മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ: പൗരാവകാശ പ്രസ്ഥാനത്തിന്റെ രാജാവ്

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ: പൗരാവകാശ പ്രസ്ഥാനത്തിന്റെ രാജാവ്

അമേരിക്കയിൽ ഇന്ന് 'മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ ഡേ'ആഘോഷിക്കുന്നു. എല്ലാ വർഷവും ജനുവരി മൂന്നാമത്തെ തിങ്കളാഴ്ച രാജ്യവ്യാപകമായി ആഘോഷിക്കുന്ന ഈ ദിവസം പൊതു അവുധി ദിവസം കൂടിയാണ്. മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ നേട്ടങ്ങളെയും പൗരാവകാശ പ്രസ്ഥാനത്തിലെ അദ്ദേഹത്തിന്റെ പങ്കിനെയും അനുസ്മരിപ്പിക്കുന്ന ഒരു ദിനം. അമേരിക്കയിൽ വംശീയതയുടെ അന്ത്യം കുറിയ്ക്കുന്നതിന്ന് നാന്ദി കുറിച്ച നേതാവാണ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ. 1929 ജനുവരി 15 ന് ജോർജിയയിലെ അറ്റ്ലാന്റയിൽ ഒരു മധ്യവർഗ കുടുംബത്തിലാണ് കിംഗ് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബജീവിതം സ്നേഹത്താൽ നിറഞ്ഞിരുന്നുവെങ്കിലും, തെക്കൻ അമേരിക്കയിലെ വംശീയത അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.

ഒരിക്കൽ കിംഗ് തന്റെ ആദ്യകാല ഓർമ്മകളിലൊന്ന് പങ്കുവച്ചു; ആറുവയസ്സുള്ളപ്പോൾ, കറുത്ത വർഗത്തിൽപ്പെട്ട കുട്ടിയായിരുന്നതുകൊണ്ട് തന്റെ സുഹൃത്തിനോടൊപ്പം കളിക്കാൻ കഴിയില്ലെന്ന് തന്നോട് പറഞ്ഞത്. കറുത്തവരെയും വെളുത്തവരെയും തമ്മിൽ വേർതിരിച്ച സ്കൂളുകളിൽ പോകേണ്ടി വന്നത്. അങ്ങനെ വേർതിരിക്കപ്പെട്ട സ്കൂളുകളിൽ പഠിച്ചെങ്കിലും കോളേജ് തുടങ്ങുന്നതിനുമുമ്പ് അദ്ദേഹം ഒരു പുകയില കൃഷിയിടത്തിൽ ജോലിക്കായി അമേരിക്കയുടെ വടക്കൻ ഭാഗത്തേക്ക് പോയി. അവിടെ രണ്ട് വർഗ്ഗങ്ങളും സഹകരണത്തോടെ ജീവിക്കുന്നത് കണ്ട കിംഗ് ആശ്ചര്യപ്പെട്ടു . പള്ളികളിലും സ്കൂളുകളിലും റെസ്റ്റോറന്റുകളിലും നിയന്ത്രണങ്ങളില്ല.അവിടത്തെ ആളുകൾ തമ്മിലുള്ള സഹകരണവും അവരുടെ സമാധാനവും കണ്ട് വംശീയ അനീതിക്കും വേർതിരിക്കലിനുമെതിരെയുള്ള അദ്ദേഹത്തിന്റെ നീരസം വർദ്ധിച്ചു. വംശീയ അസമത്വത്തിനെതിരെ പോരാടുന്നതിൽ പ്രതിജ്ഞാബദ്ധനായിരുന്ന കിംഗ് കോളേജിൽ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

ഇതിനിടയിൽ കിംഗ് മഹാത്മാ ഗാന്ധിയുടെ അഹിംസാസിദ്ധാന്ധങ്ങളിലേക്കും അക്രമരഹിത സമരങ്ങളിലേക്കും ആകർഷിക്കപ്പെട്ടു; അതേപ്പറ്റി കൂടുതൽ പഠിച്ചു.വിവാഹം കഴിച്ച് അലബാമയിലേക്ക് മാറിയതിനുശേഷം, കിംഗ് 'മോണ്ട്ഗോമറി ഇംപ്രൂവ്‌മെന്റ് അസോസിയേഷന്റെ'നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്ന്, പൗരാവകാശ പ്രസ്ഥാനത്തിൽ കിംഗിന്റെ ഇടപെടൽ ശക്തമായി. സമാധാനപരമായ പ്രതിഷേധങ്ങളും പ്രകടനങ്ങളും മാർച്ചുകളും അദ്ദേഹം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഒന്ന് 'മാർച്ച് ഓൺ വാഷിംഗ്ടൺ'എന്നറിയപ്പെട്ടു. അവിടെ അദ്ദേഹം 1963 ഓഗസ്റ്റ് 28 ന് വിഖ്യാതമായ “എനിക്ക് ഒരു സ്വപ്നം ഉണ്ട്..." എന്ന് തുടങ്ങുന്ന പ്രസംഗം നടത്തി. കിംഗിന്റെ പ്രവർത്തനങ്ങൾ 1964 ൽ പൗരാവകാശ നിയമങ്ങൾ പാസാക്കുന്നതിലേക്ക് വഴി തെളിച്ചു. അതേ വർഷം തന്നെ അദ്ദേഹം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തു. നാലുവർഷത്തിനുശേഷം, 1968 ഏപ്രിൽ 4 ന് ടെന്നസിയിലെ മെംഫിസിൽ കിംഗ് വധിക്കപ്പെട്ടു.

മുപ്പത്തിരണ്ട് വർഷത്തെ സ്ഥിരമായ പ്രചാരണത്തിനുശേഷം 1983 ൽ 'മാർട്ടിൻ ലൂതർ കിംഗ് ഡേ' ഔദ്യോഗിക അവധിദിനമായി അംഗീകരിച്ചു.ഇതിന്റെ അംഗീകാരത്തിനായി അറ്റ്ലാന്റയിലെ 'കിംഗ് സെന്റർ' കോൺഗ്രസിൽ അതിയായ സമ്മർദം ചെലുത്തി ബിൽ അവതരിപ്പിക്കുകയും 53 വോട്ടുകൾക്ക് പാസാകുകയും ചെയ്തു. റൊണാൾഡ് റീഗൻ 1983 നവംബറിൽ ബിൽ ഒപ്പുവെച്ചു.1986 ൽ ആദ്യമായി 'മാർട്ടിൻ ലൂഥർ കിംഗ് ഡേ' ' ഫെഡറൽ ഹോളിഡേ' ആയി ആഘോഷിച്ചു . ചില സംസ്ഥാനങ്ങൾ ഇത് സ്വീകരിച്ചത് വിമുഖതയോടാണ്. പ്രധ്യേകിച്ച് അരിസോണ, നോർത്ത് കരോലിന തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിൽ ഇത് വളരെയധികം പ്രതിഷേധമുയർത്തി. 2000ടെ രാജ്യത്തെ അൻപത് സംസ്ഥാനങ്ങളിലും ഇത് പൊതു അവുധി ദിനമാക്കി മാറ്റി. ഇപ്പോൾ ഈ ദിവസം രാജ്യവ്യാപകമായി ആഘോഷിക്കപ്പെടുന്നു. 'മാർട്ടിൻ ലൂഥർ കിംഗ് ഡേ'യിൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനെ അനുസ്മരിക്കുക മാത്രമല്ല, പൗരാവകാശ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആളുകളെ സഹായിക്കുകയും സമൂഹത്തെ പൊതുസേവനത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.