ഇറാന്‍, യെമനി, ഹൂതി ഭീകരതയ്‌ക്കെതിരെ യു.എ.ഇക്ക് പിന്തുണയേകി ഇസ്രായേല്‍

ഇറാന്‍, യെമനി, ഹൂതി ഭീകരതയ്‌ക്കെതിരെ യു.എ.ഇക്ക് പിന്തുണയേകി ഇസ്രായേല്‍

അബുദാബി:ഇറാന്റെ കരുനീക്കങ്ങളാല്‍ സംഘര്‍ഷം ഏറിവരുന്ന ഗള്‍ഫ് മേഖലയ്ക്ക് സുരക്ഷാ പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രായേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് യു.എ.ഇ യില്‍. ആദ്യമായാണ് ഇസ്രായേല്‍ പ്രസിഡന്റ് യു.എ.ഇ സന്ദര്‍ശിക്കുന്നത്. ഭാര്യ മിച്ചെല്‍ ഹെര്‍സോഗും ഒപ്പമുണ്ട്. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഹെര്‍സോഗിനെ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു.

യെമനിലെ ഹൂതി വിമതര്‍ സമ്പന്ന അറബ് രാജ്യങ്ങള്‍ക്ക് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇസ്രായേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനമെന്നതു ശ്രദ്ധേയമാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ഗള്‍ഫ് മേഖലയിലെ ഐക്യം കൂടുതല്‍ ശക്തമാക്കുകയെന്നതാണ് സന്ദര്‍ശന ലക്ഷ്യമെന്ന് ഇസ്രായേല്‍ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.

ആചാരപരമായി 21 പീരങ്കിവെടികള്‍ മുഴക്കി രാജകീയമായ സ്വീകരണം ഇസ്രായേല്‍ പ്രസിഡന്റിന് നല്‍കിയതായി യുഎഇ സര്‍ക്കാര്‍ നടത്തുന്ന വാം വാര്‍ത്താ ഏജന്‍സി വിവരിച്ചു.ഇരുരാജ്യങ്ങളുടേയും ദേശീയ ഗാനങ്ങളും സ്വീകരണ വേദിയില്‍ മുഴങ്ങി. യു.എ.ഇയിലെ ഇസ്രായേല്‍ അംബാസഡര്‍ അമീര്‍ ഹയകിനു പുറമേ നിരവധി ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘവും പ്രസിഡന്റിനൊപ്പമുണ്ട്.ഐസക് ഹെര്‍സോഗ് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

രണ്ട് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകളില്‍, ഇസ്രായേലിനെ അംഗീകരിക്കുന്നതിനു തയ്യാറാകാന്‍ മേഖലയിലെ കൂടുതല്‍ രാജ്യങ്ങളോട് ഹെര്‍സോഗ് അഭ്യര്‍ത്ഥിച്ചു. ഗുരുതരമായ പ്രാദേശിക സംഘര്‍ഷാവസ്ഥ അടയാളപ്പെടുത്തി യെമനി ഹൂതി വിമതര്‍ അബുദാബിയില്‍ അടുത്തിടെ നടത്തിയ വ്യോമാക്രമണത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. യുഎഇയിലെ ഹൂതി ആക്രമണങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ നിലപാട്, പ്രാദേശിക സ്ഥിരതയും സമാധാനവും ഭീകരര്‍ ഉയര്‍ത്തുന്ന ഭീഷണികളും സംബന്ധിച്ചുള്ള രാജ്യത്തിന്റെ പൊതു വീക്ഷണം തെളിയിക്കുന്നതായി ചര്‍ച്ചയില്‍ കിരീടാവകാശി പറഞ്ഞെന്ന് ഹെര്‍സോഗിന്റെ ഓഫീസ് അറിയിച്ചു.

