മലയാളിയും കര്‍ണാടക മുന്‍ മന്ത്രിയുമായ ജെ. അലക്സാണ്ടര്‍ അന്തരിച്ചു

 മലയാളിയും കര്‍ണാടക മുന്‍ മന്ത്രിയുമായ ജെ. അലക്സാണ്ടര്‍ അന്തരിച്ചു

ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രി ജെ. അലക്സാണ്ടര്‍ അന്തരിച്ചു. 83 വയസായിരുന്നു. ചികിത്സയില്‍ കഴിയവെ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളിയായ അലക്സാണ്ടര്‍ കര്‍ണാടകയിലെ ചീഫ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1963 ബാച്ചിലുള്ള അലക്സാണ്ടര്‍ 1992ലാണ് ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത്.

1938 ഓഗസ്റ്റ് എട്ടിന് കൊല്ലം മങ്ങാട് കണ്ടച്ചിറ പുതുവേല്‍ത്തറ ജോണ്‍ ജോസഫിന്റെയും എലിസബത്തിന്റെയും ഏഴ് മക്കളില്‍ മൂന്നാമനായാണ് ജനനം. കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദമെടുത്ത ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് എം.എ പാസായി. ഫാത്തിമാ മാതാ നാഷനല്‍ കോളജില്‍ അധ്യാപകനായിരിക്കെ 1963ല്‍ ഐ.എ.എസ് ലഭിച്ചു.

ആദ്യ നിയമനം മംഗലാപുരത്തു സബ് കളക്ടറായി. 33 വര്‍ഷത്തെ സേവനത്തിനു ശേഷം 1996ല്‍ സിവില്‍ സര്‍വീസില്‍ നിന്നു വിരമിച്ചതോടെ അലക്‌സാണ്ടര്‍ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു ബെംഗളൂരുവിലെ ഭാരതി നഗര്‍ (നിലവില്‍ സര്‍വജ്ഞനഗര്‍) മണ്ഡലത്തെ പ്രതിനീധികരിച്ച് കോണ്‍ഗ്രസ് എം.എല്‍.എയായി. തുടര്‍ന്ന് 2003ല്‍ എസ്എം കൃഷ്ണ സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായി. കര്‍ണാടക പി.സി.സി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.

2019ല്‍ അലക്സാണ്ടര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചുവെങ്കിലും മുതര്‍ന്ന നേതാക്കളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് പാര്‍ട്ടിയില്‍ തുടരുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.