കര്‍ദ്ദിനാള്‍ അഗസ്റ്റിനോ കാച്ചവിലന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആഗോള സഭയും ഫ്രാന്‍സിസ് മാര്‍പാപ്പയും

 കര്‍ദ്ദിനാള്‍ അഗസ്റ്റിനോ കാച്ചവിലന് അന്ത്യാഞ്ജലി  അര്‍പ്പിച്ച് ആഗോള സഭയും ഫ്രാന്‍സിസ് മാര്‍പാപ്പയും

വത്തിക്കാന്‍ സിറ്റി:ഇന്ത്യയില്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്‍ പ്രതിനിധിയായി സേവനമനുഷ്ഠിച്ച കര്‍ദ്ദിനാള്‍ അഗസ്റ്റിനോ കാച്ചവിലന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. 'മാതൃകാപരമായ സമര്‍പ്പണത്തോടും സൂക്ഷ്മമായ ചിന്തയോടും കൂടി, സഭയുടെ നന്മയ്ക്കായി തനിക്ക് ലഭിച്ച നിരവധി കഴിവുകള്‍ ഉദാരമായി വിനിയോഗിച്ച ഈ സഹോദരനെ ഞാന്‍ അനുസ്മരിക്കുന്നു. '- അന്തരിച്ച കര്‍ദിനാളിന്റെ വിച്ചെന്‍സയില്‍ താമസിക്കുന്ന സഹോദരി അഞ്ഞെസെ കാച്ചവിലന് അയച്ച സന്ദേശത്തില്‍ മാര്‍പാപ്പ അറിയിച്ചു.

നമ്മുടെ സഹകരണത്തോടെ ദൈവം ലോകത്തെ രക്ഷിക്കുമെന്ന വിശ്വാസത്തില്‍ ഊന്നി പ്രവര്‍ത്തിച്ചയാളായിരുന്നു കര്‍ദ്ദിനാള്‍ കാച്ചവിലന്‍ എന്ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലര്‍പ്പിച്ച മൃതസംസ്‌കാര ദിവ്യബലിയില്‍ പ്രസംഗിക്കവേ സഹ ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ബത്തിസ്ത്താ റേ അനുസ്മരിച്ചു. ദൈവത്തോടും, സഭയോടും, പാപ്പായോടുമുള്ള സ്‌നേഹത്തിന്റെ ശക്തിയാലായിരുന്നു കര്‍ദ്ദിനാള്‍ കാച്ചവിലന്റെ ദീര്‍ഘമായ സഭാ ശുശ്രൂഷ സഫലമായത്.

ദീര്‍ഘനാള്‍ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രജ്ഞനായിരുന്ന കര്‍ദ്ദിനാള്‍ കാച്ചവിലന്‍ (94) വത്തിക്കാനിലെ വസതിയില്‍ വച്ചാണ് അന്തരിച്ചത്.റോമില്‍ സന്നിഹിതരായ നിരവധി കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും മൃതസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു. ദിവ്യബലിയുടെ അവസാനത്തില്‍ ഫ്രാന്‍സിസ് പാപ്പ അന്ത്യോപചാരം അര്‍പ്പിച്ചു. കര്‍ദ്ദിനാള്‍ കാച്ചവിലന്റെ മെത്രാഭിഷേകത്തിന്റെ മുദ്രാവാക്യം 'ദൈവത്തിന്റെ ശക്തിയില്‍ ' എന്നതായിരുന്നു എന്ന് ഓര്‍മ്മിപ്പിച്ച കര്‍ദിനാള്‍ റേ അപ്പോസ്തലനായ വിശുദ്ധ പത്രോസിന്റെ ഒരു ആവിഷ്‌കാരമാണതെന്നും തന്റെ ശുശ്രൂഷകരില്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ ശക്തിയാണെന്ന് കര്‍ദ്ദിനാള്‍ കാച്ചവിലന്‍ സ്ഥിരീകരിച്ചിരുന്നെന്നും വ്യക്തമാക്കി.

