സഭാ പിതാക്കന്‍മാര്‍ക്കെതിരെ പ്രകോപന മുദ്രാവാക്യം: പന്തം കൊളുത്തി പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

സഭാ പിതാക്കന്‍മാര്‍ക്കെതിരെ പ്രകോപന മുദ്രാവാക്യം: പന്തം കൊളുത്തി പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

കൊച്ചി: സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനും മറ്റ് സിനഡ് പിതാക്കന്‍മാര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ സഭാ ആസ്ഥാനത്ത് പന്തം കൊളുത്തി പ്രകടനം നടത്തിയവര്‍ കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണ വലയത്തില്‍.

ക്രൈസ്തവ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും വിരുദ്ധമായി മുമ്പെങ്ങും കേള്‍ക്കാത്ത വിധം തികച്ചും വ്യക്തിപരവും അവഹേളന പരവും പ്രകോപന പരവുമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ പ്രകടനത്തില്‍ സാമുദായിക വിരുദ്ധരും സാമൂഹിക വിധ്വംസക പ്രവര്‍ത്തകരും കടന്നു കൂടിയിരുന്നോ എന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പരിശോധിക്കുന്നത്.

ആഗോള കത്തോലിക്ക സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശ പ്രകാരം സീറോ മലബാര്‍ സഭയില്‍ നടപ്പാക്കിയ ഏകീകരിച്ച കുര്‍ബാന ക്രമത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിരലിലെണ്ണാവുന്ന ചില വൈദികരും ഏതാനും അല്‍മായരും നടത്തുന്ന വിമത നീക്കം ഇതിനോടകം തന്നെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ പരക്കേ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഏകീകൃത കുര്‍ബാന ക്രമത്തിനെതിരെ കരുതിക്കൂട്ടി നടത്തിയ വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് തുടക്കത്തില്‍ ചില രൂപതകള്‍ പ്രതികൂല നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് സത്യാവസ്ഥ ബോധ്യപ്പെട്ടപ്പോള്‍ അവരെല്ലാം പുതിയ കുര്‍ബാനക്രമം അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള 35 രൂപതകളില്‍ 34 ലും പരിശുദ്ധ സിഹാസനത്തിന്റെ കല്‍പ്പന പ്രകാരമുള്ള അല്‍ത്താരാഭിമുഖ കുര്‍ബാനയാണ് ചൊല്ലുന്നത്.

അതേ സമയം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും ചില വൈദികരുടെയും അല്‍മായരുടെയും നിസഹകരണത്തെ തുടര്‍ന്ന് ഇവിടെ ഇപ്പോഴും പഴയ രീതിയിലുള്ള ജനാഭിമുഖ കുര്‍ബാനയാണ് തുടര്‍ന്നു വരുന്നത്. എന്നാല്‍ കഴിഞ്ഞ 15 ന് അവസാനിച്ച സീറോ മലബാര്‍ സഭാ സിനഡില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലും ഏകീകരിച്ച കുര്‍ബാനക്രമം നടപ്പാക്കുമെന്ന് മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ വ്യക്തമാക്കിയിരുന്നു.

മറ്റ് സിനഡ് പിതാക്കന്‍മാര്‍ ചേര്‍ന്ന് മാര്‍ ആന്റണി കരിയിലിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് ഇപ്രകാരം പറയിച്ചതെന്നായിരുന്നു വിമതരുടെ വിമര്‍ശനം. പന്തം കൊളുത്തി പ്രകടനത്തിലെ മുദ്രാവാക്യങ്ങളിലും ഇക്കാര്യം മുഴങ്ങി കേട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.