കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അഭിനയിച്ച സിനിമ എന്ന നിലയിലാണ് ഭീഷ്മപര്‍വം കാണാന്‍ തീയേറ്ററിലേക്ക് പോയത്. ഒരുമാതിരി എല്ലാ റിവ്യൂകളും ചിത്രത്തെ വാനോളം പുകഴ്ത്തിയിരുന്നു. ക്രൈം ഡ്രാമ എന്ന നിലയില്‍ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്ക് ഉള്ള പോസ്റ്ററുകള്‍ ആകര്‍ഷകമായിരുന്നു. എന്നാല്‍ കണ്ട് തുടങ്ങിയപ്പോഴേ ക്രൈസ്തവ വിരുദ്ധതയുടെ നിഴലാട്ടം തെളിഞ്ഞു വന്നു.
നീരദ് അമലിന്റെ സിനിമകളില്‍ പലപ്പോഴും ക്രൈസ്തവ സമുദായത്തെ ഇകഴ്ത്തി കാണിക്കാനുള്ള ഒരു ത്വര ഉള്ളത് ശ്രദ്ധിച്ചിരുന്നു. പക്ഷെ അതൊക്കെ ഏതോ അജണ്ടയുടെ ഭാഗമാണ് എന്ന് വിശ്വസിക്കാന്‍ ഇപ്പോള്‍ ഞാനും നിര്‍ബന്ധിതനാകുന്നു. ക്രൈസ്തവരെ അവഹേളിക്കുന്ന സിനിമകള്‍ നിര്‍മിച്ചാല്‍ മാത്രമേ സിനിമ വ്യവസായത്തില്‍ രക്ഷപ്പെടൂ എന്നാണ് സിനിമാക്കാര്‍ കരുതുന്നത്. കാരണം ക്രിസ്ത്യാനിയെയോ അവന്റെ വിശ്വാസത്തെയോ കുത്തി നോവിച്ചാലും മിണ്ടാതെ പോയി അവന്‍ സിനിമ കാണും. എന്നാല്‍ മറ്റ് സമുദായത്തെയോ അവരുടെ വിശ്വാസത്തെയോ മുറിവേല്‍പ്പിക്കുന്ന സിനിമ ഇറങ്ങിയാല്‍ അവര്‍ അത് പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ കത്തിച്ചിരിക്കും.
ഇനി ഭീഷ്മപര്‍വ്വതത്തിലേക്ക് തന്നെ മടങ്ങി വരാം. തോമാശ്ലീഹാ മാമ്മോദീസ മുക്കിയ ബ്രാഹ്മണര്‍ക്ക് ചാട്ടവാര്‍ മതിയാകാതെ വരത്തക്ക രീതിയില്‍ അവര്‍ ഏറ്റവും അധപതിച്ചവരാണോ എന്ന് തീയറ്ററില്‍ നിന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ആ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വില്ലന്‍ ഒരു കത്തോലിക്കാ പുരോഹിതനാണ്. പള്ളിമുതല്‍ കട്ട് ജീവിക്കുന്ന, പരസ്ത്രീ ബന്ധമുള്ള, അവസാനം അവിഹിത ഭാര്യയും സന്താനവും കേസ് കൊടുത്ത് ജയിലില്‍ ഇടുന്ന ക്രൈസ്തവ പുരോഹിതന്‍. ഈ സിനിമ കാശ് കൊടുത്ത് കണ്ട എന്റെ പമ്പര വിഢിത്തത്തിന് വിശുദ്ധരായ വൈദികരോട് ഞാൻ മാപ്പ് ചോദിക്കുന്നു.
1980-90 ,1990-2000, 2000ത്തിന്റെ ആദ്യ പകുതി കാലഘട്ടത്തില്‍ സിനിമകളില്‍ വൈദികര്‍, ക്രൈസ്തവ സന്യസ്ഥര്‍ തുടങ്ങിയവര്‍ എത്രയോ പോസിറ്റീവ് കഥാപാത്രങ്ങളായി ആവിഷ്‌ക്കരിക്കപ്പെട്ടു. മൃഗയ, കാതോട് കാതോരം, ആകാശദൂത്, പ്രിയം, അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു തുടങ്ങി ഒട്ടനവധി സിനിമകളില്‍ ക്രൈസ്തവീകത എന്നത് വൈദിക -സന്യസ്ഥ കഥാപാത്രങ്ങളിലൂടെ മനോഹരമായി അവതരിപ്പിക്കപ്പെട്ടിരുന്നു.
