ഗതിശക്തിയിലും ഗതി കിട്ടാതെ കേരളത്തിന്റെ സില്‍വര്‍ ലൈന്‍

ഗതിശക്തിയിലും ഗതി കിട്ടാതെ കേരളത്തിന്റെ സില്‍വര്‍ ലൈന്‍

പ്രഖ്യാപനം മുതല്‍ ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ സില്‍വര്‍ ലൈന്‍ പദ്ധതിയെ കേന്ദ്രം ഏതാണ്ട് കൈയ്യൊഴിഞ്ഞതോടെ പിണറായി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും.

കൊച്ചി: കേന്ദ്ര പൊതു ബജറ്റിലെ പ്രസ്റ്റീജ് പ്രൊജക്ടായ പി.എം ഗതിശക്തിയിലും കേരളത്തിന്റെ സില്‍വര്‍ലൈന്‍ പദ്ധതി ഇടം കണ്ടില്ല. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ആകെ എടുത്തു പറയാവുന്നവയില്‍ ഒന്ന് പി.എം ഗതിശക്തിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി 2021 ഒക്ടോബര്‍ 13 ന് പ്രഖ്യാപിച്ച ഗതിശക്തി പദ്ധതി 100 ലക്ഷം കോടി രൂപയുടേതാണ്. ആഗോള തലത്തില്‍ ഇന്ത്യയെ ഉല്‍പാദക രാഷ്ട്രമാക്കി മത്സരശേഷി വര്‍ധിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് പ്രധാനമായും ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇത് അടുത്ത പൊതു തെരഞ്ഞെടുപ്പു വരുന്ന 2024 ല്‍ പദ്ധതി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യവും കേന്ദ്രത്തിനുണ്ട്.

2024-25 ആകുമ്പോഴേക്കും ഇന്ത്യയുടെ ദേശീയപാത ശൃംഖല രണ്ട് ലക്ഷം കിലോ മീറ്ററായി ഉയര്‍ത്തുകയെന്നതാണ് ഗതിശക്തിയുടെ മുഖ്യ ലക്ഷ്യം. ഇതിന് പുറമേ ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് ചരക്ക് നീക്കത്തിനായി പ്രത്യേക പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. കാര്‍ഗോ ശേഷി 1,600 ദശലക്ഷം ടണ്ണായി ഉയര്‍ത്തും. ഇതിന് പുറമേ രാജ്യത്തെ വ്യോമയാന മേഖലയുടെ വികസനത്തിനും ഗതിശക്തി പ്രോജക്ട് ഊന്നല്‍ നല്‍കുന്നുണ്ട്. 2024-25 ഓടെ 220 വിമാനത്താവളങ്ങള്‍, ഹെലിപാഡുകള്‍, വാട്ടര്‍ എയറോഡ്രോമുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കുന്നു.


ഇപ്രകാരം രാജ്യത്തെ വ്യാവസായിക ഇടനാഴികളിലേക്ക് വിവിധ ഇടങ്ങളില്‍ നിന്നും കണക്ടിവിറ്റി ഉറപ്പാക്കുക എന്നതാണ് ഗതിശക്തി പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ലോജിസ്റ്റിക്, സപ്ലൈ ചെയിന്‍ മെച്ചപ്പെടുത്തലിനും ഇതില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ അടിസ്ഥാന വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഗ്രാമീണ സമ്പദ് വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.

എന്നാല്‍ 100 ലക്ഷം കോടിയുടെ ഇത്ര വലിയ പദ്ധതിയിലും കേരളത്തിന്റെ സില്‍വര്‍ ലൈന്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് സംസ്ഥാനത്തിന് തിരിച്ചടിയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നതിനാലാണ് ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് സൂചന. പരിസ്ഥിതി മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള അനുമതികള്‍ ഇതുവരെ പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് കേരളത്തില്‍ വിവാദം കത്തിക്കയറുമ്പോഴും കേന്ദ്ര ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനം.

എന്നാല്‍ റെയില്‍വേ വികസനത്തിന്റെ തുടര്‍ച്ചയായി പോലും കേന്ദ്ര ബജറ്റില്‍ ഇത് പരിഗണിച്ചില്ല. ഇതോടെ പദ്ധതിയുടെ മുഴുവന്‍ തുകയും കണ്ടെത്തേണ്ടി വരുമോയെന്നതാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധി. കേന്ദ്ര ധനകാര്യ മന്ത്രാലയം പണം നല്‍കിയാല്‍ തങ്ങളുടെ വിഹിതം നല്‍കാമെന്ന് റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുകളുണ്ടായിരുന്നു. സംസ്ഥാനത്തെ ഗതാഗത പദ്ധതികള്‍ക്കായി പ്രത്യേക തുകയോ, റെയില്‍ വികസനത്തിനായി അധിക തുകയോ ബജറ്റില്‍ ഇല്ലാത്തതിനാല്‍ അതും സില്‍വര്‍ ലൈനിനായി പ്രയോജനപ്പെടുത്താന്‍ കഴിയില്ല.

പ്രഖ്യാപനം മുതല്‍ ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ സില്‍വര്‍ ലൈന്‍ പദ്ധതിയെ കേന്ദ്രം ഏതാണ്ട് കൈയ്യൊഴിഞ്ഞതോടെ പിണറായി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും. പദ്ധതിക്കാവശ്യമായ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന പല ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ സര്‍ക്കാര്‍ പാടുപെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.