ജക്കാര്‍ത്ത: കഴുത്തില്‍ കുരുങ്ങിയ ടയറുമായി ആറു വര്‍ഷത്തോളം ജീവിച്ച ഭീമന്‍ മുതലയെ മോചിപ്പിച്ച് മൃഗസ്‌നേഹി. ഇന്തോനേഷ്യയിലെ പാലു നദിയില്‍ കഴിയുന്ന മുതലയാണ് വര്‍ഷങ്ങളായുള്ള ദുരവസ്ഥയില്‍ നിന്ന് മോചിതനായത്. സുലാവസി നിവാസിയായ ടിലി എന്ന 35 വയസുകാരനാണ് സ്വന്തം ജീവന്‍ അപകടത്തിലാകുമെന്നറിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.
മുതലയുടെ കഴുത്തില്‍ കിടന്ന ടയര്‍ ഊരിമാറ്റിയശേഷം മോചിപ്പിക്കാനുള്ള ശ്രമത്തില്‍.
ടയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ മുതലയെ കണ്ടെത്തിയത് 2016-ലാണ്. രക്ഷപ്പെടുത്താന്‍ അധികൃതരും പ്രാദേശിക മൃഗസംരക്ഷകരും പലവട്ടം ശ്രമിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. മുതലയ്ക്ക് വലിപ്പംവെക്കുന്നതിനനുസരിച്ച് ടയര്‍ കൂടുതല്‍ മുറുകിത്തുടങ്ങി. മുതലയെ രക്ഷിക്കുന്നവര്‍ക്ക് അധികൃതര്‍ കനത്ത പ്രതിഫലം വരെ വാഗ്ദാനം ചെയ്തിരുന്നു.
2020-ല്‍ നാഷണല്‍ ജ്യോഗ്രഫിക് ടെലിവിഷന്‍ അവതാരകനായ മാറ്റ് റൈറ്റും മുതലയെ രക്ഷിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ മുതലയെ പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പാഴായി. 2018-ല്‍ പാലുവിലുണ്ടായ ഭൂമികുലുക്കവും സുനാമിയും മുതല അതിജീവിച്ചിരുന്നു.
മൂന്നാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് ടിലി, മുതലയെ പിടിച്ച് അതിന്റെ കഴുത്തില്‍ കിടന്ന ടയര്‍ ഊരിമാറ്റിയത്. 13 അടി നീളമുള്ള ഭീമന്‍ മുതല ശ്വാസമെടുക്കാന്‍ പോലും വിഷമിക്കുന്ന അവസ്ഥയിലായിരുന്നു. ഇനിയും വൈകിയാല്‍ മുതലയുടെ ജീവന്‍തന്നെ അപകടത്തിലാകുമായിരുന്നു. മുതലയായാലും പാമ്പായാലും കഷ്ടപ്പെടുന്നത് കാണാന്‍ വയ്യെന്നും ടിലിയെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജീവനുള്ള കോഴികളെ ഇരവെച്ചാണ് ടിലി മുതലയെ വലയില്‍ കുരുക്കിയത്. കഴുത്തില്‍ കുടുങ്ങിയ ടയര്‍ മുറിച്ചുമാറ്റിയതിനു പിന്നാലെ മുതലയെ നദിയിലേക്കു സ്വതന്ത്രമാക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.