ഈ സിനിമയിലെ കത്തോലിക്കാ പുരോഹിതന്‍ മാത്രമല്ല മോശക്കാരന്‍, അതില്‍ ഒരു രാഷ്ട്രീയ നേതാവുണ്ട്. അയാള്‍ മഹാ അഴിമതിക്കാരനും മോശക്കാരനും. ഇതില്‍ അവതരിപ്പിക്കുന്ന അതിപുരാതന കത്തോലിക്കാ കുടുംബത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിള്‍ എന്ന കഥാപാത്രം ഒഴികെ ബാക്കി എല്ലാ കഥാപാത്രങ്ങളും മോശക്കാര്‍, കുടിയന്മാര്‍, ധൂര്‍ത്തന്മാര്‍, കഴിവില്ലാത്തവര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, സ്വവര്‍ഗാനുരാഗികള്‍, പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാന്‍ മടിയില്ലാത്തവര്‍ .........എന്നാല്‍ ആ കുടുംബത്തോട് ബന്ധപ്പെട്ട മുസ്ലീം കുടുംബം ഏറ്റവും മാതൃകാപരമായി ജീവിക്കുന്നവര്‍. സിനിമ കാണുന്ന ആര്‍ക്കും ഇതിലെ വര്‍ഗീയ വിവേചനം കൃത്യമായി മനസിലാകും.
കേരളത്തില്‍ നിലനില്‍ക്കുന്ന ഈ സവിശേഷ സാഹചര്യം മൂലം, ആവശ്യത്തിന് ക്രിസ്ത്യന്‍ വിരുദ്ധത ഉണ്ടെങ്കില്‍ ഏതു കൂതറ പടവും സൂപ്പര്‍ ഹിറ്റോ അല്ലെങ്കില്‍ ക്ലാസിക്കോ ആകും എന്ന സ്ഥിതി വിശേഷത്തില്‍ എത്തി നില്‍ക്കുകയാണ്. ക്രൈസ്തവ സമുദായത്തെ മൊത്തത്തില്‍ കോമാളി വല്‍ക്കരിച്ചു കാണിക്കുന്ന 'ആമേന്‍', ക്രിസ്ത്യാനികള്‍ കള്ളു കച്ചവടക്കാരാണെന്നും മെത്രാന്മാര്‍ അന്യന്‍ വിയര്‍ക്കുന്ന കാശുകൊണ്ട് അപ്പം ഭക്ഷിച്ച് ആഡംബര ജീവിതം ജീവിക്കുന്ന, 'ഇര്‍റെവറന്‍സ്' അര്‍ഹിക്കുന്നവരാണെന്നു സ്ഥാപിക്കുന്ന 'ലേലം', ക്രൈസ്തവ പുരോഹിതന്മാരെ മോശമായി ചിത്രീകരിക്കുന്ന 'റോമന്‍സ്', കാര്യസാധ്യത്തിനു വേണ്ടി ആരുടെ കൂടെയും കിടക്കാന്‍ തയ്യാറാകുന്ന കന്യാസ്ത്രീയെ ചിത്രീകരിക്കുന്ന 'റെഡ് ചില്ലീസ്', യേശു ക്രിസ്തുവിന്റെ രൂപ സാദൃശ്യമുള്ള വില്ലനെ അവതരിപ്പിക്കുന്ന 'ബിഗ് ബി', ബൈബിള്‍ വചനങ്ങള്‍ ഉറക്കെ ഉച്ചരിച്ചു കൊണ്ട് ക്രൂരതകളും കൊലപാതകങ്ങളും ചെയ്യുന്ന വില്ലനെ പരിചയപ്പെടുത്തുന്ന 'ബഡാ ദോസ്ത്', 'ഇയ്യോബിന്റെ പുസ്തകം' ഇങ്ങനെ എത്രയെത്ര ചിത്രങ്ങളാണ് ക്രിസ്ത്യന്‍ വിരുദ്ധതയുടെ ചിറകിലേറി അഭ്രപാളിയിലെത്തിയിട്ടുള്ളത്.
ആ ലിസ്റ്റില്‍അവസാനത്തേതാകട്ടെ 'ഭീഷ്മപര്‍വ്വം'.....
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.