ഇസ്ലാമാബാദ്: അഫ്ഗാനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ മുജാഹിദ്ദീനുകള്‍ക്ക് വിതരണം ചെയ്യാന്‍ സൗദി അറേബ്യയും യു.എസും ഉള്‍പ്പെടെ നല്‍കിയ ഫണ്ട് പാകിസ്താന്റെ മുന്‍ ഐഎസ്ഐ മേധാവി സ്വിസ് ബാങ്കിലെ രഹസ്യ അക്കൗണ്ടിലേക്ക് മാറ്റിയെന്നു റിപ്പോര്‍ട്ട്. മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ സിയാവുള്‍ ഹഖിന്റെ ഏറ്റവും അടുത്ത സഹായികളിലൊരാളും റഷ്യയെ ചെറുക്കുന്നതിന് മുജാഹിദീന്‍ ശൃംഖല സ്ഥാപിച്ചതിന്റെ പേരില്‍ ബഹുമതി നേടിയ പ്രമുഖനുമാണ് ഇങ്ങനെ കോടിക്കണക്കിനു ഡോളര്‍ മുക്കിയ അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍.
1988 ല്‍ ജനറല്‍ സിയ ഉള്‍ ഹഖ് കൊല്ലപ്പെട്ട വിമാന അപകടത്തിലാണ് അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാനും മരിച്ചത്. റഹ്‌മാന്‍ ഖാനു പുറമേ പാകിസ്താനിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത സര്‍ക്കാര്‍ പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്കും സ്വിസ് ബാങ്കില്‍ കളളപ്പണ നിക്ഷേപം ഉണ്ടായിരുന്നുവെന്ന രേഖകള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ക്രെഡിറ്റ് സൂയിസ് എന്ന ബാങ്കിംഗ് നിക്ഷേപ സ്ഥാപനത്തില്‍ നിന്ന് ചോര്‍ന്നു. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുളള മാദ്ധ്യമങ്ങളാണ് ഫണ്ട് തട്ടിപ്പു സംബന്ധിച്ച സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
1985 ല്‍ ജനറല്‍ അക്തറിന്റെ മക്കളുടെ പേരിലും സ്വിസ് ബാങ്കില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തിരുന്നു. ഇതിലെ നിക്ഷേപം 3.7 ബില്യന്‍ ഡോളറായി ഉയര്‍ന്നതായും രേഖകള്‍ പറയുന്നു. 1400 ഓളം പാക് പൗരന്‍മാരുടെ 600 ഓളം അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തുവന്നത്. 4.42 മില്യന്‍ സ്വിസ് ഫ്രാങ്ക്് ആണ് പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് പാകിസ്താനില്‍ നിന്നുളള അക്കൗണ്ട് ഉടമകള്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന തുക. ഔദ്യോഗിക ചുമതലകള്‍ വഹിച്ചിരുന്ന രാഷ്ട്രീയ നേതാക്കന്‍മാര്‍ സ്വിസ് ബാങ്കുകളിലെ അക്കൗണ്ട് വിവരം വെളിപ്പെടുത്താതെ മറച്ചുവെച്ചതായും പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രമുഖ സ്വിസ് ബാങ്കില്‍ നിന്ന് രഹസ്യ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ന്നതായി ഡോണ്‍ പത്രവും റിപ്പോര്‍ട്ട് ചെയ്തു.'സൂയിസ് സീക്രട്ട്സ്' എന്ന് വിളിക്കപ്പെടുന്ന ഈ വന്‍ശേഖരം ഒരു ജര്‍മ്മന്‍ പത്രത്തിന് ആദ്യം നല്‍കിയത് ഒരു വിസില്‍ബ്ലോവര്‍ ആയിരുന്നു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി എന്നിവയില്‍ കുപ്രസിദ്ധരായ ഇടപാടുകാരുടെ രഹസ്യ സമ്പത്ത് ഇതില്‍ തുറന്നുകാട്ടിയെന്നാണ്് അവകാശപ്പെടുന്നത്.
ലോകമെമ്പാടുമുള്ള പത്രപ്രവര്‍ത്തകരുടെ ഒരു ശൃംഖലയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് ഈ രേഖകള്‍ പ്രകാരം നടത്തിയ അന്വേഷണത്തില്‍ , 8 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള അക്കൗണ്ടുകള്‍ പ്രശ്നസാധ്യതയുള്ളതായി തിരിച്ചറിഞ്ഞു.കളങ്കിത പശ്ചാത്തലമുള്ള ഇടപാടുകാരെ നിരാകരിക്കുന്നതില്‍ ബാങ്ക് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നു.
2016 ല്‍ ചോര്‍ന്ന പനാമ പേപ്പേഴ്സിന്റെയും 2017 ലെ പാരഡൈസ് പേപ്പേഴ്സിന്റെയും കഴിഞ്ഞ വര്‍ഷത്തെ പന്‍ഡോര രേഖകളുടെയും തുടര്‍ച്ചയായിട്ടാണ് പുതിയ വിവരങ്ങളും പുറത്തുവരുന്നത്. ജോര്‍ദ്ദാനിലെ അബ്ദുളള രണ്ടാമന്‍ രാജാവിന്റെയും ഈജിപ്ഷ്യന്‍ ഏകാധിപതിയായിരുന്ന ഹോസ്നി മുബാറക്കിന്റെ രണ്ട് മക്കളുടെയും ഉള്‍പ്പെടെ പേരുകള്‍ ചോര്‍ന്ന വിവരങ്ങളില്‍ ഉണ്ട്.
1979 മുതല്‍ 87 വരെയാണ് ജനറല്‍ അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍ ഐഎസ്ഐയുടെ ഡയറക്ടര്‍ ജനറലായിരുന്നത്. 87 മുതല്‍ 88 വരെ പാക് സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനുമായിരുന്നു.ജനറല്‍ സിയ ഉള്‍ ഹഖിന്റെ വലംകൈയ്യായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ജനറല്‍ അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍. ജനറല്‍ സിയയുടെ 11 വര്‍ഷം നീണ്ട സൈനിക ഭരണത്തില്‍ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.
യുഎസ് ഉള്‍പ്പെടെയുളള പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് സിഐഎ വഴിയും മറ്റുമാണ് പണം പാകിസ്താനിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വാങ്ങിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക രഹസ്യ ഇടപാടായി നല്‍കുന്ന പണം അവസാനമായി എത്തിപ്പെട്ടത് പാക് ചാരസംഘടനയായ ഐഎസ്ഐയിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.