കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഹൈക്കോടതി

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് പിന്നിലെ യഥാര്‍ഥ ലക്ഷ്യം എന്തെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ നിര്‍ദേശം. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലുള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതി ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിലയിരുത്തല്‍.

ലാഭകരമല്ലാതിരുന്നിട്ടും ഇത്തരം എക്‌സ്‌ചേഞ്ചുകള്‍ ഒട്ടേറെ പ്രവര്‍ത്തിക്കുന്നതാണ് സംശയത്തിന് കാരണം. മിലിറ്ററി ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങളാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്താന്‍ സഹായകരമായത്. തീവ്രവാദം, ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് തുടങ്ങിയവയുമായി സമാന്തര എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനത്തിന് ബന്ധമുണ്ടെന്ന ആരോപണവും കോടതി കണക്കിലെടുത്തു.

കേസുമായി ബന്ധപ്പെട്ട് കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലിനെ ബെംഗളൂരുവില്‍ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഇബ്രാഹിം പുല്ലാട്ടിന് 168 പാക് പൗരന്മാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും അറിയിച്ചു. ഇയാളുടെ എക്‌സ്‌ചേഞ്ചില്‍ ഉപയോഗിച്ചിരുന്ന സോഫ്റ്റ് സ്വിച്ചിന്റെ ക്‌ളൗഡ് സെര്‍വര്‍ ചൈനയിലാണെന്നും ബോധിപ്പിച്ചു. കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ ഉപയോഗിച്ചിരുന്ന സോഫ്റ്റ് സ്വിച്ചിന്റെ ക്ലൗഡ് സെര്‍വറും ചൈനയിലായിരുന്നു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളാണ് പിന്നിലെന്ന് കരുതാന്‍ പ്രഥമദൃഷ്ട്യാ വസ്തുതകളുണ്ടെന്നും കോടതി വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.