ഓസ്‌ട്രേലിയയില്‍ ദുരിതപ്പെയ്ത്തായി മഴ; 12 മരണം; നഗരങ്ങള്‍ വെള്ളത്തിനടിയില്‍

ഓസ്‌ട്രേലിയയില്‍ ദുരിതപ്പെയ്ത്തായി മഴ; 12 മരണം; നഗരങ്ങള്‍ വെള്ളത്തിനടിയില്‍

സിഡ്‌നി: ഓസ്‌ട്രേലിയയുടെ രണ്ട് സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് മഴ തുടരുന്നു. കഴിഞ്ഞ ആഴ്ച അവസാനം മുതല്‍ നിര്‍ത്താതെ പെയ്യുന്ന പേമാരിയില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. നിരവധി പേരെ കാണാതായി.

ജനജീവിതത്തെ സാരമായി ബാധിച്ച പേമാരിയില്‍ നിരവധി നഗരങ്ങളും ആയിരത്തിലധികം വീടുകളും വെള്ളത്തിനടിയിലായി. നിരവധി പേരെ വീടുകളില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ചു. പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ നിലയിലാണ്. മരങ്ങള്‍ കടപുഴകി വീണതോടെ വൈദ്യുതി വിതരണം താറുമാറായി. ഗതാഗതവും തടസപ്പെട്ട നിലയിലാണ്. പ്രളയത്തില്‍ നിരവധി മൃഗങ്ങളും ചത്തു.


വെള്ളപ്പൊക്കമുണ്ടായ ബല്ലിനയില്‍ നിന്നുള്ള ദൃശ്യം

ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്ത് ആരംഭിച്ച പേമാരി അയല്‍സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പേമാരിയും കാറ്റും വെള്ളപ്പൊക്കവും സിഡ്‌നിയെയും ബാധിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച രാത്രിയാരംഭിച്ച മഴയെതുടര്‍ന്ന് സിഡ്‌നിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സിഡ്നിയിലെ പ്രധാന ജലസ്രോതസായ വാരഗംബ ഡാം തുറന്നു. ദിവസങ്ങളായി തുടരുന്ന മഴയില്‍ നീരൊഴുക്ക് ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സിലെ പല ഡാമുകളും സംഭരണ ശേഷിയോടടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നേപ്പിയന്‍, ഹോക്സ്ബറി നദികളില്‍ ജലനിരപ്പുയര്‍ത്തുന്നതിനാല്‍ സിഡ്നിയുടെ പടിഞ്ഞാറും വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലും വെള്ളപ്പൊക്കങ്ങള്‍ക്കിടയാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 90 കി.മി വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ന്യൂകാസില്‍, സിഡ്നി മെട്രോപൊളിറ്റന്‍ ഏരിയ, വോളോങ്കോങ്ങ്, ബ്ലൂ മൗണ്ടെന്‍സ് തുടങ്ങിയ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. സിഡ്‌നിയുടെ ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം 200 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് അപകടകരമായ മിന്നല്‍ പ്രളയത്തിലേക്കു നയിച്ചേക്കാം.


സിഡ്നിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കാന്‍ നിര്‍ദേശം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നു സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. മഴയില്‍ ഹോക്‌സ്ബറി നദി അതിവേഗം ഉയരുകയാണ്. ഇതിനകം ഈ മേഖലയില്‍ 10 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു.

നോര്‍ത്ത് റിച്ച്മണ്ടിലെ നദിയുടെ ജലനിരപ്പ് രാവിലെ ഒന്‍പതു മണിക്ക് 3.88 മീറ്ററും വൈകിട്ട് 3:45 ന് 6.72 മീറ്ററും ആയിരുന്നു. വെള്ളം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉയരുന്നതിനാല്‍ ബാഗുകള്‍ പായ്ക്ക് ചെയ്ത് എത്രയും വേഗം വീട് വിട്ട് സുരക്ഷിതസ്ഥാനത്തേക്കു മാറണമെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കം കൂടുതല്‍ അപകടകരമായ സാഹചര്യത്തിലെത്താമെന്നും പ്രളയം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും പ്രീമിയര്‍ മുന്നറിയിപ്പ് നല്‍കി. മരുന്നുകള്‍, പ്രധാനപ്പെട്ട രേഖകള്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍ എന്നിവയടങ്ങുന്ന കിറ്റ് തയ്യാറാക്കാനും പ്രീമിയര്‍ നിര്‍ദ്ദേശിച്ചു.

ലിസ്‌മോറില്‍ മരണം നാലായി

ന്യൂ സൗത്ത് വെയില്‍സിലെ ലിസ്‌മോറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ നാല് മരണങ്ങള്‍ സ്ഥിരീകരിച്ചു. വെള്ളത്തില്‍ മുങ്ങിയ അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് 70 വയസുള്ള നാലാമന്റെ മൃതദേഹം കണ്ടെത്തിയത്. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ലിസ്മോര്‍ മേഖലയിലുണ്ടായത്.

ബല്ലിന ഐലന്‍ഡ് നിവാസികളോട് പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ചൊവ്വാഴ്ച രാത്രിയോടെ ബല്ലിന ആശുപത്രി ഒഴിപ്പിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ആശുപത്രി ഒഴിപ്പിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ക്വീന്‍സ് ലാന്‍ഡ്

ക്വീന്‍സ് ലാന്‍ഡില്‍ ശക്തമായ കൊടുങ്കാറ്റിന് സാധ്യതയുള്ളതിനാല്‍, പ്രളയാവശിഷ്ടങ്ങള്‍ കാറ്റില്‍ അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഒരാഴ്ചയായി തുടര്‍ന്ന കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും താല്‍ക്കാലിക ശമനമായതോടെ പലയിടങ്ങളിലും ജനങ്ങള്‍ തിരിച്ചെത്തി തുടങ്ങി. പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം വെള്ളിയാഴ്ച വരെ പ്രദേശത്ത് കനത്ത മഴക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26