കൊച്ചി: നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. യുഎഇ കോണ്‍സുലേറ്റ് ജനറല്‍, അറ്റാഷെ എന്നിവര്‍ക്ക് നോട്ടീസ് നല്‍കുന്നതിനാണ് അനുമതി നല്‍കിയത്. നയതന്ത്ര ചാനല്‍ വഴിയുള്ള പാഴ്സലായി മതഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടുവന്നതിന് രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേന്ദ്ര അനുമതി ലഭിച്ചതോടെ കാരണം കാണിക്കല്‍ നോട്ടീസിനുള്ള കരട് തയ്യാറാക്കുകയാണ് കസ്റ്റംസ്. അറ്റാഷെയും കോണ്‍സുലേറ്റ് ജനറലും കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് കേന്ദ്രത്തോട് അനുമതി തേടിയത്.
മൂന്ന് വര്‍ഷം കൊണ്ട് നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. മന്ത്രി കെ.ടി ജലീലിനേയും പ്രോട്ടോക്കോള്‍ ഓഫിസറേയും അടക്കം ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
നയതന്ത്ര ചാനലിലൂടെ എത്തിയ ഇന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തു വിതരണം ചെയ്യാന്‍ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കും സ്പെഷ്യല്‍ സ്‌കൂളുകളിലും വിതരണം ചെയ്യുകയാണ് ഉണ്ടായത്. ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വച്ചത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി അനുപമ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.
ഡിപ്ലോമാറ്റിക് കാര്‍ഗോയെന്ന് രേഖപ്പെടുത്തി 250 പാക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരില്‍ 4479 കിലോ കാര്‍ഗോ മാര്‍ച്ച് നാലിന് യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ തിരുവനന്തപുരത്തെത്തിയെന്നതാണ് രണ്ടാമത്തെ സംഭവം. ഇതില്‍ 32 പാക്കറ്റുകള്‍ അന്നത്തെ മന്ത്രി കെ.ടി ജലീല്‍ ചെയര്‍മാനായ സിആപ്റ്റിന്റെ ലോറിയില്‍ മലപ്പുറത്തെത്തിച്ചെന്നും കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.