ന്യൂയോര്‍ക്ക്: ടെക്‌സസിലെ സിനഗോഗിനുള്ളില്‍ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ പോലീസിനു കഴിഞ്ഞതില്‍ രാജ്യവും ആഗോള യഹൂദ സമൂഹവും ആശ്വാസ നിശ്വാസമുതിര്‍ക്കവേ വീണ്ടും വാര്‍ത്തയില്‍ നിറയുന്നു പാകിസ്ഥാന്‍ വംശജയായ ശാസ്ത്രജ്ഞ ഡോ.ആഫിയ സിദ്ദിഖി. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനികരെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് യു.എസില്‍  തടവിലാക്കപ്പെട്ടിട്ടുള്ള ന്യൂറോ സയന്റിസ്റ്റാണ് ആഫിയ. അവരെ മോചിപ്പിക്കണമെന്ന ആവശ്യം സിനഗോഗ് കയ്യടക്കിയ അക്രമി മുന്നോട്ടുവച്ചെന്നാണ് സൂചന. ബന്ദികളെ പോലീസ് മോചിപ്പിക്കുന്നതിനിടെ അയാള്‍ വെടിയേറ്റു മരിച്ചു. 
ഭീകര പ്രവര്‍ത്തനം സംശയിച്ച് 2008ല്‍ അഫ്ഗാനിസ്ഥാനിലാണ് ആഫിയ കസ്റ്റഡിയിലായത്. തുടര്‍ന്ന് ചോദ്യം ചെയ്യവേ യുഎസ് സൈനിക ഉദ്യോഗസ്ഥരെ വെടിവയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമുയര്‍ന്നു. ഒരു സൈനികന്റെ കൈയിലിരുന്ന തോക്ക് പിടിച്ചുവാങ്ങി വെടിയുതിര്‍ത്തുവെന്നാണ് കേസ്. തുടര്‍ന്ന് 2010-ല്‍ മാന്‍ഹട്ടനിലെ കോടതി  വിധി പ്രകാരം 86 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ആഫിയ സിദ്ദിഖി. അല്‍-ഖ്വയ്ദ പ്രവര്‍ത്തകയാണ് അവരെന്ന ആരോപണം  നീതിന്യായ വകുപ്പ് ഉന്നയിച്ചിരുന്നു.
അന്താരാഷ്ട്ര തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായക സംഭവമായിരുന്നു ആഫിയ സിദ്ദിഖിക്കെതിരായ 86 വര്‍ഷത്തെ ജയില്‍ ശിക്ഷാ വിധി. എന്നാല്‍ അവരുടെ നിരപരാധിത്വത്തില്‍ വിശ്വസിച്ചിരുന്ന പിന്തുണക്കാര്‍ പറഞ്ഞത് സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ അനുബന്ധമായി അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ കാണിച്ച അമിതാവേശത്തിന്റെ ഫലമായിരുന്നു ഈ കേസ് എന്നാണ്.
 
ആരാണ് ആഫിയ?
അമേരിക്കയിലെ പ്രശസ്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ബ്രാന്‍ഡീസ് യൂണിവേഴ്‌സിറ്റിയിലും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും പഠിച്ചാണ് പാകിസ്ഥാന്‍കാരിയായ ആഫിയ ന്യൂറോ സയന്റിസ്റ്റായത്. സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷമുള്ള വര്‍ഷങ്ങളില്‍ അവര്‍ അമേരിക്കന്‍ നിയമപാലകരുടെ പ്രത്യേക 'റഡാറി'ന്റെ പരിധിയില്‍ പെട്ടു. 2004 മെയ് മാസത്തെ ഒരു വാര്‍ത്താ സമ്മേളനത്തില്‍ എഫ്ബിഐയും നീതിന്യായ വകുപ്പും അവരെ  അല്‍-ഖ്വയ്ദയുടെ പ്രവര്‍ത്തകയും സഹായിയുമായി വിശേഷിപ്പിച്ചു. അല്‍-ഖ്വയ്ദ തുടര്‍ മാസങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതായും അവയുമായി ആഫിയക്കു ബന്ധമുള്ളതായും കാണിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചതായും അറിയിച്ചു.
