ഗോവയില്‍ ബിജെപിയെ വീഴ്ത്താന്‍ പ്ലാന്‍ ബിയുമായി കോണ്‍ഗ്രസ്; ലക്ഷ്യം ആംആദ്മി, തൃണമൂല്‍ പിന്തുണ

ഗോവയില്‍ ബിജെപിയെ വീഴ്ത്താന്‍ പ്ലാന്‍ ബിയുമായി കോണ്‍ഗ്രസ്; ലക്ഷ്യം ആംആദ്മി, തൃണമൂല്‍ പിന്തുണ

പനാജി: നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കേ ഗോവയില്‍ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. തൂക്കുസഭ വരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കങ്ങള്‍. ബിജെപിയെ അധികാരത്തില്‍ വരുന്നത് തടയാനുള്ള നീക്കങ്ങള്‍ക്ക് അവര്‍ രൂപംകൊടുത്തു കഴിഞ്ഞു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വന്നാല്‍ ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഇതിനായി മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

2017ലെ തെരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. എന്നാല്‍ കേവലഭൂരിപക്ഷം നേടാന്‍ സാധിക്കാത്തതിനാല്‍ ബിജെപി അധികാരത്തിലെത്തി. ഇത്തവണയും സമാനസാഹചര്യമുണ്ടായാലും ബിജെപി അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തൃണമൂല്‍, ആം ആദ്മി പാര്‍ട്ടി നേതാക്കളെ താന്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഗോവയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും പി. ചിദംബരം വ്യക്തമാക്കി.

ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായ പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഗോവയില്‍ ഒരുമിച്ച് പ്രചാരണം നടത്തുന്നതു സംബന്ധിച്ച് ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അടക്കം പുറത്തു വരുമ്പോഴാണ് പാര്‍ട്ടികളുടെ പുതിയ നീക്കം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഫലം വരുന്നതിനു മുന്‍പേ റിസോര്‍ട്ടുകളിലേക്ക് മാറ്റാനും പാര്‍ട്ടി നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.