ആശുപത്രിയിലെത്തുന്ന കുട്ടികൾക്കായി മുസഫയിൽ ഇനി പ്രത്യേക കളിക്കളവും

ആശുപത്രിയിലെത്തുന്ന കുട്ടികൾക്കായി മുസഫയിൽ ഇനി പ്രത്യേക കളിക്കളവും

കുരുന്നുകൾക്ക് വിനോദത്തിനായി മുസഫ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ കളിക്കളമൊരുക്കിയത് എൽഎൽഎച്ച് ആശുപത്രി.

മുസഫ: ആശുപത്രിയിൽ എത്തുന്ന കുട്ടികൾക്ക് ചികിത്സയ്‌ക്കൊപ്പം വിനോദത്തിനും വഴിയൊരുക്കി മുസഫയിലെ എൽഎൽഎച്ച് ആശുപത്രി. മുസഫ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും സൗകര്യവും മാനസിക ഉല്ലാസവും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് ആശുപത്രി തുടക്കമിട്ടത്. ആശുപത്രിയുടെ താഴത്തെ നിലയോട് ചേർന്ന് സജ്ജീകരിച്ച പ്രത്യേക മൈതാനം കുട്ടികൾക്കായി തുറന്നുകൊടുത്തു.

പുൽമൈതാനത്തിന്റെ മാതൃകയിൽ സജ്ജീകരിച്ചിരിക്കുന്ന കളിക്കളത്തിൽ ആശുപത്രിയിൽ എത്തുന്ന കുട്ടികൾക്കും സമീപവാസികൾക്കും ഒഴിവ് സമയം ചിലവഴിക്കാനായി എത്താം. കളിക്കുന്നതിനായി സ്ലൈഡും സ്വിങ്ങും സീസോയും റൈഡും അടക്കമുള്ള സൗകര്യങ്ങളാണുള്ളത്. ഇതോടൊപ്പം ഒറ്റയ്ക്കും കൂട്ടമായും കളിക്കാനുള്ള വിവിധ കളിക്കോപ്പുകളും.
കളിക്കളത്തോട് ചേർന്ന് ആശുപത്രിയുടെ താഴത്തെ നിലയിലേക്ക് ശിശുരോഗ വിഭാഗം മാറ്റുകയും ചെയ്തു. ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്ക് എന്നാണ് അത്യാധുനിക സൗകര്യങ്ങളോടെ വിപുലീകരിച്ച വിഭാഗത്തിന് നൽകിയിരിക്കുന്ന പേര്. കളിക്കളത്തോട് ചേർന്ന് പ്രത്യേക പ്രവേശന കവാടം ഒരുക്കിയതിനാൽ ശിശുരോഗ വിഭാഗത്തിലെത്തുന്നവർക്ക് ആശുപത്രിയുടെ പ്രധാന കവാടം ആശ്രയിക്കാതെ തന്നെ ചികിത്സ ലഭ്യമാക്കിയിറങ്ങാം.

മികച്ച ചികിത്സയ്‌ക്കൊപ്പം കുട്ടികളുടെ ഉല്ലാസവും, സുരക്ഷയും, സന്ദർശകരുടെ സംതൃപ്തിയും ഉറപ്പുവരുത്തുകയാണ് മുസഫ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയുള്ള ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് വിപിഎസ് ഹെൽത്ത്കെയർ റീജ്യണൽ സിഇഒ സഫീർ അഹമ്മദ് പറഞ്ഞു. മുസഫയിലും സമീപത്തുമുള്ള കുട്ടികൾ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലും മുസഫ മുനിസിപ്പാലിറ്റി സർവീസസ് & കമ്മ്യൂണിറ്റി ഹാപ്പിനസ് ഡയറക്ടർ ഈദ് അൽ മസ്‌റോയും കളിക്കളം കുട്ടികൾക്കായി തുറന്നുകൊടുത്തു. മുഖാദിം അഹമ്മദ് അൽ മരാർ (മുസഫ പോലീസ്), ഡോ. താക്കൂർ മൂൽചന്ദാനി (പ്രിൻസിപ്പാൾ സണ്റൈസ് സ്‌കൂൾ), പരംജിത് അലുവാലിയ (പ്രിൻസിപ്പാൾ, ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂൾ), സ്റ്റീഫൻ ബ്രെക്കൻ (പ്രിൻസിപ്പാൾ, കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്‌കൂൾ), ഫാദർ മാക്സിം കാർഡോസ് (സെൻറ് പോൾ ചർച്ച്), എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എല്ലാ ദിവസവും രാവിലെ 8 മണിമുതൽ രാത്രി 10 മണിവരെ കളിക്കളം കുട്ടികൾക്ക് ഉപയോഗിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.