2008-ല്‍ ആഫിയയെ അഫ്ഗാനിസ്ഥാനില്‍ അധികൃതര്‍ തടഞ്ഞുവച്ചതോടൊപ്പം ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താന്‍ ഇടയാക്കിയ സുപ്രധാന തെളിവുകളും കണ്ടെത്തി. 'വൃത്തികെട്ട ബോംബുകള്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട വസ്തുക്കളുടെ നിര്‍മ്മാണത്തെക്കുറിച്ച് വിശദീകരണമുള്ള കുറിപ്പുകള്‍ അവരുടെ കൈവശം കണ്ടെത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആഫിയയുടേതായിരുന്നു അവയിലെ കൈയക്ഷരം. അഫ്ഗാന്‍ പോലീസ് കോമ്പൗണ്ടിലെ ഒരു 'ഇന്റര്‍വ്യൂ റൂമി'നുള്ളില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.അതിനിടെ, അവള്‍ ഒരു യുഎസ് ആര്‍മി ഓഫീസറുടെ എം 4 റൈഫിള്‍ പിടിച്ചെടുക്കുകയും ചോദ്യം ചെയ്യാന്‍ നിയോഗിച്ച യുഎസ് ടീമിലെ അംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന് സൈനികര്‍ പറഞ്ഞു.
യുഎസിനു പുറത്ത് യുഎസ് പൗരന്മാരെ കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി 2010 ല്‍ ആഫിയ സിദ്ദിഖി ശിക്ഷിക്കപ്പെട്ടു. ശിക്ഷാവിധി കേള്‍ക്കുന്നതിനിടെ അവര്‍ ലോകസമാധാനത്തിനുള്ള സന്ദേശം ഉച്ചത്തില്‍ നല്‍കിയതോടൊപ്പം ജഡ്ജിയോട് ക്ഷമിക്കുകയും ചെയ്യുന്ന കടുത്ത വാക്കുകള്‍ സഹിതമുള്ള പ്രസ്താവനകള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.അതേസമയം, തനിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതിനാല്‍ ശിക്ഷാ ഇളവ് അര്‍ഹിക്കുന്നുണ്ടെന്ന സ്വന്തം അഭിഭാഷകരുടെ വാദങ്ങളില്‍  നിരാശയും പ്രകടിപ്പിച്ചു. 'എനിക്ക് പരിഭ്രാന്തി ഇല്ല' അവര്‍ ഉച്ചത്തില്‍ പറഞ്ഞു; 'മാനസികാസ്വാസ്ഥ്യ വാദത്തോടു യോജിക്കാനാകില്ല.'
ഗിലാനിയുടെ സാക്ഷ്യപത്രം
ആഫിയയെ ശിക്ഷിച്ച കോടതി വിധിയെ പാകിസ്ഥാന്‍ നിരസിച്ചു.പാക് നഗരങ്ങളില്‍ പ്രതിഷേധത്തിനും മാധ്യമങ്ങളില്‍ വിമര്‍ശനത്തിനും കോടതി വിധി ഇടയാക്കി. അന്നത്തെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി അവരെ 'രാഷ്ട്രത്തിന്റെ മകള്‍' എന്ന് വിളിക്കുകയും ആഫിയയെ ജയില്‍ മോചിതയാക്കാനുള്ള പ്രചാരണം നടത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.പിന്നീടുള്ള വര്‍ഷങ്ങളില്‍, അവരുടെ മോചനം ലക്ഷ്യമാക്കിയുള്ള പല ആശയങ്ങളും പാകിസ്ഥാന്‍ നേതാക്കള്‍ പരസ്യമായി അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

അമേരിക്കയിലെ ആരോപണവിധേയരായ തീവ്രവാദികളുടെ കൂട്ടായ പിന്തുണ ആഫിയക്കുണ്ട്. സിറിയയില്‍ പരിശീലനം നേടിയ ശേഷം യുഎസ് സൈനികരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതായി സമ്മതിച്ച് 2018ല്‍ 22 വര്‍ഷത്തെ തടവിന് ശിക്ഷ വാങ്ങിയ ഒഹായോക്കാരന്‍ അബ്ദുറഹ്‌മാന്‍ ഷെയ്ഖ് മുഹമ്മദ് ഇതില്‍ ഒന്നാമനാണ്. ടെക്‌സാസിലേക്ക് പറന്ന് ആഫിയ സിദ്ദിഖിയുടെ മോചനത്തിനായി ഫെഡറല്‍ ജയില്‍ ആക്രമിക്കാന്‍ അയാള്‍  പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞിരുന്നു.
