കൂടുതല്‍ മോശം പകര്‍ച്ചവ്യാധികള്‍ ഇനിയും വരാമെന്ന് ബില്‍ ഗേറ്റ്‌സ്;'വര്‍ഷം തോറും വാക്‌സിനെടുക്കേണ്ടി വരും'

 കൂടുതല്‍ മോശം പകര്‍ച്ചവ്യാധികള്‍ ഇനിയും വരാമെന്ന് ബില്‍ ഗേറ്റ്‌സ്;'വര്‍ഷം തോറും വാക്‌സിനെടുക്കേണ്ടി വരും'

വാഷിംഗ്ടണ്‍/ദാവോസ് /ലണ്ടന്‍ : കോവിഡ് -19 നേക്കാള്‍ ഏറെ മോശമായ പകര്‍ച്ചവ്യാധികള്‍ ഇനിയും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ലോക കോടീശ്വരനുമായ ബില്‍ ഗേറ്റ്‌സ്. അടുത്ത ആഗോള 'പൊട്ടിത്തെറി'ക്ക് മുമ്പായുള്ള തയ്യാറെടുപ്പിനായി കോടിക്കണക്കിന് ഡോളര്‍ സംഭാവന ചെയ്യാന്‍ സര്‍ക്കാരുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

കൊറോണ വൈറസിന്റെ വകഭേദങ്ങളായ ഒമിക്റോണും ഡെല്‍റ്റയും ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും തീവ്രമായി പകരുന്ന വൈറസുകളാണെങ്കിലും, ലോകത്തിന് ഇനിയും ഇതുപോലുള്ള ഒരു രോഗകാരിയെ എങ്കിലും അഭിമുഖീകരിക്കേണ്ടിവരുമെന്ന് മനുഷ്യസ്നേഹ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയനായ ശതകോടീശ്വരന്‍ പറഞ്ഞു.ലോകത്തിന്റെ മുന്‍ഗണനകള്‍ 'വിചിത്രമാണ്'. വാക്സിന്‍ അസമത്വം പരിഹരിക്കാനുള്ള വലിയ കടമയുണ്ട് മനുഷ്യസ്നേഹികള്‍ക്കും സമ്പന്ന സര്‍ക്കാരുകള്‍ക്കും -ഗേറ്റ്സ് നിരീക്ഷിച്ചു.

'വാക്സിന്‍ പോലുള്ള കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശതകോടികള്‍ ലാഭിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത മാറ്റിവയ്ക്കണം. ട്രില്യണ്‍ കണക്കിന് വരുന്ന സാമ്പത്തിക നാശനഷ്ടങ്ങളും കോടിക്കണക്കിന് ജീവഹാനികളും ഒഴിവാക്കാന്‍ ഇതാവശ്യമാണ്, നല്ല ഇന്‍ഷുറന്‍സ് പോളിസി പോലെ '.എച്ച്ഐവിയ്ക്കുള്ള വാക്സിനും ക്ഷയരോഗത്തിനും മലേറിയയ്ക്കുമുള്ള കൂടുതല്‍ മികച്ച കുത്തിവയ്പ്പുകളും സൃഷ്ടിക്കുന്നത് പോലെയുള്ള പദ്ധതികളിലേക്കും വ്യാപിപ്പിക്കാനാകും ഇത്തരം സംരംഭങ്ങള്‍.ലോകമെമ്പാടും വാക്‌സിനേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭാവന 300 മില്യണ്‍ ഡോളര്‍

കോവിഡ് -19 നെതിരായ പോരാട്ടത്തിനും ഭാവിയിലെ പകര്‍ച്ച വ്യാധികള്‍ക്കെതിരായ തയ്യാറെടുപ്പിനുമായി ഗേറ്റ്സ് ഫൗണ്ടേഷനും ബ്രിട്ടീഷ് ബയോമെഡിക്കല്‍ ചാരിറ്റിയായ വെല്‍കമും 150 മില്യണ്‍ ഡോളര്‍ വീതം വാഗ്ദാനം ചെയ്തു.ലോകാരോഗ്യ സംഘടനയ്ക്കൊപ്പം വികസ്വര രാജ്യങ്ങളില്‍ കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള സംരംഭമായ കോവാക്സിനുമായി സഹകരിക്കുന്ന ആഗോള സംരംഭമായ കോളിഷന്‍ ഫോര്‍ എപ്പിഡെമിക് പ്രിപ്പേഡ്നെസ് ഇന്നൊവേഷന്‍സിന് (സിഇപിഐ) ഈ 300 മില്യണ്‍ ഡോളര്‍ നല്‍കും.

