റഷ്യ-ഉക്രെയ്ന്‍ യുദ്ധം; ഇരുഭാഗത്തും മരണം നൂറിലേറെ; കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും

റഷ്യ-ഉക്രെയ്ന്‍ യുദ്ധം; ഇരുഭാഗത്തും മരണം നൂറിലേറെ; കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും

കീവ്: റഷ്യന്‍ വ്യോമാക്രമണത്തില്‍ തിരിച്ചടിച്ചതായി ഉക്രെയ്ന്‍. റഷ്യയുടെ ആറു വിമാനങ്ങളും നാലു ടാങ്കറുകളും തകര്‍ത്തതായും അവകാശപ്പെട്ടു. 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഉക്രെയ്ന്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

കാര്‍കീവ് നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് ഉക്രെയ്‌ന്റെ പ്രത്യാക്രമണമുണ്ടായത്. ഇവിടെ പാതയോരത്തുണ്ടായിരുന്ന നാല് റഷ്യന്‍ ടാങ്കറുകള്‍ തകര്‍ത്തു. ലുഹാന്‍സ്‌ക് നഗരത്തിനടുത്ത് 50 റഷ്യന്‍ സൈനികരെ വധിച്ചുവെന്നും ആറാമത്തെ റഷ്യന്‍ യുദ്ധവിമാനം കൂടി തകര്‍ത്തിട്ടെന്നും ഉക്രെയ്ന്‍ വെളിപ്പെടുത്തി. ബോറിസ്പില്‍, ലേക്, കുല്‍ബാകിനോം, ചുഗ്വേവ്, ക്രമടോര്‍സ്‌ക് തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങളില്‍ റഷ്യ വ്യോമാക്രമണം നടത്തിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം, റഷ്യന്‍ ആക്രമണത്തില്‍ നാല്‍പതിലധികം ഉക്രെയ്ന്‍ സൈനികരും പത്തോളം പൗരന്മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാന്‍ പോകുന്നില്ലെന്നും ഉക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

റഷ്യന്‍ ആക്രമണത്തിനു പിന്നാലെ ഉക്രെയ്‌നില്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പട്ടാളനിയമം പ്രഖ്യാപിച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സെലന്‍സ്‌കി സൈനിക നിയമം പ്രഖ്യാപിച്ചത്. ഡോണ്‍ബാസ് മേഖലയില്‍ പ്രത്യേക സൈനിക ഓപറേഷന്‍ ആരംഭിച്ച വിവരവും വിഡിയോയില്‍ അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയിലെ റഷ്യന്‍ സൈനികരെയും സൈനികതാവളങ്ങളെയും ലക്ഷ്യമിട്ടാണ് ഉക്രെയ്‌ന്റെ പ്രത്യാക്രമണം. പൗരന്മാരോട് വീടുകളില്‍ തന്നെ കഴിയാനും ആവശ്യപ്പെട്ടു. അതേസമയം, ഭീതിപ്പെടേണ്ട ആവശ്യമില്ലെന്നും പ്രസിഡന്റ് അറിയിച്ചു.

തലസ്ഥാനമായ കീവിനു സമീപം വെടിവയ്പും സ്‌ഫോടനങ്ങളും തുടരുകയാണ്. കീവില്‍ നിന്ന് ജനം പാലായനം ചെയ്യുന്നു. ജനങ്ങളോട് ബങ്കറുകളില്‍ അഭയം തേടാന്‍ ഉക്രെയ്ന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കടകളിലും എ.ടി.എമ്മുകളിലും മരുന്നുകടകളിലും വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു.

റഷ്യന്‍ ദേശീയ ടെലിവിഷനിലൂടെ പുടിന്റെ പ്രഖ്യാപനം വന്നതിനൊപ്പം ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ഉള്‍പെടെ റഷ്യന്‍ ആക്രമണമുണ്ടായി. കിഴക്കന്‍ മേഖലയിലെ വിവിധ നഗരങ്ങളില്‍ കനത്ത ഷെല്ലാക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ ഉക്രെയ്ന്‍ നഗരങ്ങളായ ഒഡേസയിലും മാരിയോപോളിലും റഷ്യന്‍ സൈന്യമെത്തി. കിഴക്കന്‍ മേഖലയിലെ പ്രധാന തുറമുഖനഗരമായ ഒഡേസയില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായി. റഷ്യക്കൊപ്പം വിമതരും ഉക്രെയ്‌നെതിരെ നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലുഹാന്‍സ്‌ക് മേഖലയിലെ ഒരു പട്ടണം വിമതര്‍ പിടിച്ചെടുത്തു. രാജ്യത്തെ നഗരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൈറണുകള്‍ മുഴങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.