കമ്പനി ജീവനക്കാര്‍ക്കായുള്ള ബൈഡന്റെ നിര്‍ബന്ധിത വാക്സിന്‍ നിയമം തടഞ്ഞ് യു.എസ് സുപ്രീം കോടതി

 കമ്പനി ജീവനക്കാര്‍ക്കായുള്ള ബൈഡന്റെ നിര്‍ബന്ധിത വാക്സിന്‍ നിയമം തടഞ്ഞ് യു.എസ് സുപ്രീം കോടതി

വാഷിംഗ്ടണ്‍: വന്‍കിട കമ്പനികളിലെ തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നല്‍കുകയോ ആഴ്ചതോറും പരിശോധന നടത്തുകയോ വേണമെന്ന വ്യവസ്ഥയോടെ പ്രസിഡന്റ് ജോ ബൈഡന്‍ കൊണ്ടുവന്ന നിയമം യു എസ് സുപ്രീം കോടതി തടഞ്ഞു. ബൈഡന്റെ ഉത്തരവ് ഭരണകൂടത്തിന്റെ അധികാര പരിധിയില്‍ പെട്ടതല്ല എന്ന നിരീക്ഷണത്തോടെയാണ് 84 ദശലക്ഷം തൊഴിലാളികള്‍ക്കു ബാധകമാകേണ്ട നിയമം പരമോന്നത കോടതി മരവിപ്പിച്ചത്.

ഒമിക്രോണ്‍ വകഭേദത്തിലൂടെ കോവിഡ് -19 ന്റെ ഏറ്റവും പുതിയ തരംഗം തീവ്രമാകുന്നതിനിടെ കൂടുതല്‍ അമേരിക്കക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള പ്രസിഡന്റിന്റെ നീക്കത്തിന് ശക്തമായ തിരിച്ചടിയായി സുപ്രീം കോടതി വിധി. വാക്സിന്‍ നിര്‍ബന്ധിതമാക്കിയ നിര്‍ദ്ദേശം സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമായിരിക്കും ബാധകമെന്ന് വിധിയില്‍ ജഡ്ജിമാര്‍ പ്രത്യേകമായി പറഞ്ഞു.

ഭീകരമായ പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായാണ് ഉത്തരവുകളെന്ന് ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു.കോവിഡ് പ്രതിരോധവും വാക്സിനേഷനും സംബന്ധിച്ച ജനഹിത പരിശോധനകളില്‍ ബൈഡന്റെ റേറ്റിംഗ് കുറയുന്നതിനിടെയാണ് പുതിയ കോടതി വിധി. 'ജീവനക്കാരുടെ ജീവന്‍ രക്ഷിക്കാനുള്ള ആവശ്യകതകള്‍ തടയുന്നതിനുള്ള കോടതിയുടെ തീരുമാന'ത്തില്‍ പ്രസിഡന്റ് ബൈഡന്‍ നിരാശ പ്രകടിപ്പിച്ചു.

ഭരണകൂട ആഹ്വാനം അനുസരിച്ച് നിബന്ധനകള്‍ നടപ്പാക്കാന്‍ ഫോര്‍ച്യൂണ്‍ 100 കമ്പനികളുടെ മൂന്നിലൊന്ന് ഉള്‍പ്പെടെ ഇതിനകം തയ്യാറായി വന്നിരുന്നു. തൊഴിലാളികളെയും ഉപഭോക്താക്കളെയും സമൂഹങ്ങളെയും സംരക്ഷിക്കുന്നതിനുള്ള വാക്സിനേഷന്‍ ആവശ്യകതകള്‍ നിറവേറ്റാന്‍ ബിസിനസ്സ് നേതാക്കളോട് താന്‍ അഭ്യര്‍ത്ഥിക്കുന്നതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സുപ്രീം കോടതിയുടെ തീരുമാനത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്തോഷം പ്രകടിപ്പിച്ചു. വാക്സിന്‍ ഉത്തരവുകള്‍ നടപ്പിലാക്കിയാല്‍ അത് സമ്പദ്വ്യവസ്ഥയെ കൂടുതല്‍ നശിപ്പിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ വാദങ്ങള്‍ക്ക് വഴങ്ങാതെ ശക്തമായ തീരുമാനമെടുത്ത സുപ്രീം കോടതിയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

ജോലിസ്ഥലത്തെ നിര്‍ബന്ധിത വാക്സിന്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് ഒരു കോവിഡ്-19 ഷോട്ട് എങ്കിലും ലഭിക്കേണ്ടതുണ്ടായിരുന്നു. അല്ലെങ്കില്‍ സ്ഥിരമായി മാസ്‌ക് ധരിക്കുകയും സ്വന്തം ചെലവില്‍ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയും വേണമെന്നതായിരുന്നു നിബന്ധന.കുറഞ്ഞത് 100 ജീവനക്കാരുള്ള ജോലിസ്ഥലങ്ങളിലാണ് നിയമം ബാധകമാകുമായിരുന്നത്.

നവംബറില്‍ ബൈഡന്‍ ഭരണ കൂടം അവതരിപ്പിച്ച നിയമത്തിനെതിരെ നിരവധി റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളും ചില ബിസിനസ് ഗ്രൂപ്പുകളും ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തിപ്പോന്നു. ഭരണകൂടം അതിന്റെ അധികാരം അതിരു കടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.