മുന്‍ പ്രസ്താവന തിരുത്തി ഉക്രെയ്ന്‍ പ്രസിഡന്റ്; റഷ്യന്‍ ആക്രമണം നാളെയുണ്ടാകുമെന്ന് പറഞ്ഞത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍

മുന്‍ പ്രസ്താവന തിരുത്തി ഉക്രെയ്ന്‍ പ്രസിഡന്റ്; റഷ്യന്‍ ആക്രമണം നാളെയുണ്ടാകുമെന്ന് പറഞ്ഞത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍

കീവ്: ബുധനാഴ്ച്ച ഉക്രെയ്ന്‍ ആക്രമിക്കപ്പെടുമെന്ന തന്റെ പ്രസ്താവന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. റഷ്യ നാളെ ഉക്രെയ്‌നില്‍ ആക്രമണം നടത്തിയേക്കുമെന്ന് ഫേസ്ബുക്കില്‍ പ്രസ്താവനയിറക്കി മണിക്കൂറുകള്‍ക്കകമാണ് വ്യക്തത വരുത്തി പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്.

ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കും എന്നാണ് സെലന്‍സ്‌കി നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് താന്‍ ഇങ്ങയൊരു പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസിഡന്റിന്റെ ആദ്യ പ്രസ്താവന ഓഹരി വിപണികളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തിരുന്നു. അതേസമയം ഈ മുന്നറിയിപ്പിന്റെ ഉറവിടത്തെക്കുറിച്ച് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നില്ല.

മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ഒരു തീയതിയാണ് പ്രസിഡന്റ് പരാമര്‍ശിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് സെര്‍ജി നൈക്കിഫോറോവ് പറഞ്ഞു.

റഷ്യന്‍ അധിനിവേശത്തിന്റെ സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകളോട് പ്രസിഡന്റിന് തണുത്ത സമീപനമാണുള്ളതെന്ന് ആക്ഷേപമുയരുന്നുണ്ട്. മുന്‍ ഹാസ്യനടനായിരുന്ന വോളോഡിമര്‍ സെലെന്‍സ്‌കി ആക്രമണ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവരോട് പരിഹാസരൂപേണ പ്രതികരിക്കുന്നതായും വിമര്‍ശനം ഉയരുന്നുണ്ട്.

ഉക്രെയ്നെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് നേരിട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. 12 രാജ്യങ്ങള്‍ ഉക്രെയ്നില്‍ നിന്ന് പൗരന്മാരെ പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. ഉക്രെയ്നില്‍ നൂറുകണക്കിനു മലയാളികള്‍ അടക്കം കാല്‍ ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.