'നിങ്ങളുടെ സുരക്ഷാ ആവശ്യകതകളെ ഞങ്ങള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. നിങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഏത് ആക്രമണത്തെയും ഞങ്ങള്‍ എല്ലാ രൂപത്തിലും ഭാഷയിലും അപലപിക്കുന്നു'- അബുദാബി കിരീടാവകാശിയോട് ഹെര്‍സോഗ് പറഞ്ഞു.ഇസ്രായേലില്‍ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കും മേഖലയിലെ എല്ലാ ജനങ്ങളിലേക്കും സമാധാന സന്ദേശം കൊണ്ടുവരാന്‍ താന്‍ ശ്രമിച്ചതായി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഹെര്‍സോഗ് പറഞ്ഞു.


ഇറാനുമായി ബന്ധപ്പെട്ട് വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ സമയത്ത് ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലി പ്രധാന മന്ത്രി നഫ്താലി ബെന്നറ്റ് കഴിഞ്ഞ മാസം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദര്‍ശിച്ചത് നിര്‍ണ്ണായക സംഭവമായിരുന്നു.യെമന്റെ നിയന്ത്രണത്തില്‍ ഭീകര യുദ്ധ പ്രതിജ്ഞയെടുത്തിട്ടുള്ള ഹൂതി വിമതര്‍ ഇറാനോട് അടുപ്പം പുലര്‍ത്തുന്നവരാണ്. പാശ്ചാത്യ രാജ്യങ്ങളുടെയും ഇസ്രായേലിന്റെയും വിശ്വാസ സംഹിതകളെ തുറന്നെതിര്‍ക്കുന്ന ഇറാന്‍, അറബ് രാജ്യങ്ങളുടെയും പൊതു ശത്രുവായി ഗണിക്കപ്പെടുന്നു.

പാലസ്തീനികളുമായുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പോരാട്ടത്തിനിടെ ഇസ്രായേലിന് അറബ് രാജ്യങ്ങളുമായി ഒരിക്കലും ഇണങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഔപചാരിക ബന്ധം അന്യമായിരുന്നു.യു.എസ് ഇടനിലക്കാരായി നടന്ന നയതന്ത്ര പരമ്പരയുടെ ഒടുവിലാണ് 2020 അവസാനത്തോടെ യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിത്തുടങ്ങിയത്.

എക്സ്പോ സന്ദര്‍ശിക്കും

യു.എ.ഇ യിലെ വളര്‍ച്ച പ്രാപിച്ചുവരുന്ന ജൂത പ്രവാസി സമൂഹത്തിലെ അംഗങ്ങളെ ഹെര്‍സോഗ് കാണുമെന്നു സൂചനയുണ്ട്. ദുബായ് എക്സ്പോ 2020 സന്ദര്‍ശിക്കുമെന്നും പ്രതീക്ഷിക്കുന്നു, അവിടെ ഇസ്രായേല്‍ ദേശീയ പവലിയനില്‍ നിരവധി പരിപാടികള്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിക്ക് ഏറ്റവും കൂടുതല്‍ അധികാരമുള്ള ഇസ്രായേല്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ദേശീയ ഏകീകരണച്ചുമതല നിര്‍വഹിക്കുന്ന നേതാവ് എന്ന നിലയില്‍ പ്രസിഡണ്ടിന് ആചാരപരമായി വലിയ സ്ഥാനമാണുള്ളത്.അതേസമയം, യുഎഇയിലേക്കുള്ള ഹെര്‍സോഗിന്റെ യാത്രയുടെ മാധ്യമ കവറേജ് കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്, ബെന്നറ്റിന്റെ സന്ദര്‍ശന വേളയിലെന്നതുപോലെ തന്നെ. ചര്‍ച്ചകള്‍ നടക്കുന്ന കൊട്ടാരത്തിലേക്ക് എമിറേറ്റ് അധികൃതര്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കാറില്ല. പത്രസമ്മേളനങ്ങളും ഉണ്ടാകില്ല.

