പൗലോസ് അപ്പസ്‌തോലന്റെ പ്രീയ ശിഷ്യരായിരുന്ന വിശുദ്ധ തിമോത്തിയോസും തീത്തൂസും

പൗലോസ് അപ്പസ്‌തോലന്റെ പ്രീയ ശിഷ്യരായിരുന്ന വിശുദ്ധ തിമോത്തിയോസും തീത്തൂസും

അനുദിന വിശുദ്ധര്‍ - ജനുവരി 26

വിശുദ്ധ തിമോത്തിയോസ്

വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ പ്രീയ ശിഷ്യനായിരുന്ന വിശുദ്ധ തിമോത്തിയോസ് ഏഷ്യാ മൈനറില്‍ ലിസ്ത്രാ എന്ന സ്ഥലത്താണ് ജനിച്ചത്. അമ്മ ഒരു യഹൂദ സ്ത്രീയും അച്ഛന്‍ വിജാതീയനുമായിരുന്നു. പിന്നീട് അമ്മൂമ്മയായിരുന്ന ലോയിസും മാതാവായ യൂണിസും യുവാവായ തിമോത്തിയോസും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചു. യുവത്വത്തില്‍ തന്നെ തിമോത്തിയോസ് വിശുദ്ധ ലിഖിതങ്ങള്‍ തന്റെ പഠന വിഷയമാക്കിയിരുന്നു.

വിശുദ്ധ പൗലോസ് ഒരിക്കല്‍ ലിസ്ത്രായില്‍ വന്നപ്പോള്‍ തിമോത്തിയോസിനെ തന്റെ സഹചാരിയായി തിരഞ്ഞെടുത്തു. 'ദൈവീക മനുഷ്യന്‍' എന്നാണ് പൗലോസ് തിമോത്തിയോസിനെ പിന്നീട് വിശേഷിപ്പിച്ചിരുന്നത്. തിമോത്തിയൂസിനെ പോലെ തന്റെ ആത്മാവിനോടു ചേര്‍ന്നിരിക്കുന്ന മറ്റാരെയും താന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന് ഫിലിപ്പിയര്‍ക്കു എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്.

ലിസ്ത്രായില്‍ നിന്നും വിശുദ്ധ പൗലോസ് ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്കും അവിടെ നിന്ന് മാസിഡോണിയയിലേക്കും പ്രേക്ഷിത പ്രവര്‍ത്തനത്തിനെത്തിയപ്പോള്‍ തിമോത്തിയോസിനെയും ഒപ്പം കൂട്ടി. പിന്നീട് ഫിലിപ്പി, തെസലോണിക്ക, ബെറിയ എന്നിവിടങ്ങളിലും സുവിശേഷം പ്രസംഗിച്ചു. ജൂതന്‍മാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബെറിയ വിടുവാന്‍ തീരുമാനിച്ചപ്പോള്‍ അവിടെ താന്‍ മതപരിവര്‍ത്തനം ചെയ്തവരുടെ വിശ്വാസം കാത്തുസൂക്ഷിച്ചു പോകുന്നതിനായി തിമോത്തിയോട് അവിടെ തന്നെ തുടരുവാന്‍ പൗലോസ് ആവശ്യപ്പെട്ടു.

പിന്നീട് ഏഥന്‍സിലെത്തിയപ്പോള്‍ തിമോത്തിയെ തിരിച്ചു വിളിച്ചെങ്കിലും തെസലോണിക്കയിലെ ക്രിസ്ത്യാനികള്‍ കടുത്ത മതപീഡനത്തിന് ഇരയാവുന്നെന്ന വാര്‍ത്ത അറിഞ്ഞയുടന്‍ അവിടത്തെ ക്രിസ്ത്യാനികള്‍ക്ക് ധൈര്യവും ആവേശവും പകരുന്നതിനായി തിമോത്തിയെ അവിടേക്ക് അയച്ചു. ദൗത്യം പൂര്‍ത്തിയായപ്പോള്‍ തിമോത്തിയോസ് കൊറീന്ത്യയിലുണ്ടായിരുന്ന തന്റെ ഗുരുവിനെ കണ്ട് താന്‍ ചെയ്ത കാര്യങ്ങളെപ്പറ്റി അദ്ദേഹത്തെ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് വിശുദ്ധ പൗലോസ് തെസലോണിയക്കാര്‍ക്കുള്ള തന്റെ ആദ്യത്തെ ലേഖനം എഴുതുന്നത്.

