ബെയ്ജിങ്: ഗാല്‍വാന്‍ താഴ് വരയില്‍ പതാക ഉയര്‍ത്തിയതായി ചൈന പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ കള്ളി പുറത്ത്. വീഡിയോ ഷൂട്ട് ചെയ്ത സ്ഥലം അതിര്‍ത്തിയില്‍ നിന്നും മാറിയാണെന്നതിലേറെ സിനിമാ താര ദമ്പതികളെക്കൊണ്ട് ഷി ജിന്‍പിംഗ് സര്‍ക്കാര്‍ അഭിനയിപ്പിച്ച ദൃശ്യങ്ങളാണതെന്ന വിവരം പുറത്തുകൊണ്ടുവന്നത് ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയിലെ ചില ഉപയോക്താക്കളാണ്. ഈ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തു.
പുതുവര്‍ഷം പിറന്നപ്പോള്‍ ചൈനീസ് നടന്‍ വു ജംങും ഭാര്യ സീ നാനുമൊപ്പമാണ് ചൈനീസ് മാദ്ധ്യമങ്ങള്‍ നാടകീയമായ പതാക ഉയര്‍ത്തല്‍ പരിപാടി നടത്തിയതെന്ന് വെയ്‌ബോ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. ചൈനീസ് നിയന്ത്രണത്തിലുള്ള അക്സായി ചിന്‍ മേഖലയില്‍ ഗാല്‍വാന്‍ നദിക്ക് പിന്നില്‍ 28 കിലോമീറ്റര്‍ അകലെയാണ് നാല് മണിക്കൂറോളം നീണ്ടുനിന്ന വീഡിയോ ചിത്രീകരിച്ചതെന്നും വെയ്‌ബോ ഉപയോക്താക്കള്‍ പറയുന്നു.ഈ സ്ഥലമാകട്ടെ അതിര്‍ത്തിയ്ക്ക് പുറത്താണ്.
ചൈനയില്‍ നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ ചിത്രമായ ദി ബാറ്റില്‍ അറ്റ് ലേക്ക് ചാങ്ജിന്‍ ഉള്‍പ്പെടെ നിരവധി ചൈനീസ് സിനിമകളില്‍ പട്ടാളക്കാരന്റെ വേഷം അഭിനയിച്ച നടനാണ് വു ജംങ്. ചൈനയുടെ വീഡിയോയില്‍ വു ജംങിന്റെ ഭാര്യ സീ നാനുമുണ്ട്. 2007-ല്‍ ജിയാന്‍ സിംങ് ടിയാന്‍ സിയ എന്ന നാടക പരമ്പരയിലൂടെ അഭിനയത്തിലേയ്ക്ക് എത്തിയ സീ നാന്‍ ഒരു ടിവി അവതാരക കൂടിയാണ്.
ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ആണ് ഗാല്‍വാന്‍ താഴ് വരയില്‍ ചൈനയുടെ പതാക ഉയര്‍ത്തുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഉദ്യോഗസ്ഥരുടേതെന്ന അടിക്കുറിപ്പുമായി ദൃശ്യങ്ങള്‍ പങ്കുവെച്ചത്.'ആസൂത്രിത നാടക ഷൂട്ടിംഗി'ല്‍ ഏതാനും സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിച്ചെന്ന കാര്യവും വെയ്‌ബോ വഴി പുറത്തുവന്നു.
ചൈനീസ് പതാക അതിര്‍ത്തിയില്‍ ഉയര്‍ത്തിയതിന് പിന്നാലെ, ഇന്ത്യന്‍ സൈന്യവും ഗാല്‍വാന്‍ താഴ് വരയില്‍ ദേശീയ പതാക ഉയര്‍ത്തി. 2020 ജൂണിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയുടെയും ചൈനയുടെയും സൈനിക നേതൃത്വം മേഖലയിലെ ശാന്തത തകര്‍ക്കാതിരിക്കാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഗാല്‍വാന്‍ താഴ് വരയില്‍ ചൈന പതാക ഉയര്‍ത്തിയതില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷ വിമര്‍ശനവും ഉയര്‍ന്നു. മോഡി രാജ്യത്തോടു സത്യം പറയണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.