സ്വര്‍ഗീയ സൈന്യങ്ങള്‍ ഉക്രെയ്‌നു വേണ്ടി യുദ്ധം ചെയ്യുന്നതായി ഗ്രീക്ക് കത്തോലിക്ക സഭാതലവന്‍

സ്വര്‍ഗീയ സൈന്യങ്ങള്‍ ഉക്രെയ്‌നു വേണ്ടി യുദ്ധം ചെയ്യുന്നതായി ഗ്രീക്ക് കത്തോലിക്ക സഭാതലവന്‍

'മുഖ്യദൂതനായ വിശുദ്ധ മിഖായേലേ... സ്വര്‍ഗീയ സൈന്യങ്ങളേ... ഉക്രെയ്‌നു വേണ്ടി യുദ്ധം ചെയ്യണമേ. ഞങ്ങളെ ആക്രമിക്കുകയും കൊല്ലുകയും മരണവും നാശവും വരുത്തിവയ്ക്കുന്ന സാത്താനെ പുറത്താക്കണമേ...'

ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്ക സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സിയാറ്റോസ്ലാവ് ചെവ്ചുക് നടത്തിയ ഈ പ്രാര്‍ഥന ഒരു തരംഗമായി ഉക്രെയ്ന്‍ മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ നാലിന് ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് വിശുദ്ധ മിഖായേലിന്റെയും സ്വര്‍ഗീയ സൈന്യങ്ങളുടെയും സംരക്ഷണം തേടി മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രാര്‍ഥിച്ചതും വിശ്വാസ സമൂഹത്തോട് ഈ പ്രാര്‍ഥന ഏറ്റെടുക്കാനും അഭ്യര്‍ഥിച്ചത്.

ദൈവത്തിനെതിരേ നിലകൊണ്ട ലൂസിഫറിനെയും അനുസരണയില്ലാത്ത മാലാഖമാരെയും സ്വര്‍ഗത്തില്‍നിന്നു പുറത്താക്കിയ വിശുദ്ധ മിഖായേല്‍ മാലാഖയും സ്വര്‍ഗീയ സൈന്യങ്ങളും തങ്ങളുടെ നഗരത്തെ ശത്രുകരങ്ങളില്‍നിന്നും സംരക്ഷിക്കാന്‍ യുദ്ധം ചെയ്യുന്നതായി തങ്ങള്‍ മനസിലാക്കുന്നതായി ആര്‍ച്ച് ബിഷപ്പ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഉക്രെയ്‌ന്റെ ആകാശത്ത് തിളങ്ങുന്ന അനേകം മാലാഖമാരുടെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശിക്കാനിടയായതായി നിരവധി പേര്‍ തന്നെ വിളിച്ചു പറഞ്ഞതായും മേജര്‍ ആര്‍ച്ച് ബിഷപ്പ് സിയാറ്റോസ്ലാവ് ചെവ്ചുക് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

യേശുക്രിസ്തുവിന് മഹത്വം എന്നു പറഞ്ഞുതുടങ്ങുന്ന വീഡിയോ സന്ദേശത്തില്‍, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ഥിക്കുന്നു.



മാര്‍ച്ച് നാലിനു ശേഷം ഉക്രെയ്ന്‍ സൈന്യത്തിന്റെ ആത്മവീര്യം വര്‍ധിക്കാനിടയായതും റഷ്യന്‍ സൈന്യത്തിന് അപ്രതീക്ഷിതമായി തിരിച്ചടി നേരിട്ടതും ചൂണ്ടിക്കാട്ടി സമൂഹ മാധ്യങ്ങളില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

കീവ് നഗരത്തിന്റെ സംരക്ഷകനായാണ് ഉക്രെയ്ന്‍ ജനത വിശുദ്ധ മിഖായേലിനെ കാണുന്നത്. നഗരത്തിന്റെ മധ്യത്തിലായി വിശുദ്ധ മിഖായേലിന്റെ സ്വര്‍ണത്തിലും ഓടിലും നിര്‍മിച്ച ശില്‍പമുണ്ട്. കീവിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറിന്റെ കവാടത്തില്‍ 2002-ലാണ് ഈ രൂപം സ്ഥാപിച്ചത്. ഉക്രെയ്ന്‍ തലസ്ഥാന നഗരത്തിന്റെ ഔദ്യോഗിക മുദ്രയിലും വിശുദ്ധ മിഖായേലിന്റെ ചിത്രമുണ്ട്.


കീവ് നഗരത്തിന്റെ മധ്യത്തില്‍ ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറിന്റെ കവാടത്തിലുള്ള വിശുദ്ധ മിഖായേലിന്റെ ശില്‍പം.

16-ാം നൂറ്റാണ്ട് മുതല്‍ കീവ് നഗരത്തിന്റെ ഔദ്യോഗിക മുദ്രയില്‍ വിശുദ്ധ മിഖായേലിന്റെ ചിത്രം സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ 1969-ല്‍ സോവിയറ്റ് യൂണിയന്‍ അധികാരികള്‍ വിശുദ്ധ മിഖായേലിനെ മുദ്രയില്‍നിന്നും ഒഴിവാക്കി പകരം ചെസ്റ്റ്‌നട്ട് ഇലകള്‍ വയ്ക്കുകയുണ്ടായി. ഉക്രെയ്ന്‍ സ്വതന്ത്രമായതിനു ശേഷം 1995-ലാണ് കീവ് നഗരത്തിന്റെ മുദ്രയില്‍ വീണ്ടും വിശുദ്ധ മിഖായേലിന്റെ ചിത്രം ഇടംപിടിക്കുന്നത്.

കീവിലെ പ്രമുഖ ആകര്‍ഷണങ്ങളിലൊന്നാണ് സ്വര്‍ണ താഴികക്കുടങ്ങളുള്ള വിശുദ്ധ മിഖായേലിന്റെ ആശ്രമം (Golden domed monastery of St. Michael). സോവിയറ്റ് യൂണിയന്‍ ഭരണകാലത്ത് നശിപ്പിക്കപ്പെട്ട ഈ ആശ്രമവും ഉക്രെയ്‌ന് സ്വാതന്ത്ര്യം ലഭിച്ചശേഷമാണ് പുനഃരുദ്ധരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.