വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷാചരണം ഏറ്റവും ഫലപ്രദമാക്കാനുള്ള ഒരുക്കങ്ങള്‍ക്കു തുടക്കമായി. നവ സുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ അദ്ധ്യക്ഷനായ ആര്‍ച്ച്ബിഷപ്പ് റീനോ ഫിസിക്കെല്ലായുമായുള്ള കൂടിക്കാഴ്ചാ വേളയില്‍ ഫ്രാന്‍സിസ് പാപ്പ ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു.
'പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍'എന്നതാണ് ജൂബിലി വര്‍ഷത്തേക്കുള്ള മുദ്രാവാക്യമായി പാപ്പാ അംഗീകരിച്ചിട്ടുള്ളതെന്ന് ആര്‍ച്ച്ബിഷപ്പ് അറിയിച്ചു.ജൂബിലി വര്‍ഷത്തിനായി മികച്ച രീതിയിലുള്ള തയ്യാറെടുപ്പുകള്‍ വേണമെന്നതാണ് പാപ്പായുടെ പ്രഥമ പരിഗണന. മുഴുവന്‍ ജൂബിലി യാത്രയുടെയും അര്‍ത്ഥം സംഗ്രഹിക്കാന്‍ പോന്നതാണ് മുദ്രാവാക്യമെന്നും വിശദീകരിച്ചു.
തീര്‍ത്ഥാടകരും പ്രത്യാശയും എന്ന രണ്ട് വാക്കുകളും ഫ്രാന്‍സിസ് പാപ്പയുടെ ഭരണകാലത്തെ പ്രധാന വിഷയങ്ങളെ പ്രതിനിധീകരിക്കുന്നു. ജൂബിലി സംബന്ധിച്ച പരിപാടികളുടെ സംഘടനാപരമായ ഉത്തരവാദിത്തം നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കാര്യക്ഷമമായ സംഘാടന സംവിധാനം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത പാപ്പ ചൂണ്ടിക്കാട്ടിയതായി ആര്‍ച്ച്ബിഷപ്പ് ഊന്നിപ്പറഞ്ഞു.
ജൂബിലി വര്‍ഷാചരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെങ്കിലും പൂര്‍ണ്ണമായി സജീവമാക്കുന്നതിന് പാപ്പയുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്ന് ആര്‍ച്ച്ബിഷപ്പ് ഫിസിക്കെല്ല അറിയിച്ചു. തീര്‍ത്ഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നതാണ് മുന്‍ഗണനകളിലൊന്ന്. ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ധാരാളം തീര്‍ത്ഥാടകര്‍ റോമില്‍ വരുമെന്നു പ്രതീക്ഷിക്കുന്നു.ആരോഗ്യ അടിയന്തരാവസ്ഥ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മാറുമെന്നും ഇന്നത്തെപ്പോലെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഏറ്റവും സുരക്ഷിതമായി സന്ദര്‍ശകരെ മികച്ച രീതിയില്‍ സ്വീകരിക്കാന്‍ നഗരത്തിന്റെ കഴിവിനനുസരിച്ച് തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിന് റോം മുനിസിപ്പാലിറ്റിമായും, ലാസിയോ പ്രവിശ്യയുടെ അധികാരികളുമായും, ഇറ്റാലിയന്‍ ഭരണകൂടവുമായുമുള്ള സഹകരണം സജീവമാക്കിയിട്ടുണ്ടെന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
ലോകവും കത്തോലിക്കാ സഭയും പുതിയ സഹസ്രാബ്ദത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുത്ത 2000 ല്‍ ആണ് ഇതിന് മുമ്പുള്ള ജൂബിലി ആചരിച്ചത്. ഓരോ ജൂബിലി വര്‍ഷത്തിനുമിടയില്‍ 25 വര്‍ഷത്തെ ഇടവേള നല്‍കണമെന്ന മാനദണ്ഡത്തിന് അനുസൃതമായി ഫ്രാന്‍സിസ് പാപ്പ 2025 വീണ്ടും ജൂബിലിക്കു തെരഞ്ഞെടുക്കുകയായിരുന്നു.
കൃപയുടെ പ്രത്യേക വേളയായ ജൂബിലി വര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കാനുള്ള സാധ്യത സഭ പ്രദാനം ചെയ്യുന്നു. പരമ്പരാഗതമായി, ജൂബിലി വര്‍ഷം ക്രിസ്മസ്സിന് തൊട്ടുമുമ്പ് ആരംഭിച്ച് അടുത്ത വര്‍ഷത്തെ പ്രത്യക്ഷീകരണത്തിരുന്നാളിലാണ് അവസാനിക്കുക. പത്രോസിന്റെ ബസിലിക്കയിലെ പ്രധാന വാതില്‍ തുറക്കുന്ന ചടങ്ങോടെയാകും പാപ്പാ വിശുദ്ധ വര്‍ഷം ഉദ്ഘാടനം ചെയ്യുന്നത്. അതിനുശേഷം സെന്റ് ജോണ്‍ ലാറ്ററന്‍, റോമ നഗരത്തിന്റെ മതിലിന് വെളിയിലുള്ള സെന്റ് പോള്‍, സെന്റ് മേരി മേജര്‍ എന്നീ പേപ്പല്‍ ബസിലിക്കകളുടെയും വിശുദ്ധ കവാടങ്ങള്‍ തുറന്നിടും. ജൂബിലി വര്‍ഷാവസാനം വരെ അങ്ങനെ സൂക്ഷിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26