വത്തിക്കാന്‍ സിറ്റി: ബാഹ്യ ആരാധനയിലൊതുങ്ങുന്ന മതവിശ്വാസത്തിനപ്പുറത്തേക്കു ജീവിതത്തെ വളര്‍ത്തുന്ന ദൈവവചനത്തിന്റെ പ്രാധാന്യം തിരിച്ചറിയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്ത ലോകത്തു നിന്നു പുറത്തു കടന്ന് സ്വര്‍ഗീയ സ്‌നേഹത്തിന്റെ ശാന്തമായ ശക്തിയോടെ സഹോദരീ സഹോദരന്മാരെ കണ്ടുമുട്ടാന്‍ ദൈവത്തിന്റെ വെളിപ്പെടുത്തലുകള്‍ നമ്മെ പ്രേരിപ്പിക്കുന്നുവെന്നും ഞായറാഴ്ച ദിവ്യബലിയിലെ വചന സന്ദേശത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി. 'ദൈവവചനം ദൈവത്തെ വെളിപ്പെടുത്തുന്നു; നമ്മെ മനുഷ്യരിലേക്ക് നയിക്കുന്നു'.
മനുഷ്യരാശിയുമായുള്ള ദൈവത്തിന്റെ ബന്ധം ഒരിക്കലും ഉദാസീനതയോടെയുള്ളതല്ല. മറിച്ച് മനുഷ്യകുലത്തോടുള്ള കരുതലും ദൈവിക സാമീപ്യവുമാണ് എപ്പോഴും മുന്നിട്ടുനിന്നിട്ടുള്ളത്. 'ദരിദ്രരേയും അടിച്ചമര്‍ത്തപ്പെട്ടവരേയും സ്വതന്ത്രരാക്കാനാണ് ' താന്‍ വന്നത് എന്ന് ഏശയ്യാ പ്രവാചകനിലൂടെ യേശു സുവിശേഷത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. നമ്മുടെ ഭീതികളുടെ ചാരത്തില്‍ നിന്ന് പ്രത്യാശയുടെ തിരി തെളിച്ച് ദു:ഖങ്ങളുടെ ചക്രവാളത്തില്‍ സന്തോഷം വീണ്ടും കണ്ടെത്താന്‍ സഹായിക്കുന്ന വചനമാണത്. മനുഷ്യന്റെ നിരാശാ ഭരിതമായ ഏകാന്ത വികാരങ്ങളെയും വിഹ്വലതകളെയും പ്രത്യാശ കൊണ്ട് നിറയ്ക്കുന്നു ഈ വചനം.വിശ്വാസത്തെ പരിപോഷിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ദൈവ വചനത്തെ നമ്മുടെ പ്രാര്‍ത്ഥനയുടേയും ആത്മീയ ജീവിതത്തിന്റെയും കേന്ദ്രത്തിലേക്ക് തിരികെ വയ്ക്കാമെന്നും പാപ്പാ പറഞ്ഞു.
ദൈവത്തെ കണ്ടെത്തുമ്പോള്‍ ' നമ്മെ സ്പര്‍ശിക്കാത്തതും നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താത്തതുമായ ബാഹ്യ ആരാധനയിലേക്ക് ചുരുങ്ങിപ്പോയ ഒരു മതവിശ്വാസത്തില്‍ സ്വയം അടച്ചിടാനുള്ള പ്രലോഭനത്തെ നമ്മള്‍ മറികടക്കുന്നു'- പാപ്പാ പറഞ്ഞു. നസ്രത്തിലെ സിനഗോഗില്‍ പ്രസംഗിക്കവേ, ദരിദ്രരുടെ വിമോചനത്തിനായാണ് താന്‍ അയക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കി യേശു. അയല്‍ക്കാരന്റെ പരിപാലനമാണ് ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ആരാധനയെന്ന് നമുക്കു കാണിച്ചു തരികയായിരുന്നു ഇതുവഴിയെന്നും പാപ്പാ പറഞ്ഞു.
ദൈവവചനം തീര്‍ച്ചയായും നമ്മെ മാറ്റിമറിക്കുന്നു; ദരിദ്രരുടെ മേല്‍ ക്രമാതീതമായി പ്രതിഫലിക്കുന്ന ഈ ലോകത്തിലെ വേദനകളോടു നിസ്സംഗത പുലര്‍ത്താതിരിക്കാന്‍ അത് നമ്മെ വെല്ലുവിളിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു എന്നും പാപ്പാ ചൂണ്ടിക്കാട്ടി. ' ദൈവാരാധനയും മനുഷ്യരുടെ പരിപാലനവും സംയോജിപ്പിച്ചു കൊണ്ട് പ്രവര്‍ത്തിക്കാന്‍ അത് നമ്മെ നിര്‍ബ്ബന്ധിക്കുന്നു'
ദൈവ വചനത്തിന് യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലെന്ന വ്യാഖ്യാനവുമായുള്ള 'ദേവദൂത ആത്മീയത ' സഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രലോഭനമായിട്ടുണ്ട്.ഇതു മറികടന്ന് സഹോദരീ സഹോദരരോട് ഒരിക്കലും നിസ്സംഗതരാകാതെ തങ്ങളുടെ സര്‍ഗ്ഗാത്മകവും പ്രവചനാത്മകവുമായ സമ്പര്‍ക്കത്തിലൂടെ അവരിലേക്കെത്തി, അനുദിന ജീവിതത്തിന്റെ മൂര്‍ത്തമായ സാഹചര്യങ്ങളില്‍ മാംസം ധരിക്കേണ്ടതാണ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവവചനം എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.സഭയില്‍ ഉടനീളം ആരംഭിച്ചിരിക്കുന്ന സിനഡല്‍ യാത്രയെ നയിക്കുന്ന വിളക്കുമാടം കൂടിയാണ് ദൈവവചനം. 'വചനം ഇന്ന് മാംസം ധരിക്കാന്‍ ആഗ്രഹിക്കുന്നു'
ദിവ്യബലിയില്‍ വച്ചു നല്‍കിയ വേദപാഠകശുശ്രൂഷാ പദവിയെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ട്, 'യേശുവിനെ പ്രഘോഷിക്കാനും, സുവിശേഷത്തെ സേവിക്കാനും, അങ്ങനെ യേശുവില്‍ നിന്നുള്ള സമാശ്വാസവും, ആനന്ദവും, വിമോചനവും എല്ലാവരിലും എത്തിക്കുവാനുമുള്ള പ്രധാന ദൗത്യത്തിലേക്കാണ് വേദപാഠകശുശ്രൂഷര്‍ വിളിക്കപ്പെട്ടിരിക്കുന്നത്' എന്ന് പാപ്പാ വിശദീകരിച്ചു.ഇത് എല്ലാ ക്രൈസ്തവരുടേയും ദൗത്യം തന്നെയാണ്. 'ലോകത്തില്‍ ദൈവവചനത്തിന്റെ വിശ്വസനീയമായ സന്ദേശവാഹകരാകാനും വിശുദ്ധ ഗ്രന്ഥത്തോട് അഭിനിവേശം വളര്‍ത്താനും' പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.' ദൈവവചനം സഭാ ജീവിതത്തിന്റെയും അജപാലന കര്‍മ്മത്തിന്റെയും കേന്ദ്രമാകണം.അങ്ങനെ ആത്മീയ മിഥ്യാധാരണകളില്‍ നിന്നു വിമോചിതരാകാന്‍ സാധിക്കും.' - ഫ്രാന്‍സിസ് മാര്‍പാപ്പ ഊന്നിപ്പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26