പ് പ്രാര്‍ത്ഥനയുടെ അപ്പോസ്തല കൂട്ടായ്മ എന്നറിയപ്പെട്ടിരുന്ന ഈ ശൃംഖല 1844-ല്‍ ഫ്രാന്‍സിന്റെ തെക്ക് ഭാഗത്തുള്ള വാല്‍സില്‍ യുവ ജെസ്യൂട്ടുകളുടെ ഒരു പരിശീലന ഭവനത്തില്‍ ആണ് രൂപം കൊണ്ടത്. യുവ ജെസ്യൂട്ടുകളുടെ ആത്മീയ ഡയറക്ടര്‍  ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ഗൗട്രലറ്റ് കൊണ്ടുവന്നതായിരുന്നു ഈ ആശയം. ഈ ആത്മീയ ഉദ്യമത്തിന്റെ തീക്ഷ്ണത കത്തോലിക്കാ സഭയില്‍ ശക്തമായി. 1890-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ തന്റെ പ്രതിമാസ പ്രാര്‍ത്ഥനാ ഉദ്ദേശ്യങ്ങള്‍ ഈ അപ്പോസ്തല കൂട്ടായ്മയെ ഏല്‍പ്പിച്ചു.ശൃംഖല  വ്യാപിപ്പിക്കുന്നതിനുള്ള ദൗത്യവും ജെസ്യൂട്ടുകളെ ഏല്‍പ്പിച്ചു.തുടരര്‍ന്ന 1915-ല്‍, അതിന്റെ യുവജന വിഭാഗമായ യൂക്കറിസ്റ്റിക് ക്രുസേഡ് ജനിച്ചു. ഇന്നത് യൂക്കറിസ്റ്റിക് യൂത്ത് മൂവ്മെന്റ് എന്നറിയപ്പെടുന്നു.

2016-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനയുടെ  അപ്പോസ്തല കൂട്ടായ്മയെ 'മാര്‍പ്പാപ്പയുടെ വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക്' എന്ന് പുനര്‍നാമകരണം ചെയ്തു. 2018-ല്‍ അദ്ദേഹം അതിന് പൊന്തിഫിക്കല്‍ പദവിയിലേക്ക് നല്‍കി. 2020-ല്‍ കാനോനികവും നിയമപരവുമായ പദവിയുള്ള ഒരു വത്തിക്കാന്‍ ഫൗണ്ടേഷനാക്കി മാറ്റുകയും ചെയ്തു. വത്തിക്കാന്‍ സിറ്റി ആസ്ഥാനമായുള്ള ശൃംഖല ജെസ്യൂട്ടുകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
വര്‍ഷാവര്‍ഷം ഓരോ മാസവും പ്രത്യേക  പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ പാപ്പാ പങ്കവയ്ക്കാറുണ്ട്.  98 രാജ്യങ്ങളിലായി 35 ദശലക്ഷത്തിലധികം കത്തോലിക്കാ അംഗങ്ങളുമായി ഏറ്റവും സജീവമാണിപ്പോള്‍ മാര്‍പ്പാപ്പയുടെ വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക്. മാര്‍പ്പാപ്പയുടെ പ്രത്യേക വീഡിയോ വഴിയുള്ള പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗങ്ങളെ ഈ ശൃംഖല ജനപ്രിയമാക്കുന്നു.പരിശുദ്ധ പിതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം ലോകമെമ്പാടുമുള്ള ആളുകള്‍ ഈ പ്രധാന നിയോഗങ്ങള്‍ ഏറ്റെടുത്ത് പ്രാര്‍ത്ഥിക്കുന്നു.   മാസമാസമുള്ള നിയോഗങ്ങള്‍ക്ക് പുറമെ, കാലത്തിന്റെ ആവശ്യമനുസരിച്ച് ചില അടിയന്തിര ഘട്ടങ്ങളില്‍, പ്രത്യേക പ്രാര്‍ത്ഥന നിയോഗങ്ങളും പാപ്പാ കൂട്ടിച്ചേര്‍ക്കാറുണ്ട്.

മാര്‍പാപ്പയുടെ വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക് ആണ് ഈ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍  സമയാസമയം ലോകത്തെ അറിയിക്കുന്നത്. ദണ്ഡവിമോചനം ലഭിക്കാനായി നിവര്‍ത്തിക്കേണ്ട കാര്യങ്ങളില്‍ ഒന്ന് മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി  പ്രാര്‍ത്ഥിക്കണം എന്നതാണ്. നിയോഗം എന്താണ് എന്ന് പലരും സംശയം പ്രകടിപ്പിക്കാറുമുണ്ട്.2021ലെ എല്ലാ മാസത്തേയും മാര്‍പാപ്പയുടെ പ്രാത്ഥനാനിയോഗങ്ങള്‍ വത്തിക്കാന്‍ ന്യൂസ് അറിയിച്ചതനുസരിച്ച് സിന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.

2022ലെ ഓരോ മാസത്തേയും പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ താഴെക്കൊടുക്കുന്നു:

ജനുവരി
യഥാര്‍ത്ഥ മനുഷ്യ സാഹോദര്യത്തിന്:
മതപരമായ വിവേചനവും പീഡനവും അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന. മനുഷ്യകുടുംബത്തിലെ സഹോദരീസഹോദരന്മാരെന്ന നിലയിലുള്ള അവരുടെ സ്വന്തം അവകാശങ്ങളും അന്തസ്സും അംഗീകരിക്കപ്പെടട്ടെ.

