വാഷിങ്ടണ്‍: ഉക്രെയ്നില്‍ അധിനിവേശം നടത്താന്‍ റഷ്യ 70 ശതമാനം തയാറെടുപ്പും പൂര്‍ത്തിയാക്കിയതായി അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വരുന്ന ആഴ്ചകളില്‍ തന്നെ ഉക്രെയ്ന്‍ അധിനിവേശത്തിന് റഷ്യന്‍ പ്രസിഡന്റ് നിര്‍ദേശം നല്‍കിയേക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് യു.എസിന്റെ വെളിപ്പെടുത്തല്‍. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു തൊട്ടുപിന്നാലെ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ആശങ്കപ്പെടുത്തുന്ന പ്രസ്താവനയുമായി രംഗത്തുവന്നു.
ഉക്രെയ്ന്‍ അധിനിവേശത്തിന് എപ്പോള്‍ വേണമെങ്കിലും റഷ്യ തയാറായേക്കുമെന്ന് ജെയ്ക് സള്ളിവന്‍ പറഞ്ഞു. ആക്രമണവുമായി റഷ്യ മുന്നോട്ടുപോകുകയാണെങ്കില്‍ വന്‍ ആള്‍നാശമാണ് ഉണ്ടാകുക. ഉക്രെയ്‌നെ റഷ്യ ആക്രമിച്ചാല്‍ അനന്തരഫലം പേടിപ്പെടുത്തുന്നതായിരിക്കും. റഷ്യ വന്‍ വില നല്‍കേണ്ടി വരുമെന്നും ജെയ്ക് സള്ളിവന്‍ മുന്നറിയിപ്പ് നല്‍കി.
വരുന്ന ആഴ്ചകളില്‍ ഉക്രെയ്ന്‍ അധിനിവേശത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയേക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് സള്ളിവന്റെ പ്രസ്താവന.
സാധാരണ ശീതകാലത്തിന്റെ അവസാനത്തോടെ നടത്താറുള്ള ആണവ സേനയുടെ അഭ്യാസം ഈ മാസം പകുതിയോടെ ആരംഭിക്കുന്നത് അധിനിവേശ സൂചനയാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചര്‍ച്ചകളിലൂടെയേ പ്രശ്ന പരിഹാരം സാധ്യമാകൂ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉക്രെയ്നില്‍ നേരിട്ട് ഇടപെടില്ലെന്ന് യുഎസ് പറയുന്നുണ്ടെങ്കിലും നാറ്റോ അംഗങ്ങളായ അയല്‍ രാജ്യങ്ങളില്‍ യുഎസ് സേനാ സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഉക്രെയ്ന്‍ നാറ്റോ അംഗമല്ലെങ്കിലും യു.എസിന്റെയും സഖ്യ കക്ഷികളുടെയും സൈനിക പരിശീലനവും സഹായവും ലഭിക്കുന്നുണ്ട്.
ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ യുദ്ധസന്നദ്ധരായി റഷ്യയുടെ 750-1000 സൈനികര്‍ വീതമുള്ള 85 ബറ്റാലിയന്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഉക്രെയ്നില്‍ പൂര്‍ണ അധിനിവേശത്തിന് ശ്രമിക്കാതെ ഭാഗിക ഇടപെടലിനുള്ള റഷ്യന്‍ സാധ്യതയാണ് യുഎസ് കാണുന്നത്.
അതേസമയം, അധിനിവേശം സംബന്ധിച്ച വാര്‍ത്തകള്‍ റഷ്യ തള്ളി. ആക്രമണവുമായി റഷ്യ മുന്നോട്ടുപോകുകയാണെങ്കില്‍ 50,000 പേര്‍ക്ക് ജീവന്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. ഉക്രെയ്ന്‍ തലസ്ഥാനമായ കിവീവ് ദിവസങ്ങള്‍ക്കുള്ളില്‍ പിടിച്ചെടുക്കുമെന്നും ആയിരങ്ങള്‍ പലായനം ചെയ്യേണ്ടിവരുമെന്നുമാണ് നിഗമനം. ഇത് യൂറോപ്പിലെ അഭയാര്‍ഥി പ്രതിസന്ധി വീണ്ടും രൂക്ഷമാക്കുമെന്നും യു.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.