സിവില്‍ സര്‍വീസുകാരുടെ ഡെപ്യൂട്ടേഷന്‍: നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി

സിവില്‍ സര്‍വീസുകാരുടെ ഡെപ്യൂട്ടേഷന്‍: നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി

തിരുവനന്തപുരം: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നേരിട്ട് നടത്താന്‍ നിയമഭേദഗതി കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കേന്ദ്ര നീക്കം സംസ്ഥാനങ്ങളുടെ അധികാരം കവരുമെന്നാണ് വിലയിരുത്തല്‍. ഭേദഗതി വന്നാല്‍ ഏത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെയും നിര്‍ബന്ധപൂര്‍വം കേന്ദ്ര സര്‍വീസിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനാവും.

ശാരദാ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കാനെത്തിയ സി.ബി സംഘത്തെ പശ്ചിമ ബംഗാളില്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് നേരിട്ടെത്തി സമാധാനം ബോധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി മമതാ ബാനര്‍ജി തടഞ്ഞതാണ് പുതിയ നിയമം കൊണ്ടുവരാന്‍ കാരണം.

നിലവില്‍ തിരഞ്ഞെടുപ്പ് നിയമപ്രകാരം ഇലക്ഷന്‍ കമ്മിഷന് മാത്രമാണ് ഏത് ഉദ്യോഗസ്ഥനെയും നിരീക്ഷകനായി നിയമിക്കാന്‍ അധികാരമുള്ളത്. പക്ഷെ അത് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെയാണ്. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ (എന്‍.ഒ.സി) കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിക്കാനാവില്ല. കേന്ദ്രം അനുവദിച്ചാലും സംസ്ഥാനം വിടുതല്‍ ഉത്തരവിറക്കാതെ പോകാനാവില്ല.

സംസ്ഥാനങ്ങളിലെ കേഡര്‍ തസ്തികകളില്‍ 40ശതമാനം ഡെപ്യൂട്ടേഷന്‍ റിസര്‍വാണ്. അതായത് കേന്ദ്രം ആവശ്യപ്പെടുമ്പോള്‍ വിട്ടു നല്‍കാനുള്ളത്. ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ സെക്രട്ടറി വരെ കേന്ദ്രത്തിലെ തസ്തികകളെല്ലാം ഓപ്പണ്‍ തസ്തികകളാണ്. ഏത് കേഡറില്‍ നിന്നും സര്‍വീസില്‍ നിന്നും യോഗ്യരായവരെ നിയമിക്കാം. കരാര്‍ നിയമനവുമാവാം. മുന്‍പ് ഊര്‍ജ്ജ സെക്രട്ടറിയായി റിലയന്‍സില്‍ നിന്ന് വിരമിച്ചയാളെ നിയമിച്ചിട്ടുണ്ട്.

ഉത്തരേന്ത്യക്കാര്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ തരപ്പെടുത്തി പോകാനൊരുങ്ങിയാല്‍ സംസ്ഥാനത്തിന് തടയാനാവില്ല. ഇതോടെ പദ്ധതി നടത്തിപ്പടക്കം അവതാളത്തിലാവും. കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ ഭേദഗതിയെ എതിര്‍ക്കാന്‍ കാരണം ഇതാണ്. 1954 ലെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് റൂള്‍സിലെ റൂള്‍ ആറ് ഭേദഗതി ചെയ്യാനാണ് കേന്ദ്രനീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.