ലണ്ടന്‍: ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കുതിച്ചുയരുന്നതു മൂലം 'ലിഥിയ'ത്തിന്റെ വില വര്‍ദ്ധിക്കുന്നത് മിസൈല്‍ വേഗത്തിലെന്ന് നിരീക്ഷകര്‍. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍ണായക ഘടകമായ ലിഥിയം അയണ്‍ ബാറ്ററിയുടെ ഡിമാന്‍ഡ് 'ബാലിസ്റ്റിക് ' സ്വഭാവം കൈവരിച്ചുകഴിഞ്ഞെന്ന് അവര്‍ പറയുന്നു.
ലിഥിയം സമ്പുഷ്ടമായ അസംസ്‌കൃത വസ്തു സ്‌പോഡുമെന്‍ ആണ് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാതാക്കള്‍ക്കു വേണ്ടത്.ബെഞ്ച്മാര്‍ക്ക് മിനറല്‍ ഇന്റലിജന്‍സിന്റെ (ബിഎംഐ) കണക്കുകള്‍ പ്രകാരം ഇതിന്റെ വില 2021 ജനുവരി മുതല്‍ 2022 ജനുവരി വരെ 478.3% ഉയര്‍ന്നു.ജനുവരിയില്‍ മാത്രം സ്‌പോഡുമെന്‍ വില 45.5% കൂടിയതോടെ ഒരു ടണ്ണിന് 2,400 യു.എസ് ഡോളറിലെത്തി, ഡിസംബറില്‍ 1,650 ആയിരുന്നു വില. ലിഥിയം കാര്‍ബണേറ്റിനും ഹൈഡ്രോക്സൈഡിനും - ശുദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ശുദ്ധീകരിച്ച ലിഥിയം - കഴിഞ്ഞ വര്‍ഷം സമാനമായ വിലക്കയറ്റം രേഖപ്പെടുത്തിയിരുന്നു.
ബാറ്ററി സെല്ലുകളുടെ വന്‍ ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞത് അടുത്ത ആറ് മാസത്തേക്കെങ്കിലും വില വര്‍ദ്ധിക്കുന്നത് തുടരുമെന്ന് ബിഎംഐ പ്രവചിക്കുന്നു. ലിഥിയം ബാറ്ററികളുടെ വിപണി 2030-ഓടെ 360 ബില്യണ്‍ ഡോളറെങ്കിലുമായി വളരുമെന്ന് ജനുവരിയില്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിന്‍സി പ്രവചിച്ചിരുന്നു. ദശകത്തിന്റെ അവസാനം വരെ പ്രതിവര്‍ഷം ശരാശരി 20% വളര്‍ച്ചയും കണക്കാക്കി.
ഇതിനിടെ, ലിഥിയം വിലനിര്‍ണ്ണയം അസ്ഥിരമാകുമെന്ന നിരീക്ഷണവും ചില വിശകലന വിദഗ്ധരുടേതായുണ്ട്. ഡിമാന്‍ഡ് വേഗത്തില്‍ വളരുമ്പോള്‍ പുതിയ ഖനികള്‍ തുറന്ന് വിതരണം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ വില കുറഞ്ഞേക്കാമെന്ന് അവര്‍ കരുതുന്നു. എനര്‍ജി ട്രാന്‍സിഷന്‍ അനലിസ്റ്റും ക്ലീന്‍ എനര്‍ജി ഫിനാന്‍സ് ഡയറക്ടറുമായ ടിം ബക്ക്‌ലി പറയുന്നത് ലിഥിയത്തിന്റെ ആവശ്യം ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യതയെന്നു തന്നെയാണ്.'നമ്മുടെ കണ്‍മുന്നില്‍ ലോകം രൂപാന്തരപ്പെടുന്നു'. സാമ്പത്തിക വിപണികളെ വല്ലാതെ ഉത്തേജിപ്പിക്കുന്നതാണ് 500% വില വര്‍ദ്ധനവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ് മൂലമുള്ള വിതരണ ശൃംഖലാ പ്രശ്നങ്ങളും പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പ്രധാന ഖനി സൈറ്റുകളില്‍ അനുഭവപ്പെട്ട തൊഴിലാളി ക്ഷാമവും തീവ്രമായപ്പോഴും വൈദ്യുത വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ലിഥിയത്തിലെ ആദ്യകാല നിക്ഷേപകനായ ബക്ക്ലി ചൂണ്ടിക്കാട്ടി. ചൈനയില്‍ ഈ ഭ്രമം ഏറ്റവും പ്രകടമായി. ഇത് ആഗോള സമ്പദ്വ്യവസ്ഥയില്‍ 'ഘടനാപരമായ മാറ്റം' അടയാളപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ മന്ദഗതിയിലായ ശേഷം യൂറോപ്യന്‍, ചൈനീസ് വിപണികളില്‍ ഇലക്ട്രിക് വാഹന വില്‍പ്പന വീണ്ടും കുതിച്ചുയര്‍ന്നു. യുഎസിലെ വളര്‍ച്ച മന്ദഗതിയിലാണെങ്കിലും, ചൈന മാത്രം 2021-ല്‍ വിറ്റഴിച്ച ഇലക്ട്രിക് കാറുകളുടെ എണ്ണത്തില്‍ 154% വര്‍ദ്ധനവ് രേഖപ്പെടുത്തി;മൊത്തം 3.3 ദശലക്ഷം.
