സിറിയയില്‍ കൂട്ടാളികളെ മോചിപ്പിക്കാന്‍ ഐ.എസ് ഭീകരര്‍ നടത്തിയ ജയില്‍ ആക്രമണം പാളി ; 30 മരണം

സിറിയയില്‍ കൂട്ടാളികളെ മോചിപ്പിക്കാന്‍ ഐ.എസ്  ഭീകരര്‍ നടത്തിയ ജയില്‍ ആക്രമണം പാളി ; 30 മരണം

ബെയ്റൂട്ട്: തീവ്രവാദി സംഘത്തിലെ തടവുകാരെ മോചിപ്പിക്കാന്‍ വടക്കുകിഴക്കന്‍ സിറിയയിലെ ജയിലിന് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് നടത്തിയ ഭീകരാക്രമണത്തില്‍ മുപ്പതിലേറെ മരണമെന്ന് റിപ്പോര്‍ട്ട്. 23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും യു.എസ് പിന്തുണയുള്ള കുര്‍ദിഷ് സേനയിലെ ഏഴ് പേരും കൊല്ലപ്പെട്ടതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ മീഡിയ സെന്റര്‍ മേധാവി ഫര്‍ഹാദ് ഷാമി പറഞ്ഞു.ഡസന്‍ കണക്കിനു പേര്‍ക്ക് പരിക്കേറ്റു.

കുര്‍ദിഷ് നിയന്ത്രണത്തിലുള്ള നഗരമായ ഹസാക്കയിലെ ഘുവൈറാന്‍ ജയിലിനുനേരെയുണ്ടായ ആക്രമണം ഏറ്റവും ഗുരുതരമായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങളിലൊന്നായി പരിണമിച്ചതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി തടവുകാരുടെ കലാപത്തിനു പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജയിലിന് സമീപം കാര്‍ ബോംബ് സ്ഫോടനം നടത്തി. തുടര്‍ന്ന് ആക്രമണവും പ്രത്യാക്രമണവും നഗരത്തിലേക്ക് വ്യാപിച്ച് വെള്ളിയാഴ്ച മുഴുവന്‍ തുടര്‍ന്നു.യു എസ് സേനയ്ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു

'ഇപ്പോഴും ജയിലിന് സമീപമുള്ള പല വീടുകളെയും കെട്ടിടങ്ങളെയും കേന്ദ്രീകരിച്ച് ഏറ്റുമുട്ടലുകള്‍ നടക്കുന്നു. ഭീകരര്‍ സിവിലിയന്മാരുടെ പിന്നില്‍ ഒളിച്ച് അവരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു,'- എസ് ഡി എഫ് വക്താവ് മെര്‍വാന്‍ ഖാമിഷ്ലോ പറഞ്ഞു. യുഎസ് പിന്തുണയുള്ളതാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ്. അഞ്ച് ഐ.എസ് തടവുകാര്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞു. ഇവരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ജയിലിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍ പറഞ്ഞു.

2019 നു ശേഷം ഐഎസ് നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.വടക്ക് കിഴക്കന്‍ സിറിയയിലെ ഹസാക്ക ജയിലില്‍ ഐ.എസ് അംഗങ്ങളെന്ന് സംശയിക്കുന്നവരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.ആക്രമണം നടത്തിയ ഐ.എസ് ഭീകരര്‍ ജയിലിന് സമീപമുള്ള അല്‍ സുഹൂരിലെ സാധാരണക്കാരുടെ വീടുകളില്‍ ഒളിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലിന്റെ പരിസരത്തും ചുറ്റുമുള്ള അയല്‍പ്രദേശങ്ങളിലും സുരക്ഷാ നടപടികള്‍ തുടരുകയാണ്.

ഇസ്ലാമിക് സ്റ്റേറ്റിന് സിറിയയിലെ അവസാന പ്രദേശം നഷ്ടപ്പെട്ട് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷവും, ഗ്രൂപ്പിലെ 10,000 ത്തോളം അംഗങ്ങള്‍ യുഎസ് പിന്തുണയുള്ള കുര്‍ദിഷ് ഭരണകൂടം ഭരിക്കുന്ന രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ വിചാരണ തടങ്കലില്‍ തുടരുന്നു. സെല്ലുകള്‍ തിങ്ങിനിറഞ്ഞു.ആരോഗ്യ സംരക്ഷണം പരിമിതമാണ്.തടവിലാക്കപ്പെട്ടവരില്‍ കുട്ടികളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. തടവുകാരില്‍ പലരും വിദേശികളാണെന്നും പ്രാദേശിക ഭരണകൂടത്തിന് ഒറ്റയ്ക്ക് ഭാരം വഹിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി മേഖലയുടെ നേതാക്കള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് സഹായത്തിനായി പല തവണ അപേക്ഷിച്ചിരുന്നു.