സര്‍ക്കാര്‍ നടത്തുന്ന മാധ്യമങ്ങളിലെ ശ്രദ്ധാപൂര്‍വമായ പ്രസ്താവനകളിലൂടെ മാത്രമാണ് സന്ദര്‍ശന വാര്‍ത്തകള്‍ പുറത്തുവരുന്നത്. പാര്‍ലമെന്ററി ജനാധിപത്യ രാജ്യമാണെങ്കിലും ഇസ്രായേല്‍, ഒരു നേതാവിന്റെയും യാത്രകളില്‍ ചേരാന്‍ ഇസ്രായേലില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ കൊണ്ടുവരാറില്ല.

യെമനിലെ ഏഴു വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ പോരാട്ടം ശക്തമായ സമയമാണിത്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ പോരാടുന്ന ഇറാന്‍ പിന്തുണയുള്ള വിമതര്‍ അബുദാബിക്കെതിരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത് നിര്‍ണായക സംഭവവുമായി. വ്യാവസായിക മേഖലയില്‍ മൂന്ന് തൊഴിലാളികള്‍ ആക്രമണത്തില്‍ മരിച്ചു. തലസ്ഥാനത്തിന് മുകളിലൂടെ മിസൈല്‍ കഷണങ്ങള്‍ ചീറിപ്പാഞ്ഞത്
എമിറേറ്റിനെ മൊത്തത്തില്‍ പരിഭ്രാന്തിയിലാഴ്ത്തി.ആക്രമണങ്ങള്‍ നിവാസികളെ ഞെട്ടിച്ചു.മേഖലയുടെ ആഗോളവല്‍ക്കൃത ബിസിനസ്സ് ഹബ്ബില്‍ സുരക്ഷാ ബോധത്തിനു തളര്‍ച്ച സംഭവിച്ചു. ഈയാഴ്ച കൂടുതല്‍ ആക്രമണം നടത്തുമെന്ന് ഹൂതികള്‍ ഭീഷണി മുഴക്കിയിട്ടുമുണ്ട്.

അതേസമയം, ടെഹ്റാനിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതി തടയാന്‍ ലോകശക്തികളും ഇറാനും തമ്മിലുള്ള വിയന്നയിലെ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിയ സാഹചര്യത്തിലാണ് ഹെര്‍സോഗിന്റെ സന്ദര്‍ശനമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചകള്‍ 'അവസാന ഘട്ടത്തിലേക്ക്' എത്തുന്നതായുള്ള സൂചനകളും ഇതിനിടെ യൂറോപ്യന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പുറത്തുവന്നിരുന്നു.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകദേശം നാല് വര്‍ഷം മുമ്പാണ് ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറിയത്.തുടര്‍ന്ന് ഇറാനെതിരെ കടുത്ത ഉപരോധം വീണ്ടും ഏര്‍പ്പെടുത്തിയ നടപടിയെ ഇസ്രായേലും അമേരിക്കയുടെ ഗള്‍ഫ് അറബ് സഖ്യകക്ഷികളും സ്വാഗതം ചെയ്യുകയുമുണ്ടായി. ഇറാനുമായുള്ള സംയുക്ത ശത്രുതയും അതിന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ഭയവും യു.എ.ഇക്കും ഇസ്രായേലിനും ഒരു പോലെയുണ്ട്. ഈ പശ്ചാത്തലത്തിലാണ് വര്‍ഷങ്ങളായി ഇവര്‍ക്കിടയില്‍ രഹസ്യ ബന്ധം വളര്‍ന്നുവന്നത്.പിന്നീട് ഔപചാരികവുമായി. അതേസമയം, രാഷ്ട്രപദവി സ്വന്തമാക്കാനുള്ള തങ്ങളുടെ ലക്ഷ്യത്തോടുള്ള വഞ്ചനയാണിതെന്ന് പാലസ്തീന്‍ നേതാക്കള്‍ പരിതപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.