ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

കാന്‍ബറ: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതിനിടെയാണ് പ്രധാനമന്ത്രി രോഗബാധിതനായത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി സ്‌കോട്ട് മോറിസണ്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സിഡ്‌നിയിലെ വീട്ടില്‍ താന്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുണ്ടെന്നും സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഭാര്യ ജെന്നിയും മക്കളും നെഗറ്റീവാണെങ്കിലും സമ്പര്‍ക്ക പട്ടികയില്‍ വരുന്നതിനാല്‍ അവരും ക്വാറന്റീനിലാണ്. രോഗബാധിതനാണെങ്കിലും പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച വൈകുന്നേരം പനി ബാധിച്ചതിനെതുടര്‍ന്നാണ് പിസിആര്‍ പരിശോധന നടത്തിയത്. ഫലം പോസിറ്റീവായിരുന്നു.

സിഡ്നി ഓപ്പറ ഹൗസില്‍ ഉക്രെയ്‌നിയന്‍ സമൂഹത്തെ പിന്തുണയ്ക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും രോഗലക്ഷണങ്ങള്‍ കാരണം റദ്ദാക്കി.

ഞായറാഴ്ച മുതല്‍ എല്ലാ ദിവസവും താന്‍ കോവിഡ് പരിശോധന നടത്തിയിരുന്നതായി അദ്ദേഹം അറിയിച്ചു. എന്നാല്‍ ചൊവ്വാഴ്ച വരെയുള്ള പരിശോധനകളില്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചത്.

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലകളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തുകയും പസഫിക് രാജ്യമായ നൗറുവിലെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിനു പിന്നാലെയാണ് മോറിസണ്‍ കോവിഡ് ബാധിതനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.