ഒട്ടാവ: യുഎസ്-കാനഡ അതിര്‍ത്തിയില്‍ സ്ത്രീയും പിഞ്ചു കുഞ്ഞും അടക്കം നാല് ഇന്ത്യക്കാര്‍ കടുത്ത ശൈത്യത്തില്‍പെട്ട് മരിച്ചു. ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം. സംഘത്തിലെ മറ്റ് ഏഴു പേരെ അവശനിലയില്‍ കനേഡിയന്‍ പോലീസ് രക്ഷിച്ചു. ഇവരെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മൈനസ് 35 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ താപനില. അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 12 മീറ്റര്‍ മാത്രം അകലെയായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരുടെ വിവരങ്ങള്‍ അറിയാനുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
കാനഡ അതിര്‍ത്തിക്കുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞെട്ടിക്കുന്ന വാര്‍ത്തയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ പ്രതികരിച്ചു. അടിയന്തര ഇടപെടല്‍ നടത്താന്‍ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കി. ഇന്ത്യന്‍ സംഘം അപകട സ്ഥലത്തേക്കു പോകുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയ അറിയിച്ചു. രണ്ട് മുതിര്‍ന്നവരും ഒരു കൗമാരക്കാരനും പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്നും പോലീസ് അറിയിച്ചു.
മനുഷ്യക്കടത്തുകാരാവാം കുടുംബത്തെ ഇവിടെയെത്തിച്ചതെന്നാണ് അനുമാനം. സംഭവത്തില്‍ ഫ്ളോറിഡക്കാരനായ സ്റ്റീവ് ഷാന്‍ഡ് (47) എന്നയാളെയാണ് വ്യാഴാഴ്ച അറസ്റ്റുചെയ്തത്. യാത്രക്കാരില്‍നിന്ന് വന്‍തുക പ്രതിഫലം പറ്റി മനുഷ്യക്കടത്തുനടത്തുന്ന സംഘത്തിലെ കണ്ണിയാണിയാള്‍ എന്നാണ് കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.