ദുബായ് : എക്സ്പോ 2020 യിലെ ഇന്ത്യന്‍ പവലിയനില്‍ കേരളവാരത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് കേരളാ വീക്ക് ഉദ്ഘാടനം ചെയ്യും. കേരളത്തിന്‍റെ സാംസ്കാരിക തനിമയോടെയാണ് കേരളാ വാരം സന്ദർശകരിലേക്ക് എത്തുക. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ വിവരിക്കുന്ന പ്രദർശനം ഇന്ന് മുതല്‍ ഫെബ്രുവരി 10 വരെയാണ് ഇന്ത്യന്‍ പവലിയനില്‍ നടക്കുക. സംസ്ഥാനത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുകയെന്നുളളതാണ് ലക്ഷ്യം. അബൂദബി രാജകുടുംബാംഗവും യു.എ.ഇ കാബിനറ്റ് മന്ത്രിയുമായ ഷെയ്ഖ് നഹ്യാന് ബിൻ മുബാറക് ആൽ നഹ്യാൻ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അഹ്മദ് അൽ സിയൂദി, സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയ പ്രമുഖരും ഉദ്ഘാടന ചടങ്ങിനെത്തും.
കേരളാവാരത്തില്‍ നോർക്കയുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. വ്യവസായ ടൂറിസം വകുപ്പുകളുടെ പ്രത്യേക പ്രദർശനവും കേരളാവീക്കില്‍ നടക്കും. ടൂറിസം പരിപാടിയില്‍ പങ്കെടുക്കാനായി വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസെത്തും.
നോർക്ക റൂട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരും മറ്റ് വ്യവസായ ടൂറിസം വകുപ്പിന്‍റെ അംഗങ്ങളും പങ്കാളികളാകും. കേരളാ വാരത്തില്‍ ഇനിയുളള ദിവസങ്ങളില്‍ ഐടി,വ്യവസായ,വിനോദസഞ്ചാര മേഖലകളിലെ കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് കേരളത്തിലെ പ്രതിനിധി സംഘം വിദേശ നിക്ഷേപകർക്ക് മുന്നില്‍ വിശദീകരിക്കും.
കേരള വാരത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷം ജൂബിലി പാർക്കില്‍ സാംസ്കാരിക പരിപാടിയും നടക്കും. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി, ഇന്ത്യന്‍ അംബാസിഡർ സഞ്ജയ് സൂധീർ തുടങ്ങിയവർ സാംസ്കാരിക പരിപാടിയിലേക്ക് എത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.