ഓസ്ട്രേലിയക്ക് അവസരങ്ങള്‍
നിലവില്‍ ലോകത്തിലെ ഭൂരിഭാഗം ലിഥിയവും സംസ്‌കരിക്കുന്നത് ചൈനയുടെ മേല്‍നോട്ടത്തിലാണ് .അതേസമയം, ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ രാജ്യങ്ങളെ ബദല്‍ വിതരണങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതിനാല്‍ വിലയില്‍ ഇടിവ് വന്നേക്കാമെന്ന് ബക്ക്‌ലി പറയുന്നു.ഈ അവസ്ഥ മാറിവരാനുള്ള സാധ്യതയും മുന്‍കൂട്ടി കാണുന്നുണ്ട്. എന്നാല്‍ ഈ പുതിയ ഉറവിടങ്ങള്‍ വരാന്‍ സമയമെടുക്കുമെന്നും ബക്ക്‌ലി പറഞ്ഞു. അതേസമയം 'എല്ലാം വൈദ്യുതീകരിക്കാനും' 2050 ഓടെ 'നെറ്റ് സീറോ ' ലക്ഷ്യം കൈവരിക്കാനുമുള്ള ആഗോള മുന്നേറ്റം മൂലം ഡിമാന്‍ഡ് ഉയര്‍ന്ന നിലയില്‍ തുടരും.
ഇരുമ്പ്, കോക്കിംഗ് കല്‍ക്കരി, ദ്രവീകൃത പ്രകൃതി വാതകം, താപ കല്‍ക്കരി എന്നിവയുമായി ബന്ധപ്പെട്ട ഡീകാര്‍ബണൈസേഷന്‍ ശ്രമങ്ങള്‍ ശക്തി പ്രാപിച്ചതിനാല്‍ ഓസ്ട്രേലിയയ്ക്ക് ഈ സാഹചര്യം ഒരു അവസരമാണെന്ന് ടിം ബക്ക്‌ലി പറഞ്ഞു.' ഫ്രഞ്ച് സ്റ്റീല്‍ ഭീമനായ ആര്‍സെലോര്‍ മിത്തലും ജര്‍മ്മന്‍ സ്റ്റീല്‍ കമ്പനിയായ സാല്‍സ്ഗിറ്റര്‍ എജിയും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വൈദ്യുതീകരിക്കുന്നതിനായി ബില്യണ്‍ കണക്കിന് ഡോളര്‍ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു.കാര്യങ്ങള്‍ എവിടേക്കാണ് പോകുന്നത് എന്നതിന്റെ സൂചനയാണിത്.'
ബൊളീവിയ, ചിലി, അര്‍ജന്റീന എന്നീ രാജ്യങ്ങളുടെ 'ലിഥിയം ത്രികോണത്തില്‍' നിന്ന് മത്സരം നേരിടുന്നുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായി ലിഥിയം വിതരണം ചെയ്യുന്നതിലൂടെ ഓസ്ട്രേലിയക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയും.ഉറവിടത്തോട് ചേര്‍ന്നു തന്നെ കിടയറ്റ സംസ്‌കരണ സംവിധാനം ഉണ്ടാക്കുകയാണാവശ്യം.ചില കമ്പനികള്‍ ഇതിനകം ആ ദിശയിലേക്ക് നീങ്ങുന്നതായും ബക്ക്‌ലി ചൂണ്ടിക്കാട്ടി.
2019-ല്‍ വെസ്ഫാര്‍മേഴ്സ് അതിന്റെ മൂന്ന് കല്‍ക്കരി ഖനികള്‍ വിറ്റ് പുതിയ നിക്ഷേപം മൗണ്ട് ഹോളണ്ട് ലിഥിയം ഖനിയിലേക്കും പശ്ചിമ ഓസ്‌ട്രേലിയയിലെ ക്വിനാന റിഫൈനറിയിലേക്കും വഴി മാറ്റി വിട്ടു.പ്രതിഷേധങ്ങള്‍ക്കും ഓസ്ട്രേലിയന്‍ സര്‍ക്കാരുമായുള്ള നയതന്ത്ര ബന്ധ ശൈഥില്യത്തിനും ശേഷം സെര്‍ബിയന്‍ സര്‍ക്കാര്‍ ജാദര്‍ ലിഥിയം ഖനി വികസിപ്പിക്കാനുള്ള ലൈസന്‍സ് റദ്ദാക്കിയത് റിയോ ടിന്റോയ്ക്ക് തിരിച്ചടിയായെങ്കിലും ഈ മേഖലയിലെ ഉല്‍ക്കര്‍ഷ പ്രവണതയും പുതിയ സാധ്യതകളും വ്യക്തമാണെന്ന് ബക്ക്‌ലി പറഞ്ഞു.അതേസമയം, ധാതുക്കള്‍ കുഴിച്ചെടുക്കുന്നതിനും പുറമേ മൂല്യവര്‍ദ്ധനയും നിര്‍ണ്ണായക ലക്ഷ്യമാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.