കൊറീന്ത്യയില്‍ നിന്നും വിശുദ്ധ പൗലോസ് ജെറുസലേമിലെത്തി. അവിടെ നിന്നും എഫേസൂസിലും അവിടെ ഏതാണ്ട് രണ്ടുവര്‍ഷത്തോളം ചിലവഴിച്ചതിന് ശേഷം എഡി 58 ല്‍ ഗ്രീസിലേക്കും മടങ്ങുവാന്‍ തീരുമാനിച്ചു. തന്റെ വരവിനെകുറിച്ച് വിശ്വാസികളെ ധരിപ്പിക്കുവാനും ജെറുസലേമിലെ ക്രിസ്ത്യാനികള്‍ക്ക് താന്‍ കൊടുക്കുവാന്‍ ഉദ്ദേശിക്കുന്ന സംഭാവനകള്‍ ശേഖരിക്കുവാനുമായി അദ്ദേഹം തിമോത്തിയോസിനെയും ഇറാസ്റ്റസിനേയും തനിക്ക് മുന്‍പേ മാസിഡോണിയ വഴി ഗ്രീസിലേക്കയച്ചു.

കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം തിമോത്തിയോസ് കൊറീന്ത്യയിലേക്ക് പോയി. അവിടത്തെ ക്രിസ്ത്യാനികളുടെ വിശ്വാസം നവീകരിക്കുകയും ദൈവീക സ്‌നേഹത്തിലേക്ക് അവരെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. വിശുദ്ധ പൗലോസ്, തിമോത്തീയൂസിന്റെ തിരിച്ചുവരവിനായി ഏഷ്യയില്‍ കാത്തിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒരുമിച്ചു മാസിഡോണിയയിലേക്കും അക്കയ്യായിലേക്കും പോയി. ഫിലിപ്പിയില്‍ വെച്ച് തിമോത്തിയും പൗലോസും വേര്‍പിരിഞ്ഞുവെങ്കിലും ട്രോവാസില്‍ അവര്‍ വീണ്ടും ഒരുമിച്ചു.

പലസ്തീനായിലേക്ക് തിരിച്ചുവരുന്നതിനിടെ പൗലോസ് ശ്ലീഹാ സീസറിയായില്‍ വെച്ച് തടവിലായി. രണ്ടുവര്‍ഷത്തെ തടവിനുശേഷം അദ്ദേഹത്തെ റോമിലേക്കയച്ചു. ഇക്കാലമത്രയും തിമോത്തിയും അപ്പസ്‌തോലന്റെ കൂടെതന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തിമോത്തിയോസും ക്രിസ്തുവിനു വേണ്ടി തടവില്‍ കിടക്കുകയും നിരവധി സാക്ഷികള്‍ക്ക് മുന്‍പില്‍ യേശുവിന്റെ നാമം ഏറ്റു പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് സ്വതന്ത്രനാക്കപ്പെട്ട അദ്ദേഹം അധികം വൈകാതെ മെത്രാനായി അഭിഷിക്തനായി.

വിശുദ്ധ പൗലോസാകട്ടെ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ റോമില്‍ നിന്നും കിഴക്കില്‍ മടങ്ങിയെത്തുകയും എഫേസൂസിലെ സഭയെ ഭരിക്കുന്നതിനായും പുരോഹിതരേയും ശെമ്മാച്ചന്‍മാരേയും കൂടാതെ മെത്രാന്‍മാരെയും വരെ അഭിഷിക്തരാക്കുന്നതിനുമായി വിശുദ്ധ തിമോത്തിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 'അപ്പസ്‌തോലന്‍ വിശുദ്ധ തിമോത്തിയോസിനെ ഏഷ്യയിലെ മുഴുവന്‍ സഭയേയും ഭരിക്കുന്നതിനായി നിയമിച്ചു' എന്നാണു സഭാപിതാക്കന്മാര്‍ രേഖപ്പെടുത്തുന്നത്. എഫേസൂസിലെ ആദ്യത്തെ മെത്രാന്‍ വിശുദ്ധ തിമോത്തിയോസാണെന്നാണ് പറയപെടുന്നത്.

മാസിഡോണിയയില്‍ നിന്നുമാണ് വിശുദ്ധ പൗലോസ് തിമോത്തിയോസിനുള്ള തന്റെ ആദ്യത്തെ കത്തെഴുതുന്നത്. ഒരിക്കല്‍കൂടി തന്നെ സന്ദര്‍ശിക്കുവാന്‍ വിശുദ്ധ പൗലോസ് തിമോത്തിയോസിനോടാവശ്യപ്പെട്ടിരുന്നു. മരിക്കുന്നതിനു മുന്‍പായി തിമോത്തിയോസിനെ ഒരുനോക്ക് കാണുവാന്‍ വേണ്ടിയായിരുന്നു അത്. മരണത്തിനു മുന്‍പ് വിശുദ്ധ പൗലോസ് തന്റെ അഭിഷേക സമയത്ത് സ്വീകരിച്ച പരിശുദ്ധാത്മാവിനെ നവീകരിക്കുവാന്‍ പ്രേരിപ്പിക്കുകയും സഭയെ അലട്ടിയിരുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചു തിമോത്തിയൂസിനു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

