പുടിനോട് യുദ്ധം നിര്‍ത്താന്‍ കോടതിക്ക് പറയാനാകുമോ? ഉക്രെയ്നില്‍ കുടുങ്ങിയവരുടെ കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

പുടിനോട് യുദ്ധം നിര്‍ത്താന്‍ കോടതിക്ക് പറയാനാകുമോ? ഉക്രെയ്നില്‍ കുടുങ്ങിയവരുടെ കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ഇക്കാര്യത്തില്‍ കോടതിക്ക് എന്താണ് ചെയ്യാനാവുക. റഷ്യന്‍ പ്രസിഡന്റിനോടു യുദ്ധം നിര്‍ത്തിവയ്ക്കാന്‍ തനിക്ക് ആവശ്യപ്പെടാന്‍ കഴിയുമോയെന്നും ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹര്‍ജിയില്‍ പിന്നീടു വാദം കേള്‍ക്കും.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്തു ചെയ്യുകയാണെന്നു സമൂഹ മാധ്യമങ്ങളിലെ ചിലരുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടു. അവരെയോര്‍ത്തു സഹതപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ തണുത്തു വിറയ്ക്കുകയാണ്. അവരെ രക്ഷിച്ചേ മതിയാകൂ എന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ പ്രധാന ആവശ്യം. അവരെ രക്ഷിക്കേണ്ടത് ആരാണ്. സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

റൊമാനിയന്‍ അതിര്‍ത്തിക്കു സമീപം കുടങ്ങിക്കിടക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ചില മെഡിക്കല്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു സഹായം നല്‍കാന്‍ അറ്റോര്‍ണി ജനറലിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു. ഏത് സര്‍ക്കാരിനോട് സുരക്ഷാ ഉറപ്പാക്കണമെന്നാണ് കോടതി നിര്‍ദേശം നല്‍കേണ്ടതെന്ന് ജസ്റ്റിസ് എന്‍വി രമണ ആരാഞ്ഞു. വിദ്യാര്‍ത്ഥികളുടെ അവസ്ഥയില്‍ കോടതിക്ക് വിഷമം ഉണ്ടെന്നും ജസ്റ്റിസ് വ്യക്തമാക്കി.

ഓപ്പറേഷന്‍ ഗംഗ എന്നു പേരിട്ടിരിക്കുന്ന രക്ഷാ ദൗത്യത്തില്‍ ഇതുവരെ 3,726 ഇന്ത്യക്കാരെ നാട്ടില്‍ തിരികെയെത്തിച്ചെന്നു കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യാഴാഴ്ച അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.