ചണ്ഡീഗഡ്: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്.
കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യം ഭരിച്ചിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത ബിജെപി സ്വന്തം പാപക്കറ മറച്ചുവയ്ക്കാന്‍ കോണ്‍ഗ്രസിനെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും പഴിചാരുകയാണെന്ന് മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.
'കോണ്‍ഗ്രസ് ഒരിക്കലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാജ്യത്തെ വിഭജിക്കുകയോ സത്യം മറച്ചുവെക്കുകയോ ചെയ്തിട്ടില്ല. പ്രധാനമന്ത്രി പദത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് എനിക്ക് തോന്നുന്നു. ചരിത്രത്തെ പഴിചാരി തെറ്റുകളെ വിലകുറച്ച് കാണുന്നതിന് പകരം പ്രധാനമന്ത്രി മാന്യത കാത്തുസൂക്ഷിക്കണം.
പത്ത് വര്‍ഷം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ എന്റെ പ്രവര്‍ത്തനത്തിലൂടെ സംസാരിച്ചു. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം നഷ്ടപ്പെടാന്‍ ഞാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. ഇന്ത്യയുടെ അഭിമാനത്തെ ഞാന്‍ ഒരിക്കലും തകര്‍ത്തിട്ടില്ല.' കോണ്‍ഗ്രസ് യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ മന്‍മോഹന്‍ സിങ് പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇപ്പോഴും ഇന്ത്യയിലെ ജനങ്ങള്‍ ഓര്‍മിക്കുന്നുണ്ടെന്നും എന്നാല്‍ ബിജെപി ഭരണത്തിന് കീഴില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആകുകയാണെന്ന് മന്‍മോഹന്‍ സിങ് ആരോപിച്ചു.
പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയെ അധിക്ഷേപിക്കാനായിരുന്നു പ്രധാനമന്ത്രിക്കും ബിജെപിക്കും കൂടുതല്‍ താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല നിലവിലെ പ്രശ്‌നങ്ങളെന്നും അതിര്‍ത്തിയില്‍ ചൈന ദിവസം തോറും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഒരു ദിവസം ആരോടും പറയാതെ ശത്രുരാജ്യത്തെ പ്രധാനമന്ത്രിയെ ചെന്ന് കെട്ടിപിടിച്ചാലോ വിളിക്കാത്ത വിരുന്ന് ഉണ്ണാന്‍ ചെന്നാലോ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും മന്‍മോഹന്‍ വ്യക്തമാക്കി.
2015 ല്‍ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ചെറുമകളുടെ വിവാഹത്തിന് നരേന്ദ്ര മോഡി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.