തൃശൂര്‍: മലയാളത്തിന്റെ മഹാനടി കെപിഎസി ലളിത ഓര്‍മ്മയായി. വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടുവളപ്പില്‍ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മകന്‍ സിദ്ധാര്‍ഥ് ചിതയ്ക്ക് തീ കൊളുത്തി. ചലച്ചിത്ര, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പടെ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.
തൃപ്പൂണിത്തുറയിലെ ഫ്ളാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷം 11.30 ഓടെയാണ് കെ.പി.എ.സി ലളിതയുടെ മൃതദേഹം കൊച്ചിയില്‍നിന്ന് വടക്കാഞ്ചേരിയിലേക്കു കൊണ്ടുപോയത്.
സിനിമയിലെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുലര്‍ച്ചെ തന്നെ വീട്ടിലെത്തി. ക്യാമറയ്ക്കു പിന്നിലും മുന്നിലും ലളിത ഭാവങ്ങള്‍ അറിഞ്ഞവര്‍ അവസാനമായി കണ്ടു. അഭ്രപാളിയില്‍ അമ്മയായും ഭാര്യായായുമെല്ലാം ഒപ്പമഭിനയിച്ച കെ.പി.എ.സി ലളിതയുടെ ഓര്‍മകളുമായി മമ്മൂട്ടി പുലര്‍ച്ചെ തന്നെ വീട്ടിലെത്തി ലളിതയെ അവസാനമായി കണ്ടു. അല്‍പനേരം അടുത്തിരുന്നാണ് മടങ്ങിയത്. അഞ്ചു പതിറ്റാണ്ടിലെ അഭിനയ ജീവിതത്തില്‍ അറിഞ്ഞ പലരും പിന്നാലെയെത്തി.
കെ.പി.എ.സി ലളിതയെ സ്നേഹിച്ചവര്‍ തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തില്‍ വരി വരിയായി വന്നു കണ്ടു. വീട്ടിലെത്താന്‍ സാധിക്കാത്ത സിനിമാ പ്രവര്‍ത്തകരും ഓഡിറ്റോറിയത്തിലെത്തി. അമ്മ മല്ലികയ്ക്കൊപ്പമാണ് പൃഥ്വിരാജ് വന്നത്. ജയസൂര്യയും മനോജ് കെ.ജയനുമെല്ലാം പിന്നാലെ വന്നു. രാഷ്ട്രീയ മേഖലയിലുള്ളവരും ജനപ്രതിനിധികളുമെല്ലാം ഓഡിറ്റോറിയത്തിലെത്തി. പതിനൊന്നു മണിയോടെ മന്ത്രി സജി ചെറിയാന്‍ അതുല്യ നടിക്ക് അന്തിമോപചാരമര്‍പിച്ചു.
പിന്നാലെ മൃതദേഹം പ്രത്യേകം അലങ്കരിച്ച വാഹനത്തിലേക്കു കയറ്റി. തൃശൂരിലേക്കുള്ള യാത്ര തുടങ്ങി. സംഗീത നാടക അക്കാദമിയില്‍ അല്‍പനേരം പൊതുദര്‍ശനം. 5.45 ഓടെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു
നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവന്‍, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ് തുടങ്ങിയവര്‍ ഇന്നലെത്തന്നെ ഫ്ളാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. അഞ്ചുപതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്ന കെ.പി.എ.സി ലളിത ഇന്നലെ രാത്രി 10.20 നാണ് അന്തരിച്ചത്. തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈന്‍ അപ്പാര്‍ട്മെന്റ്സില്‍ മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്റെ ഫ്ളാറ്റിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു.
കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്.
അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.