കൊച്ചി: ലോകനിലവാരത്തിലുള്ള ബോട്ട് സര്‍വീസുമായി കൊച്ചി വാട്ടര്‍ മെട്രോ ഒരുങ്ങുന്നു. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ബോട്ടാണ് സര്‍വീസിനുള്ളത്. വാട്ടര്‍ മെട്രോയുടെ ആദ്യ ബോട്ടായ മുസിരിസ് കൊച്ചിയിലെ ജലപാതകളില്‍ പരീക്ഷണ സവാരി നടത്തി വരികയാണ് ഇപ്പോള്‍. 23 ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിന്നും പുറത്തേക്കെത്തുന്നത്. വാട്ടര്‍ മെട്രോ ബോട്ടില്‍ 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ഒരേസമയം യാത്ര ചെയ്യാന്‍ കഴിയും. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയുമുണ്ട്.
എട്ട് നോട്ട് (നോട്ടിക്കല്‍ മൈല്‍ പെര്‍ അവര്‍) ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനും കഴിയും. അതേസമയം, ഫ്ളോട്ടിംഗ് ജെട്ടികളായതിനാല്‍ ബോട്ടും ജെട്ടിയും എപ്പോഴും ഒരേനിരപ്പിലായിരിക്കും. അതിനാല്‍ ഏറ്റവും സുരക്ഷിതമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കയറുകയും ഇറങ്ങുകയും ചെയ്യാം. കായല്‍പരപ്പിലൂടെ വേഗത്തില്‍ പോകുമ്പോഴും പരമാവധി ഓളം ഉണ്ടാക്കുന്നത് കുറയ്ക്കുന്ന രീതിയിലാണ് ബോട്ടിന്റെ ഘടന.
76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ. വാട്ടര്‍മെട്രോ ടെര്‍മിനലുകളുടെയും ബോട്ടുകളുടെയും നിര്‍മാണം വളരെ വേഗം പുരോഗമിക്കുകയാണ്. 38 ടെര്‍മിനലുകളില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ടൂറിസം രംഗത്തിന് വലിയ മുതല്‍ക്കൂട്ടാകും പദ്ധതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.