'ഒമിക്റോണ്‍ അവസാന ജനിതക ഭേദയിരിക്കുമെന്നോ കോവിഡ് -19 അവസാന മഹാവ്യാധി ആയിരിക്കുമെന്നോ ഞങ്ങളാരും വിശ്വസിക്കുന്നില്ല,'- വെല്‍കം ഡയറക്ടര്‍ കൂടിയായ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ജെറമി ഫരാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 'കാര്യക്ഷമമായ യഥാര്‍ത്ഥ ആഗോള പ്രതികരണം ഇക്കാര്യത്തില്‍ ആവശ്യമാണ്'.സര്‍ക്കാരുകള്‍ ഈ രംഗത്തേക്കു സംഭാവനകള്‍ വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സിഇപിഐ യുടെ പുതിയ പഞ്ചവത്സര പ്രവര്‍ത്തന പദ്ധതിയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഈ തുക വരുന്നുള്ളൂ എന്ന് ജെറമി ഫരാര്‍ ചൂണ്ടിക്കാട്ടി.ഒരു പുതിയ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ സമയം 100 ദിവസമായി കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി 3.5 ബില്യണ്‍ ആണു നിലവില്‍ വേണ്ടത്. അടുത്ത മാര്‍ച്ചില്‍ ലണ്ടനില്‍ സംഘടിപ്പിക്കുന്ന സിഇപിഐ കോണ്‍ഫറന്‍സില്‍ ഈ ലക്ഷ്യം ഇനിയും ഉയര്‍ത്താന്‍ വ്യാപകമായ സഹായം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.


വാക്‌സിനേഷന്‍ തുടരേണ്ടി വരും

കുറച്ച് കാലത്തേക്കെങ്കിലും ജനങ്ങള്‍ വര്‍ഷാവര്‍ഷം കോവിഡ് പ്രതിരോധ വാക്‌സിനെടുക്കേണ്ടി വന്നേക്കാമെന്ന് ബില്‍ ഗേറ്റ്‌സ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. എത്ര കാലം വരെ ഈ അവസ്ഥ തുടരുമെന്നു പറയാനാകാത്ത സ്ഥിതിയാണ് ഇപ്പോഴുമുള്ളതെന്ന് ചൈനയിലെ വുഹാനില്‍ 2020 ല്‍ പൊട്ടിപ്പുറപ്പടുന്നതിനു 17 വര്‍ഷം  മുമ്പേ മഹാമാരിയെപ്പറ്റി മുന്നറിയിപ്പു നല്‍കിയിരുന്ന അദ്ദേഹം പറഞ്ഞു.

കോവിഡ്19 പ്രതിരോധ വാക്‌സിനുകള്‍ കൊറോണ വൈറസിന്റെ ഗുരുതര പ്രത്യാഘാതങ്ങളെയും മരണത്തെയും പോലും തടയുന്നുണ്ടെങ്കിലും അവ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നില്ലെന്ന് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറ യുനി മെഡ് സ്‌കൂള്‍ ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് പ്രൊഫസറും ചെയറുമായ ദേവി ശ്രീധര്‍ മുന്‍കയ്യെടുത്ത് ട്വിറ്ററിലൂടെ നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ബില്‍ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി. 'പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ പോലും വൈറസിന്റെ പുതിയതും ശക്തവുമായ വകഭേദങ്ങള്‍ കാരണം വീണ്ടും രോഗബാധിതരാകുന്നു'. കൂടാതെ വാക്‌സിന്റെ ഫലപ്രാപ്തിയുടെ ദൈര്‍ഘ്യം ഇപ്പോഴും വളരെ കുറവാണെന്നും ബില്‍ ഗേറ്റ്‌സ് ട്വിറ്ററില്‍ കുറിച്ചു.