1926 ഓഗസ്റ്റ് 14-ന് വിചെന്‍സാ രൂപതയിലെ നോവാലെ ദി വല്‍ദാഞ്ഞോയിലാണ് കര്‍ദ്ദിനാള്‍ കാച്ചവിലന്‍ ജനിച്ചത്. ഒമ്പത് കുട്ടികളുള്ള ഒരു വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. 1949-ലെ പൗരോഹിത്യ സ്വീകരണം മുതല്‍ തന്റെ അവസാന ദൗത്യമായ വത്തിക്കാനിലെ പൈതൃകസ്വത്തുക്കളുടെ നിര്‍വ്വാഹക സംഘത്തിന്റെ അദ്ധ്യക്ഷനായി വരെയുള്ള സേവനകാലം സംഭവ ബഹുലമായിരുന്നു. 2002 ഒക്ടോബര്‍ 1-ന് സഭാ ചുമതലകളില്‍ നിന്ന് വിരമിച്ചു.കര്‍ദ്ദിനാള്‍ കാച്ചവിലന്റെ യഥാര്‍ത്ഥ ആത്മീയത, ചടുലമായ ബുദ്ധി, സന്തുലിതമായ ന്യായവിധി, അഗാധമായ കര്‍ത്തവ്യ ബോധം, ആദരവും സഹാനുഭൂതിയും നല്‍കുന്ന സൂക്ഷ്മമായ പെരുമാറ്റം എന്നിവയ്ക്ക് എല്ലായിടത്തും അഭിനന്ദനം ലഭിച്ചു എന്ന് കര്‍ദ്ദിനാള്‍ റേ അനുസ്മരിച്ചു.


'സെന്‍സൂസ് എക്‌ളേസിയ' (സഭയോടൊത്തുള്ള മനസ്സ്) ആയിരുന്നു അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രചോദനാത്മക തത്വം. ദൈവം സംരക്ഷിക്കും എന്ന ബോധ്യം അദ്ദേഹത്തിന്റെ ആത്മാവില്‍ രൂഢമൂലമായിരുന്നു. അത് വീട്ടില്‍ നിന്നാണ് പഠിച്ചതെന്നും പ്രത്യേകിച്ച് തന്റെ പിതാവായിരുന്നു പ്രചോദകനെന്നും ഏറ്റവും ബുദ്ധിമുട്ടുള്ളതും ഭാരമേറിയതുമായ സാഹചര്യങ്ങളില്‍ പോലും ദൈവിക സംരക്ഷണ ബോധം ശാന്തത നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നതായി കര്‍ദ്ദിനാള്‍ റേ ഓര്‍മ്മിച്ചു.ദൈവത്തിന്റെ കരുതലിന് സ്വയം വിട്ടുകൊടുത്തുകൊണ്ട് തന്റെ കഠിനാധ്വാനവും ത്യാഗവും ആവശ്യപ്പെട്ട സന്ദര്‍ഭങ്ങളില്‍ പോലും ശാന്തതയും ആന്തരിക സമാധാനവും കര്‍ദ്ദിനാള്‍ കാച്ചവിലന്‍ കണ്ടെത്തി.

കര്‍ദ്ദിനാള്‍ കാച്ചവിലന് പ്രായാധിക്യത്താല്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയിട്ടും അദ്ദേഹം പ്രാര്‍ത്ഥനയിലും വായനയിലും മുഴുകി സമയം ചെലവഴിച്ചിരുന്നതായി കര്‍ദ്ദിനാള്‍ റേ ഓര്‍മ്മിച്ചു.അന്ത്യം വരെ അദ്ദേഹത്തിന്റെ മനസ്സ് 'തികച്ചും തെളിച്ചമുള്ളത്' ആയിരുന്നു.സഭയെക്കുറിച്ച് വിവരങ്ങള്‍ തിരക്കിക്കൊണ്ടുമിരുന്നു.മരണത്തിന്റെ തലേദിവസം പോലും വിവരങ്ങള്‍ അറിയാനിഷ്ടപ്പെട്ടിരുന്ന അദ്ദേഹം പത്രങ്ങളും, ഓസര്‍വേറ്റോറെ റൊമാനോ, പ്രസ് ഓഫീസിന്റെ ബുള്ളറ്റിന്‍, സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ പത്ര അവലോകനം എന്നിവ വായിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.