കിറ്റക്സ് ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കിറ്റക്സ് ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ 175 പേര്‍ക്കെതിരെ 524 പേജുള്ള കുറ്റപത്രമാണ് കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

അക്രമം നടന്ന് രണ്ട് മാസം തികയുന്നതിനു മുന്‍പാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളെല്ലാവരും ഇതര സംസ്ഥാനക്കാരാണ്. കിറ്റക്സിലെ ജീവനക്കാരും ജാര്‍ഖണ്ഡ്,അസം,യു പി,നാഗാലാന്‍റ് സ്വദേശികളുമായ 175 പേര്‍ക്കെതിരെയാണ് കുറ്റപത്രം.

നിയമ വിരുദ്ധമായി സംഘം ചേര്‍ന്ന് കലാപം സൃഷ്ടിക്കല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, എന്നീ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ക്രിസ്തുമസ് രാത്രിയിലാണ് കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാനക്കാരായ ജീവനക്കാര്‍ പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം തീവെച്ച്‌ നശിപ്പിക്കുകയും ചെയ്തത്.ഇവര്‍ താമസിച്ചിരുന്ന ക്യാമ്പില്‍ സംഘര്‍ഷമുണ്ടാവുകയും വിവരമറിഞ്ഞെത്തിയ പൊലീസിനുനേരെ അക്രമം വ്യാപിപ്പിക്കുകയായിരുന്നു.

അക്രമികള്‍ ഒരു പൊലീസ് ജിപ്പ് കത്തിക്കുകയും മറ്റ് രണ്ട് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. കുന്നത്തുനാട് സിഐ ഷാജന്‍ ഉള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്കാണ് അന്ന് അക്രമത്തില്‍ പരുക്കേറ്റത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാല്‍ നയിച്ച 19 അംഗ പ്രത്യേക സംഘമാണ് കേസന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.