വിശുദ്ധ തിമോത്തിയോസ് വെറും വെള്ളം മാത്രമേ കുടിച്ചിരുന്നുള്ളൂ. കഠിന സന്യാസം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. വിശുദ്ധ യോഹന്നാന്‍ എഫേസൂസില്‍ വരുന്നതിനു മുന്‍പ് വിശുദ്ധ പൗലോസ്, തിമോത്തിയോസിനെ അവിടത്തെ മെത്രാനായി വാഴിച്ചു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ യോഹന്നാന്‍ അപ്പസ്‌തോലനായി ആ നഗരത്തില്‍ താമസിക്കുകയും ഏഷ്യയിലെ മുഴുവന്‍ സഭകളുടേയും മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്നു എന്നൊരു വിശ്വാസം നിലവിലുണ്ട്. പുരാതന രക്തസാക്ഷി പട്ടികയില്‍ വിശുദ്ധ തിമോത്തിയോസിനെ ഒരു രക്തസാക്ഷിയായിട്ടാണ് പരാമര്‍ശിച്ചിരിക്കുന്നത്.

ചരിത്ര രേഖകള്‍ പ്രകാരം ഏ.ഡി 97 ല്‍ അര്‍വാ ചക്രവര്‍ത്തിയുടെ കാലത്ത് വിഗ്രഹാരാധകര്‍ വിശുദ്ധ തിമോത്തിയോസിനെ കല്ലെറിഞ്ഞും ദണ്ഡുകളാല്‍ പീഡിപ്പിച്ചും കൊലപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്. ഈ വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ കോണ്‍സ്റ്റാന്റിയൂസിന്റെ ഭരണകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാറ്റിയതായി കരുതപ്പെടുന്നു.

വിശുദ്ധ തീത്തൂസ്

തിമോത്തിയോസിനെപ്പോലെ തന്നെ പൗലോസ് സ്ലീഹായുടെ വിശ്വസ്ത സ്‌നേഹിതനും ശിഷ്യനും സന്തത സഹചാരിയുമായിരുന്നു വിശുദ്ധ തീത്തൂസ്. അന്ത്യോക്യയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം ഗ്രീക്കുകാരനാണ്. വിജതീയനായ തീത്തൂസിനെ ശ്ലീഹ പരിചേദനം ചെയ്യാന്‍ നിര്‍ബന്ധിച്ചില്ല. ഒരു ഭരണ കര്‍ത്താവും സമധാന പാലകനും ആയിട്ടാണ് തീത്തൂസ് അറിയപ്പെടുന്നത്. പൗലോസ് സ്ലീഹാ കോറിന്തോസുക്കാര്‍ക്കെഴുതിയ ലേഖനങ്ങളില്‍ തീത്തൂസിനെ പറ്റി എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്.

'നിങ്ങളെ പ്രതി തീത്തൂസിന്റെ ഹൃദയത്തിലും തീക്ഷണത നിവേശിപ്പിച്ച ദൈവത്തിനു നന്ദി. അദ്ദേഹം ഉപദേശം സ്വീകരിക്കുക മാത്രമല്ല, അത്യുല്‍സാഹത്തോടെ സ്വമനസാലെ നിങ്ങളുടെ അടുക്കലേയ്ക്ക് വരികയും ചെയ്തു.(2: കോറി. 7-8). കൊറിന്ത്യര്‍ക്കുള്ള ഈ ലേഖനത്തില്‍ പൗലോസ് സ്ലീഹാ വീണ്ടും വീണ്ടും തീത്തൂസിന്റെ സേവനങ്ങളെ വര്‍ണിക്കുന്നുണ്ട്.

തീത്തൂസ് ക്രീറ്റ് എന്ന ദ്വീപില്‍ സഭാ ഭരണം നടത്തിയെന്നാണ് പൗലോസ് സ്ലീഹാ തീത്തൂസിനെഴുതിയ ലേഖനങ്ങളില്‍ നിന്ന് മനസിലാവുന്നത്. വിശുദ്ധ പൗലോസിന്റെ രക്തസാക്ഷിത്വത്തിനു ശേഷം 27 കൊല്ലം തീത്തൂസ് ജീവിച്ചിരുന്നതായും അത് കഴിഞ്ഞു രക്ത സാക്ഷിയായതായും ആണ് കരുതപ്പെടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ദക്ഷിണ ഇറ്റലിയിലെ അത്തനേഷ്യസ്

2 സിസ്റ്റേഴ്‌സിയന്‍ സഭയുടെ മൂന്നു സ്ഥാപകരിലൊരാളായ അല്‍ബെറിക്

2. സ്പാനിഷ് ഗലീസിയായിലെ അന്‍സുരിയൂസ്, അര്‍സ്റ്റാര്‍ഗായിലെ അല്‍ഫോണ്‍സ്.

'അനുദിന വിശുദ്ധര്‍'എന്ന ഈ ആത്മിയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.