കാഴ്ചയില്ലാത്ത ദേവസിച്ചേട്ടൻ്റെ ഉൾക്കാഴ്ചകൾ

കാഴ്ചയില്ലാത്ത ദേവസിച്ചേട്ടൻ്റെ  ഉൾക്കാഴ്ചകൾ

വയനാട്ടിലെ നടവയൽ പള്ളിപ്പെരുന്നാൾ. ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ കാർമികത്വത്തിൽ നടന്ന സമൂഹബലിയിൽ സഹകാർമികനായി ഞാനുമുണ്ടായിരുന്നു. വിശുദ്ധ കുർബാന കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി. പരിചയള്ള ഒരാൾ ജീവിത പങ്കാളിയുടെ കരം പിടിച്ച് നടന്നുനീങ്ങുന്നത് കണ്ടു."ദേവസിച്ചേട്ടാ.... കുറേ നാളായല്ലോ കണ്ടിട്ട് .... എന്തൊക്കെയുണ്ട് വിശേഷങ്ങൾ?"ഞാൻ ചോദിച്ചു.

"ആ....ജെൻസനച്ചനോ ....വിശേഷങ്ങളെല്ലാം അറിയുന്നുണ്ട്. എനിക്ക് സുഖം...സുഖമല്ലെ...?" "സുഖം തന്നെ ദേവസിചേട്ടാ... "പള്ളിമുറ്റത്തു നിന്നും ഭാര്യയുടെ കരം പിടിച്ച് പതുക്കെ നടന്നുനീങ്ങുന്ന ആ വ്യക്തിയെ അല്പ സമയം ഞാൻ നോക്കി നിന്നു.

ഞാനീ സൂചിപ്പിച്ച സഹോദരൻ കാഴ്ച നഷ്ടപ്പെട്ടവനാണ്. എന്നിട്ടും എന്റെ സ്വരം തിരിച്ചറിഞ്ഞതും പേരു ചൊല്ലി വിളിച്ചതും എന്നെ അദ്ഭുതപ്പെടുത്തി. ഈ സംഭവത്തെക്കുറിച്ച് ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് ഞാൻ ധ്യാനിച്ചു. കാഴ്ചയുള്ള ഞാൻ, മിഴി പൂട്ടിയിരുന്നാൽ എന്റെയടുക്കൽ വന്ന് പേരു വിളിക്കുന്ന എത്ര പേരെ തിരിച്ചറിയാൻ കഴിയും? ഒരു പക്ഷേ എന്റെ മാതാപിതാൾ, കൂടപ്പിറപ്പുകൾ, കൂടെയുള്ളവർ എന്നിവരെ മാത്രം.

അങ്ങനെയെങ്കിൽ കാഴ്ചയില്ലെന്ന് സമൂഹം പറയുന്ന ദേവസിച്ചേട്ടനെ പോലുള്ളവർക്ക് ലഭിച്ചിട്ടുള്ളത്ര ഉൾക്കാഴ്ച നമുക്കാർക്കും ലഭിച്ചിട്ടില്ലെന്നതല്ലേ വാസ്തവം? ഇന്നീ കാര്യങ്ങൾ ഓർക്കാൻ കാരണം അന്ധയാചകനെക്കുറിച്ചുള്ള സുവിശേഷ വായനയാണ്. ജന്മനാ അന്ധനായ ഒരുവൻ വഴിയോരത്തിരിക്കുന്നു. അവൻ അന്ധനായത് ആരുടെ പാപം നിമിത്തമാണെന്ന ചർച്ചയിലായിരുന്നു ശിഷ്യർ. അവരോടുള്ള ക്രിസ്തുവിന്റെ മറുപടി ഇപ്രകാരമായിരുന്നു: "ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്‌" (യോഹ 9 : 3).

ഭിന്നശേഷിക്കാരായവരെ കണ്ടുമുട്ടുമ്പോഴെല്ലാം എന്റെ മനസിൽ വരുന്ന വചനവും ഇതു തന്നെയാണ്. ദൈവത്തിന്റെ പ്രവൃത്തി വെളിപ്പെടാനുള്ള ഇടങ്ങളാണ് ഏതൊരു വ്യക്തിയുടെയും കുറവുകൾ.

കാഴ്ചയില്ലാത്തവരും കേൾവിയില്ലാത്തവരും മുടന്തരും നാനാവിധത്തിൽ രോഗികളായ് കഴിയുന്നവരുടെ ജീവിതങ്ങൾ അടുത്തറിയുമ്പോൾ മാത്രമേ അവരിൽ പ്രവർത്തിക്കുന്ന ദൈവകരങ്ങൾ നമ്മൾ തിരിച്ചറിയൂ.

നമ്മുടെ ബലഹീനതകളും കുറവുകളും ദൈവത്തിനു പ്രവർത്തിക്കാനുള്ള അവസരങ്ങളാണെന്ന തിരിച്ചറിവുകൾ നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കും. അവിടെ അദ്ഭുതങ്ങൾ ആരംഭിക്കും.തീർച്ച!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.