ഗേറ്റ്സ് പറയുന്നതനുസരിച്ച്, കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ക്ക് തുടര്‍ന്നും വെല്ലുവിളിയാകും. ഏറ്റവും ഗുരുതരമായി അത് ബാധിക്കുക വാക്‌സിനേഷന്‍ എടുക്കാത്ത ആളുകളെ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഒമിക്രോണ്‍ ഒരു രാജ്യത്ത് പടര്‍ന്നുപിടിച്ചു കഴിഞ്ഞ് പിന്നാലെ ഇല്ലാതാവുകയും തുടര്‍ന്ന് കോവിഡ് സീസണല്‍ ഫ്‌ളൂ പോലെ പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്ന് ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷത്തേക്കെങ്കിലും ഒമിക്രോണ്‍ ധാരാളം പ്രതിരോധശേഷി സൃഷ്ടിക്കാനാണ് സാധ്യത. കോവിഡിന്റെ കൂടുതല്‍ സംക്രമണ വകഭേദത്തിന് ഇനി സാധ്യതയില്ലെന്നു പറയാമെങ്കിലും അക്കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്നും ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

വീണ്ടും അണുബാധയുണ്ടാക്കാത്തതും വര്‍ഷങ്ങളോളം ഫലപ്രാപ്തി നല്‍കുന്നതുമായ വാക്‌സിനുകള്‍ നമുക്ക് ആവശ്യമാണെന്നും ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു. കോവിഡിന്റെ ഉത്ഭവം മറ്റൊരു ജീവിയില്‍ നിന്നാണെന്ന് തെളിയിക്കുന്ന ഡാറ്റകളുണ്ടെന്ന് പറഞ്ഞ അദ്ദേഹം വുഹാനില്‍ നിന്നുള്ള അനുഭവം മനസിലാക്കി ലാബുകളെല്ലാം അതീവ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ മറ്റ് ജീവജാലങ്ങളില്‍ നിന്ന് മഹാമാരികള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ട്, അതിനാല്‍ തയ്യാറായി നില്‍ക്കുന്നതിന് ധാരാളം നിക്ഷേപം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


മാസ്‌ക് ഒഴിവാക്കാനായേക്കും,
ഉടനെയല്ല : ഡോ.ഫൗസി

അതേസമയം, വരുംകാലത്ത് എങ്ങനെയായിരിക്കും കോവിഡിന്റെ ഭാവി എന്നു പ്രവചിക്കുന്നത് ദുഷ്‌കരമായിരിക്കുമെന്ന് യുഎസിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. അന്തോണി ഫൗസി പറഞ്ഞു. എന്നാല്‍ ഭാവിയില്‍ എന്നും മനുഷ്യര്‍ക്ക് മാസ്‌കിട്ട് പുറത്തിറങ്ങേണ്ടി വന്നേക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു ഡോ.ഫൗസി. ഒമിക്രോണ്‍ കൊവിഡിന്റെ അവസാനത്തെ വകഭേദമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 മഹാമാരി അവസാനിക്കാന്‍ ഇനിയും ഏറെ നാള്‍ വേണ്ടി വരുമെന്നാണ് ലോകമെമ്പാടുമുള്ള വൈറോളജി വിദഗ്ധരുടെ പൊതു അഭിപ്രായം. വൈറസിന്റെ പകര്‍ച്ചാ ശേഷിയും ഇനി വരാനിരിക്കുന്ന വകഭേദങ്ങളുടെ തീവ്രതയും ആയിരിക്കും കോവിഡിന്റെ ഭാവി നിശ്ചയിക്കുക എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനിടയിലാണ് മഹാമാരിയുടെ സ്വഭാവം വരുംവര്‍ഷങ്ങളില്‍ എങ്ങനെയായിരിക്കുമെന്ന ഡോ. ഫൗസിയുടെ നിരീക്ഷണം.

'ഒമിക്രോണിന് വലിയ പകര്‍ച്ചാശേഷിയുണ്ട്, എന്നാല്‍ രോഗതീവ്രത കുറവാണ്. ഇതു തന്നെ ഭാവിയിലും തുടരുമെന്നു നമുക്ക് പ്രതീക്ഷിക്കാം, എന്നാല്‍ ഇതെല്ലാം ഇനി വരാനിരിക്കുന്ന വകഭേദങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചുള്ള കാര്യങ്ങളാണ്.' ഡോ. അന്തോണി ഫൗസി പറഞ്ഞു. അതേസമയം, ആരോഗ്യരംഗത്തെ പിന്നോട്ടടിക്കുന്ന തരത്തില്‍ വലിയ തോതില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.