പുല്‍പള്ളി: വയനാടന്‍ ഗോത്ര സമൂഹത്തില്‍ നിന്നും അവരെത്തുന്നു, നിയമ പാലനത്തിന്റെ അഭിമാന വഴികളിലേക്ക്. പ്രാക്തന ഗോത്ര വര്‍ഗമായ കാട്ടുനായ്ക്ക സമുദായത്തില്‍ നിന്നുള്ള പുല്‍പള്ളി പാറക്കടവ് കാപ്പിപ്പാടി കോളനിയിലെ കെ.ബി ബിജുവും ഭാര്യ സുധയുമാണ് പൊലീസ് സേനയില്‍ നിന്ന് പാസിങ് ഔട്ട് പൂര്‍ത്തിയാക്കിയത്. ജീവിത പ്രതിസന്ധികളില്‍ തളരാതെ മുന്നേറിയതിന് ഒടുവില്‍ ഗോത്ര സമൂഹത്തിന് പ്രചോദനവും അഭിമാനവും പകര്‍ന്ന് ഈ ദമ്പതികള്‍ കാക്കി അണിയുമ്പോള്‍ അത് വേറിട്ട നേട്ടം തന്നെയാണ്.
തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ നിന്നായിരുന്നു പാസിങ് ഔട്ട്. ഒരേ ബാച്ചില്‍ ദമ്പതികള്‍ കാക്കിയണിഞ്ഞത് അപൂര്‍വ നിമിഷമായിരുന്നു. ക്യാമ്പിലെ മികച്ച കേഡറ്റിനുള്ള പുരസ്‌കാരവും ഷിജു നേടി. രണ്ടാം സ്ഥാനം സുധയ്ക്കുമായിരുന്നു.
കാപ്പിപ്പാടി കോളനിയിലെ ബാബു-ഓമന ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂത്തയാളാണ് ഷിജു. സുധ പാളക്കൊല്ലി കോളനിയിലെ വിശ്വനാഥന്‍-കാളി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളും. നാലു വര്‍ഷം മുമ്പായിരുന്നു വിവാഹം. പ്ലസ് ടു കഴിഞ്ഞ ഷിജു പുല്‍പള്ളിയിലെ ഒരു കടയില്‍ ജോലി ചെയ്യുകയായിരുന്നു. സുധ എം.എ രണ്ടാം റാങ്കുകാരിയാണ്.
മുപ്പത്തിയഞ്ച് കുടുംബങ്ങളുള്ള കാപ്പിപ്പാടി കോളനിയില്‍ നിന്ന് ആദ്യമായാണ് രണ്ടു പേര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഒരാഴ്ച ലീവിലെത്തിയ ഇവരെ അനുമോദിക്കാന്‍ നിരവധിപേരാണ് കോളനിയിലെ വീട്ടിലെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.