യുദ്ധം അവസാനിപ്പിക്കാന്‍ വീണ്ടും ഇന്ത്യയുടെ സഹായം തേടി ഉക്രെയ്ന്‍; അഭ്യര്‍ത്ഥനയുമായി ലിത്വാനിയയും

  യുദ്ധം അവസാനിപ്പിക്കാന്‍ വീണ്ടും ഇന്ത്യയുടെ സഹായം തേടി ഉക്രെയ്ന്‍; അഭ്യര്‍ത്ഥനയുമായി ലിത്വാനിയയും


കീവ്/ന്യൂഡല്‍ഹി : റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ വീണ്ടും ഇന്ത്യയുടെ സഹായം തേടി ഉക്രെയ്ന്‍. ആക്രമണത്തില്‍ നിന്നും പിന്മാറാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെടണമെന്ന് ഉക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ അഭ്യര്‍ത്ഥിച്ചു.

ഉക്രെയ്നില്‍ റഷ്യ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനത്തിനിടെ ദിമിട്രോ കുലേബ വീണ്ടും ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട വിവരം അറിയിച്ചത്.ഉക്രെയ്നിന്റെ കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. യുദ്ധം തുടരുകയാണെങ്കില്‍ കൃഷി ചെയ്യാന്‍ സാധിക്കില്ല. റഷ്യയ്ക്കെതിരായ ചെറുത്തു നില്‍പ്പില്‍ ഇന്ത്യക്കാരുടെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിളിച്ചിരുന്നു. യുദ്ധം എല്ലാവരുടെയും താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് വ്ളാഡിമിര്‍ പുടിനെ അറിയിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഈ ലോകത്ത് യുദ്ധത്തില്‍ തത്പരനായ ഒരേയൊരാള്‍ പുടിന്‍ മാത്രമാണ്. റഷ്യന്‍ ജനത ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ദിമിട്രോ കുലേബ വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ എത്രയും വേഗം തയാറാകണമെന്ന് ലിത്വാനിയന്‍ അംബാസിഡര്‍ ജൂലിയസ് പ്രാണവിഷ്യൂസ് ഡല്‍ഹിയില്‍ അഭ്യര്‍ത്ഥിച്ചു. റഷ്യ ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ്. ഈ സാഹചര്യം തുടരാന്‍ കഴിയില്ല. വളരെ വലിയ പ്രതിസന്ധിയിലേക്ക് ലോകം നീങ്ങും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും ലിത്വാനിയന്‍ അംബാസിഡര്‍ പറഞ്ഞു. ഉക്രെയ്‌നില്‍ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കൂട്ടായ്മ സംഘടിപ്പിച്ചതിന്റെ ഭാഗമായായിരുന്നു അഭ്യര്‍ത്ഥന.

ഇതിനിടെ ഉക്രെയ്‌നില്‍ ഉള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം കേന്ദ്രം തുടരുകയാണ്. ഓപ്പറേഷന്‍ ഗംഗയിലൂടെ 2600 പേരെ കൂടി ഇന്ന് ഇന്ത്യയിലെത്തിക്കും. ഇതുവരെ 613500 പേരെയാണ് തിരികെയെത്തിച്ചത്. കേരളത്തിലേക്ക് മൂന്ന് പ്രത്യേക വിമാനങ്ങളുണ്ടാകും. പോളണ്ട് അതിര്‍ത്തിയില്‍ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത് കേന്ദ്രമന്ത്രി ജനറല്‍ വികെ സിംഗ് നേരിട്ടെത്തിയാണ്. രക്ഷാപ്രവര്‍ത്തനം വൈകാതെ പൂര്‍ത്തിയാക്കുമെന്നും, രണ്ടു ദിവസത്തിനകം നല്ല മാറ്റം ഉണ്ടാകുമെന്നും വികെ സിംഗ് പറഞ്ഞു.


യുദ്ധമുഖത്ത് പരിഭ്രാന്തി ഉണ്ടാവുക സ്വാഭാവികമാണ്. എല്ലാവരേയും സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ഉക്രെയ്‌നില്‍ നിന്ന് അഭയാര്‍ഥി പ്രവാഹം തുടരുകയാണ്. സമീപ രാജ്യങ്ങളിലേക്ക് എത്തിയവരുടെ എണ്ണം പതിനാല് ലക്ഷത്തോട്അ ടുത്തു. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, ക്യാമ്പുകളില്‍ മരുന്നെത്തിക്കുകയാണ് ലോകാരോഗ്യ സംഘടന.

ഇതിനിടെ, ഉക്രെയ്ന്‍ പ്രതിസന്ധിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ബ്രിട്ടന്‍ തയാറാകുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യൂറോപ്യന്‍ നേതാക്കളെ അടുത്തയാഴ്ച കാണും. റഷ്യക്കുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാക്കുന്ന ആറിന നടപടികള്‍ മുന്നോട്ടുവെക്കും എന്നാണ് സൂചന. പോളണ്ട്, ഉക്രെയ്‌ന് കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ നല്‍കും. സോവിയറ്റ് കാലത്തെ വിമാനങ്ങളാണ് നല്‍കുക. ഇവ ഉപയോഗിക്കാന്‍ ഉക്രെയ്ന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. അമേരിക്കന്‍ നിര്‍മിത പോര്‍ വിമാനങ്ങള്‍ ഉക്രെയ്‌ന്റെ പക്കല്‍ ഉണ്ടെങ്കിലും ഇവയില്‍ പരിശീലനം കിട്ടിയവര്‍ ഉക്രെയ്ന്‍ വ്യോമസേനയില്‍ കുറവാണ്.

അതേസമയം, ഉക്രെയ്ന്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ ആണ് പരിഹരിക്കേണ്ടത് എന്ന് ആവര്‍ത്തിച്ച് ചൈന രംഗത്തെത്തി .സംഘര്‍ഷം രൂക്ഷമാകുന്ന ഒരു നടപടിയോടും യോജിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കനെ അറിയിച്ചു.നാറ്റോ വികസനത്തില്‍ റഷ്യയുടെ ആശങ്ക പരിഗണിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ഉപരോധത്തിന്റെ ഭാഗമായി ലോകത്തെ പ്രധാന ബ്രാന്‍ഡുകളായ പ്യൂമയും അഡോബും റഷ്യയിലേക്കുള്ള കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്യൂമ റഷ്യയിലെ സ്റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചു.അഡോബ് റഷ്യയിലെ വില്‍പന നിര്‍ത്തി.ഐ ഫോണ്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന നീലക്കല്ലിന്റെ കയറ്റുമതി നിയന്ത്രിക്കാന്‍ റഷ്യന്‍വ്യവസായ മന്ത്രാലയവും തീരുമാനിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.