ന്യൂയോര്‍ക്ക്: വൈദ്യശാസ്ത്ര രംഗത്ത് ഇതാദ്യമായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം വിജയകരമായി വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ നടത്തി മൂന്നു ദിവസത്തിനു ശേഷം രോഗി സുഖം പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതാണ് ഈ പരീക്ഷണമെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു.
ലോകത്ത് ആദ്യമായാണ് മനുഷ്യനില്‍ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിക്കുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദ്രോഗിയായ ഡേവിഡ് ബെന്നറ്റ് എന്ന 57 വയസുകാരനിലായിരുന്നു പരീക്ഷണം. ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കുശേഷം ബെന്നറ്റ് സുഖംപ്രാപിച്ച് വരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാറ്റിവച്ച ഹൃദയം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അവയവ ക്ഷാമം പരിഹരിക്കുന്നതില്‍ നിര്‍ണ്ണായക ചുവടുവെപ്പാണിതെന്ന് സര്‍ജന്‍ ബാര്‍ട്ട്ലി ഗ്രിഫിത്ത് പറഞ്ഞു. തിങ്കളാഴ്ച്ചയാണ് ശസ്ത്രക്രിയ നടന്നത്. ജനിതക മാറ്റം വരുത്തിയ മൃഗങ്ങളുടെ അവയവം മനുഷ്യരിലും പ്രവര്‍ത്തിക്കുമെന്ന് തെളിഞ്ഞതായി ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.
ബെന്നറ്റിന്റെ ജീവന്‍ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയായിരുന്നു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. മനുഷ്യ ഹൃദയത്തിനായി ദിവസങ്ങളോളം കാത്തുനിന്നിരുന്നു. ഒടുവില്‍ ജനിതക മാറ്റം വരുത്തിയ ഒരു വയസുള്ള പന്നിയുടെ ഹൃദയം ട്രാന്‍സ്പ്ലാന്റ് ചെയ്യുക എന്ന വഴിമാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ മകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശസ്ത്രക്രിയക്കു ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. എന്നിരുന്നാലും രോഗിയുടെ ദീര്‍ഘകാല അതിജീവന സാധ്യതകള്‍ എത്ര നാളാണെന്ന് വ്യക്തമായിട്ടില്ല.
മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ മാറ്റിവെക്കാനുള്ള സാധ്യത തേടി വര്‍ഷങ്ങളായി ഗവേഷണത്തിലായിരുന്നു ഗവേഷകര്‍. അമേരിക്കയില്‍ അവയവങ്ങള്‍ക്കായി കാത്തു നില്‍ക്കുന്ന 17 പേരോളം ദിവസവും മരിക്കുന്നുവെന്നാണ് കണക്ക്.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ന്യൂയോര്‍ക്കിലെ ഡോക്ടര്‍മാര്‍ പന്നിയുടെ വൃക്ക മനുഷ്യനില്‍ ഘടിപ്പിച്ച് വൈദ്യശാസ്ത്രലോകത്ത് ചരിത്ര നേട്ടം സൃഷ്ടിച്ചിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ച രോഗിയുടെ വൃക്കയ്ക്കു പകരം ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക വച്ചുപിടിപ്പിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.