ഭാര്യവീട്ടിൽ പോകാൻ ഭർത്താവിൻ്റെ വിലക്ക്

ഭാര്യവീട്ടിൽ പോകാൻ ഭർത്താവിൻ്റെ വിലക്ക്

ആ സ്ത്രീ വന്നത് ഭർത്താവിനെക്കുറിച്ച് ചില കാര്യങ്ങൾ പറയുന്നതിനു വേണ്ടിയാണ്.

"അച്ചാ വിവാഹം കഴിഞ്ഞ് 12 വർഷമായി. ആദ്യനാളുകളിൽ ഒഴികെ പിന്നീടങ്ങോട്ട് എന്നെ വീട്ടിലേക്ക് പറഞ്ഞയക്കാനോ, എന്നോടൊപ്പം എന്റെ വീട്ടിൽ വന്നു താമസിക്കാനോ അദ്ദേഹത്തിന് താത്പര്യമില്ല. ഞാൻ വീട്ടിൽ പോയാൽ രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചു വരണം. അതാണ് കല്പന."

ഭർത്താവിനോട് കാര്യം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: "അവൾ പറഞ്ഞതു പോലെ വിവാഹത്തിന്റെ ആദ്യ നാളുകളിൽ അവളുടെ വീട്ടിൽ പോകുകയും താമസിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ഞാനത് നിർത്തലാക്കി.അതിന് തക്ക കാരണവുമുണ്ട്. അവരുടെ വീട്ടിൽ സദാ സമയവും അയൽക്കാരുടെയും ബന്ധുക്കളുടെയും കുറ്റം പറഞ്ഞ് രസിക്കുന്ന രീതിയുണ്ട്. മൂന്നുപേർ ഒരുമിച്ചിരുന്നാൽ ആരുടെയെങ്കിലും കുറവുകൾ പറയുക എന്നല്ലാതെ മറ്റൊന്നും അവർക്ക് സംസാരിക്കാനില്ല.

ഞാനെത്ര പറഞ്ഞിട്ടും ഈ ശീലം അവർ മാറ്റുന്നില്ല. എന്റെ ഭാര്യ രണ്ടു ദിവസം അവളുടെ വീട്ടിൽ പോയി താമസിച്ചാൽ മനസു നിറയെ വെറുപ്പും വിദ്വേഷവുമായാണ് തിരിച്ചു വരുന്നത്. അതൊക്കെ കേൾക്കുമ്പോൾ തന്നെ എനിക്ക് വെറുപ്പും ദേഷ്യവും തോന്നും.. അതുകൊണ്ട് അവളോ മക്കളോ അങ്ങോട്ട് പോകുന്നതിനോട് എനിക്ക് തെല്ലും താത്പര്യമില്ല..."

ഈ ഭർത്താവ് പറഞ്ഞതിൽ കാര്യമില്ലെ? ചിലപ്പോഴെല്ലാം നമ്മുടെ കൂടിച്ചേരലുകളും കൂട്ടായ്മകളും കേവലം കുറ്റം പറയുന്നതിനും തെറ്റായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും മാത്രമായ് തീരുന്നില്ലെ?

ഇതേ മനോഭാവം തന്നെയായിരുന്നു യഹൂദർക്കിടയിലും ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്: "ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്‌. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്‌. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്‌. ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു"
(യോഹന്നാന്‍ 3 :31,34).

നമ്മളെല്ലാം ദൈവമക്കളാണെങ്കിലും നമ്മുടെ കൂടിച്ചേരലുകളിലും സമ്പർക്കങ്ങളിലും ദൈവീക കാര്യങ്ങൾക്ക് ഇടമില്ലെങ്കിൽ നമ്മുടെ ഒത്തുചേരുകൾ നമ്മെ നാശത്തിലേക്ക് തന്നെ നയിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26