തടവില്‍ ആക്രമിക്കപ്പെട്ടു
ടെക്സസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള ഫെഡറല്‍ ജയിലിലാണ് ആഫിയ സിദ്ദിഖിയെ പാര്‍പ്പിച്ചിരിക്കുന്നത്. ജൂലൈയില്‍ സഹ തടവുകാരി അവരെ  ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി കോടതി രേഖകളിലുണ്ട്. ചൂടുള്ള ദ്രാവകം നിറച്ച കോഫി മഗ് അവരുടെ മുഖത്തേക്ക് ശക്തിയോടെ ഒഴിച്ചെന്ന്  ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസണ്‍സിനെതിരായ ഒരു കേസില്‍ ആഫിയ സിദ്ദിഖിയുടെ അഭിഭാഷകര്‍ പറഞ്ഞു.തുടര്‍ന്ന് ആഫിയ നിലത്ത് ചുരുണ്ടുകൂടി കിടന്നപ്പോള്‍  മറ്റേ സ്ത്രീ അവരെ അടിക്കുകയും ചവിട്ടുകയും ചെയ്തു. ഗുരുതരമായ പരിക്കുകളോടെ വീല്‍ചെയറില്‍ ആണ് ആഫിയയെ ജയിലിന്റെ മെഡിക്കല്‍ യൂണിറ്റിലേക്ക് കൊണ്ടുപോയത്.
ആഫിയയുടെ കണ്ണുകള്‍ക്ക് ചുറ്റും പൊള്ളലേറ്റു; ഇടതു കണ്ണിന് സമീപം മൂന്നിഞ്ച് വരുന്ന മുറിവു പറ്റിയതിന്റെ പാടുകളുമുണ്ടെന്ന് അഭിഭാഷകര്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.കൂടാതെ അവരുടെ കൈകളിലും കാലുകളിലും ചതവുകളും കവിളില്‍ മുറിവും ഏറ്റിട്ടുണ്ട്. ആക്രമണം മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മതസംഘടനകളുടെയും പ്രതിഷേധത്തിന് കാരണമായി. ജയിലിന്റെ അവസ്ഥ മെച്ചപ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. യു.എസ് കസ്റ്റഡിയില്‍ നിന്ന് ആഫിയയെ മോചിപ്പിക്കുന്നതിന് വേണ്ടി പോരാടാന്‍ പ്രവര്‍ത്തകര്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് ടെക്‌സസിലെ സിനഗോഗില്‍ അക്രമി കടന്നുകയറി ബന്ദി നാടകത്തിലൂടെ രാജ്യത്തെയും ആഗോള യഹൂദ സമൂഹത്തെയും മുള്‍മുനയിലാക്കി ജീവന്‍ കളഞ്ഞത്.
ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ ആഫിയയെ ഇല്ലാത്ത കുറ്റമാരോപിച്ച് പിടികൂടിയതായും തെറ്റായ തെളിവുകളിലൂടെ കുരുക്കിലായ  രാഷ്ട്രീയ തടവുകാരിയാണവരെന്നും ടെക്‌സസിലെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസാന്‍ സയ്യിദ് പറഞ്ഞു. അതേസമയം, അവരുടെ മോചനത്തിനായി നിസ്സഹായര്‍ ബന്ദികളാക്കപ്പെട്ടതിനെ അദ്ദേഹം ശക്തമായി അപലപിച്ചു. അത് തെറ്റായ നടപടിയാണ്; ഹീനവും. ഡോ. ആഫിയയെ  മോചിപ്പിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ പൂര്‍ണ്ണമായും തുരങ്കം വയ്ക്കുന്ന നീക്കമായി അതെന്നും സയ്യിദ് നിരീക്ഷിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.