ഐ എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവം

വ്യാഴാഴ്ച രാത്രി, പ്ലാസ്റ്റിക് വസ്തുക്കളും പുതപ്പുകളും കൂട്ടിയിട്ടു കത്തിച്ച് ബഹളമുണ്ടാക്കിയ ശേഷം ഒട്ടേറെ തടവുകാര്‍ ജയില്‍ ചാടി. ഇവരില്‍ 89 പേരെ ഉടന്‍ തന്നെ പിടികൂടി തിരികെയെത്തിച്ചതായി എസ്ഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.യുഎസ് സൈന്യം തിരച്ചിലിന് വ്യോമ പിന്തുണ നല്‍കി.ഏറ്റുമുട്ടലില്‍ പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ക്ക് കേടുപാടു സംഭവിച്ചതായും ഹസാക്കയുടെ മധ്യഭാഗത്തും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും ഇലക്ട്രിസിറ്റി കമ്പനി മേധാവിയെ ഉദ്ധരിച്ച് സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


ആഗോള യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെ സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള പ്രാദേശിക സൈന്യം 2019 ലാണ് ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തിയത്.പരാജയത്തിന് ശേഷവും, വടക്കുകിഴക്കന്‍, കിഴക്കന്‍ പ്രവിശ്യകളിലെ സ്ലീപ്പര്‍ സെല്ലുകളില്‍ നിന്ന് സിറിയന്‍ സൈന്യവും എസ്ഡിഎഫും ഉള്‍പ്പെടെയുള്ള സായുധ ഗ്രൂപ്പുകള്‍ക്ക് നേരെ ആക്രമണം ആവര്‍ത്തിക്കുന്നു.ഇറാഖിലും അവരുടെ സാന്നിധ്യമുണ്ട്. മധ്യ ദിയാല പ്രവിശ്യയില്‍ ഒറ്റ രാത്രി കൊണ്ട് 11 സൈനികരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതായി സൈന്യം വെള്ളിയാഴ്ച പറഞ്ഞു.

നാല് വര്‍ഷം മുമ്പ് ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഔദ്യോഗികമായി പരാജയപ്പെട്ടെങ്കിലും, ശേഷിക്കുന്ന തീവ്രവാദികള്‍ തങ്ങളുടെ പ്രദേശത്തുടനീളമുള്ള സുരക്ഷാ പഴുതുകള്‍ ചൂഷണം ചെയ്യുന്നത് തടയാന്‍ സുരക്ഷാ സേന പാടുപെടുന്നതായാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തിനു സഹായകമാകുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റിന് കഴിയുന്നില്ല.

തീവ്രവാദികള്‍ക്കെതിരായ സമീപകാല ഓപ്പറേഷനുകളില്‍, പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത പോരാളികള്‍ പലപ്പോഴും കൗമാരപ്രായത്തിലുള്ളവരാണെന്ന് ഇറാഖ് സുരക്ഷാ സേനയിലെ അംഗങ്ങള്‍ പറഞ്ഞു. അവര്‍ അടുത്തിടെ റിക്രൂട്ട് ചെയ്തവരോ അല്ലെങ്കില്‍ ഗ്രൂപ്പിനോട് ദീര്‍ഘകാലമായി അനുഭാവം പുലര്‍ത്തുന്ന കുടുംബങ്ങളിലെ കുട്ടികളോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സിറിയയിലും ഇറാഖിലും വ്യാഴാഴ്ച നടന്ന ആക്രമണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് സൂചനകളൊന്നുമില്ല. എന്നിരുന്നാലും രണ്ട് രാജ്യങ്ങളിലും ഈ സംഘം ഗണ്യമായ ഭീഷണിയായി തുടരുന്നുവെന്ന് ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നു. സഖ്യസേനാ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഇറാഖിലെയും സിറിയയിലെയും സ്ലീപ്പര്‍ സെല്ലുകള്‍ സ്വയം ഉള്‍ക്കൊള്ളുന്ന യൂണിറ്റുകളായി പ്രവര്‍ത്തിക്കുകയും ഏകോപനമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍-കാദിമി തന്റെ ട്വിറ്ററിലൂടെ ആക്രമണത്തെ വിശേഷിപ്പിച്ചത് 'നിര്‍ണ്ണായക ശിക്ഷ ഉറപ്പുള്ള ഭീകര കുറ്റകൃത്യം' എന്നാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.