ഫെബ്രുവരി
സമര്‍പ്പിത സഹോദരിമാര്‍ക്കായി:
സമര്‍പ്പിത  സ്ത്രീ സമൂഹത്തിലെ അംഗങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന. അവരുടെ ദൗത്യത്തിനും ധൈര്യത്തിനുമുള്ള നന്ദി പ്രകാശനം; ആനുകാലിക വെല്ലുവിളികള്‍ അഭിമുഖീകരിക്കാനുതകുന്ന പുതിയ പ്രതികരണങ്ങള്‍ കണ്ടെത്തുന്നത് തുടരാനാകണം അവര്‍ക്ക്.

മാര്‍ച്ച്
ജൈവ നൈതിക വെല്ലുവിളികളോടുള്ള ക്രിസ്ത്യന്‍ പ്രതികരണത്തിനായി:
പുതിയ ജൈവ നൈതിക വെല്ലുവിളികള്‍ നേരിടുന്ന ക്രിസ്ത്യാനികള്‍ക്കായുള്ള പ്രാര്‍ത്ഥന; പ്രാര്‍ത്ഥനയിലൂടെയും പ്രവര്‍ത്തനത്തിലൂടെയും എല്ലാ മനുഷ്യജീവന്റെയും അന്തസ്സ് സംരക്ഷിക്കാനാകണം.

ഏപ്രില്‍
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്:
രോഗികളെയും പ്രായമായവരെയും സേവിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള പ്രാര്‍ത്ഥന, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിലെ സേവനത്തിന്.   സര്‍ക്കാരുകളുടെയും പ്രാദേശിക സമൂഹങ്ങളുടെയും ഊറ്റമായ പിന്തുണ അവര്‍ക്കു വേണം.

മെയ്
വിശ്വാസം നിറഞ്ഞ യുവജനങ്ങള്‍ക്ക്:
പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ട എല്ലാ യുവജനങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന ;ശ്രവണ സന്നദ്ധതയും വിവേചനത്തിന്റെ ആഴവും വിശ്വാസം ജനിപ്പിക്കുന്ന ധൈര്യവും സേവനത്തിനുള്ള സമര്‍പ്പണവും കന്യകാ മേരിയുടെ ജീവിതത്തില്‍ നിന്നു പകര്‍ത്താനാകണം അവര്‍ക്ക്.

ജൂണ്‍
കുടുംബങ്ങള്‍ക്ക് :
ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന. ദൈനംദിന ജീവിതത്തില്‍ നിരുപാധികമായ സ്‌നേഹം ഉള്‍ക്കൊള്ളാനും  അനുഭവിക്കാനും വിശുദ്ധിയില്‍ മുന്നേറാനും കഴിയണം.


ജൂലൈ
വയോധിക ജനത്തിന്:
ഒരു ജനതയുടെ വേരുകളും ഓര്‍മ്മകളും പ്രതിനിധീകരിക്കുന്ന പ്രായമായവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. പ്രത്യാശയോടും ഉത്തരവാദിത്തത്തോടും കൂടി  ഭാവിയിലേക്ക് നോക്കാന്‍ അവരുടെ അനുഭവവും ജ്ഞാനവും യുവാക്കള്‍ക്കു സഹായകമാകണം.

ഓഗസ്റ്റ്
ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക്:
ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന. സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികള്‍ക്കിടയിലും, ആ സംരംഭങ്ങള്‍ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താനാകണം.

സെപ്റ്റംബര്‍
വധശിക്ഷ നിര്‍ത്തലാക്കുന്നതിന്:
മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുന്ന വധശിക്ഷ എല്ലാ രാജ്യങ്ങളിലും നിയമപരമായി നിര്‍ത്തലാക്കാനുള്ള പ്രാര്‍ത്ഥന.

ഒക്ടോബര്‍
എല്ലാവര്‍ക്കും തുറവിയുള്ള സഭയ്ക്ക് വേണ്ടി:
സുവിശേഷം പ്രഘോഷിക്കുന്നതില്‍ എന്നും വിശ്വസ്തതയും ധീരതയുമുള്ള സഭയ്ക്കായുള്ള പ്രാര്‍ത്ഥന. സഭ ഐക്യദാര്‍ഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാഗത മനോഭാവത്തിന്റെയും സമൂഹമാകണം. സദാ സിനഡാലിറ്റിയുടെ അന്തരീക്ഷത്തിലാകണം സഭ ജീവിതം.

നവംബര്‍
കഷ്ടപ്പെടുന്ന കുട്ടികള്‍ക്കായി:
ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രാര്‍ത്ഥന; പ്രത്യേകിച്ച് ഭവനരഹിതരും അനാഥരും യുദ്ധത്തിന്റെ ഇരകളായവര്‍ക്കും വേണ്ടി; അവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശനവും കുടുംബ സ്‌നേഹം അനുഭവിക്കാനുള്ള അവസരവും ഉറപ്പാകണം.

ഡിസംബര്‍
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക്:
മനുഷ്യവികസനത്തിനായി പ്രതിജ്ഞാബദ്ധമായ സന്നദ്ധ സംഘടനകള്‍ക്കായി പ്രാര്‍ത്ഥന; പൊതുനന്മയ്ക്കായി അര്‍പ്പണബോധമുള്ള ആളുകളെ കണ്ടെത്താനും അന്താരാഷ്ട്ര സഹകരണത്തിലേക്കുള്ള പുതിയ പാതകള്‍ നിരന്തരം അന്വേഷിക്കാനും  സന്നദ്ധ സംഘടനകള്‍ക്കു കഴിയണം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.