വിക്ഷേപണത്തിന് തയ്യാറെടുത്ത് ഗഗന്‍യാന്‍; ക്രയോജനിക് എന്‍ജിന്റെ യോഗ്യതാ പരീക്ഷണം വിജയകരമെന്ന് ഐഎസ്ആര്‍ഒ

വിക്ഷേപണത്തിന് തയ്യാറെടുത്ത് ഗഗന്‍യാന്‍; ക്രയോജനിക് എന്‍ജിന്റെ യോഗ്യതാ പരീക്ഷണം വിജയകരമെന്ന് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാന്‍ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ക്രയോജനിക് എന്‍ജിന്റെ യോഗ്യതാ പരീക്ഷണം വിജയകരമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സില്‍ പ്രത്യേകമായി സജ്ജീകരിച്ച സംവിധാനത്തിലായിരുന്നു പരീക്ഷണം. ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള ഗുണമേന്മ പരീക്ഷണത്തില്‍ തെളിഞ്ഞതായി ഐഎസ്ആര്‍ഒ അറിയിച്ചു. 720 സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്നതായിരുന്നു പരീക്ഷണം.

പരീക്ഷണം വിജയകരമായിരുന്നുവെന്നും ലക്ഷ്യങ്ങള്‍ നിറവേറ്റിയെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതാണ് ക്രയോജനിക് എഞ്ചിന്‍. ഗഗന്‍യാന്‍ ദൗത്യത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഒന്നാണിത്.

അതേസമയം ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള ക്രയോജനിക് എന്‍ജിന്റെ യോഗ്യത പൂര്‍ത്തിയാക്കുന്ന പരീക്ഷണങ്ങള്‍ പൂര്‍ത്തികരിച്ചിട്ടില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.നിലവില്‍ പരീക്ഷണം കഴിഞ്ഞ എഞ്ചിനെ ഒരു ഹ്രസ്വകാല പരീക്ഷണത്തിനും ദീര്‍ഘകാല പരീക്ഷണത്തിനും വിധേയമാക്കും. 1992ല്‍ റഷ്യയില്‍ നിന്ന് ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യാ കൈമാറ്റം നടത്തുന്നതിനെതിരെ അമേരിക്ക രംഗത്തെത്തി. ഇതോടെ ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗന്‍യാന്‍. ഗഗന്‍യാന് മുന്നോടിയായുള്ള പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന വിക്ഷേപണങ്ങളില്‍ ബഹിരാകാശത്തെത്തുന്നത് വ്യോമ മിത്ര എന്ന റോബോര്‍ട്ട് ആയിരിക്കും. വ്യോമ മിത്രയുടെ രൂപീകരണവും പൂര്‍ത്തിയായിട്ടുണ്ട്. ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പേടകത്തിലെ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് പ്രതിരോധ ഗവേഷക ഏജന്‍സിയായ ഡിആര്‍ഡിഒ ആണ്.

2018ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഗഗന്‍യാന്‍ ദൗത്യം പ്രഖ്യാപിച്ചത്. ഇന്ത്യ 75 വര്‍ഷത്തെ സ്വാതന്ത്ര്യം പൂര്‍ത്തിയാക്കുമ്പോള്‍ 2022ഓടെ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ മൂന്നംഗ സംഘത്തെ ബഹിരാകാശത്തേക്ക് അയയ്ക്കുകയാണ് ലക്ഷ്യം. ഇതോടെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.