മൊഗാദിഷു : സൊമാലിയയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മധ്യ സൊമാലിയയിലെ ബെലെഡ്വെയ്ന്‍ നഗരത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തിങ്ങിനിറഞ്ഞ റസ്റ്റോറന്റില്‍ ആയിരുന്നു സംഭവം.പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നും 20 പേര്‍ക്ക് പരിക്കേറ്റെന്നും ബെലെഡ്വെയ്‌നിലെ പോലീസ് വക്താവ് ഡിനി റോബിള്‍ അഹമ്മദ് പറഞ്ഞു. സ്‌ഫോടനം 'വലിയ നാശനഷ്ടങ്ങള്‍' ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്തെ പ്രമുഖ റെസ്റ്റോറന്റ് ആയ ഹസ്സന്‍ ദിഫിലാണ് ആക്രമണം ഉണ്ടായത്.പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ ജില്ലാ സാമൂഹ്യകാര്യ ഡെപ്യൂട്ടി കമ്മീഷണറും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 25 നാണ് സൊമാലിയയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. ഇതിന്റെ ഭാഗമായാണ് നിരവധി പേര്‍ റസ്റ്റോറന്റില്‍ എത്തിയത്. സംഭവം നടക്കുമ്പോള്‍ 25 ഓളം പ്രാദേശിക നേതാക്കള്‍ റസ്റ്റോറന്റില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ആക്രമണം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഫഹദ് യാസിന്‍ പ്രദേശത്ത് എത്തി മടങ്ങിയിരുന്നു.ശരീരത്തില്‍ സ്ഫോടക വസ്തുക്കളുമായി റസ്റ്റോറന്റിനകത്തേക്ക് കടന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
സായുധ സംഘങ്ങളെ ഓണ്‍ലൈനില്‍ നിരീക്ഷിക്കുന്ന സൈറ്റ്ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം അല്‍-ഷബാബ് ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സര്‍ക്കാര്‍ ലക്ഷ്യങ്ങളെയും സാധാരണക്കാരെയും നിരന്തരം ആക്രമിക്കുന്ന സംഘം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കാനാണ് അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ ഷബാബ് ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.